യുദ്ധം ഭാരമായി, ജനങ്ങൾ ട്രംപിനെ കൈവിട്ടു

 
file image
Editorial

യുദ്ധം ഭാരമായി, ജനങ്ങൾ ട്രംപിനെ കൈവിട്ടു

435 അംഗ യുഎസ് ജനപ്രതിനിധി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 240 സീറ്റുകളും ഡെമൊക്രറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്

Reena Varghese

ഇടക്കാല തെരഞ്ഞെടുപ്പിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു ജനങ്ങൾ നൽകിയ കടുത്ത ശിക്ഷയുടെ പ്രതിഫലനം യുഎസിൽ മാത്രമല്ല ആ രാജ്യത്തിനു പുറത്തും ഉണ്ടാകും. അമെരിക്കൻ കോൺഗ്രസിന്‍റെ നിയന്ത്രണം പിടിച്ച ഡെമൊക്രറ്റുകൾ ട്രംപിനു തലവേദനയുണ്ടാക്കുമെന്ന് ഉറപ്പാണ്. വീറ്റോ അടക്കമുള്ള എക്സിക്യൂട്ടിവ് അധികാരങ്ങൾ ഉപയോഗിച്ച് ഇനിയുള്ള രണ്ടുവർഷക്കാലവും പ്രസിഡന്‍റിനു പിടിച്ചുനിൽക്കാമെങ്കിലും പാർലമെന്‍റിൽ ഭൂരിപക്ഷമില്ലാത്തതിന്‍റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പു ഫലങ്ങൾ വന്നതോടെ യുഎസ് കോൺഗ്രസിന്‍റെ (പാർലമെന്‍റ്) രണ്ടു സഭകളിലും ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാണ്. റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങൾ ഡെമൊക്രറ്റുകളെ പിന്തുണയ്ക്കുന്ന കാഴ്ചയാണു കണ്ടത്. ട്രംപിനോടു ജനങ്ങൾക്കു വിരോധമാണെന്നും അമെരിക്ക മുഴുവൻ മാറ്റം ആഗ്രഹിക്കുന്നു എന്നുമാണു തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നു പറയുന്ന രാഷ്‌ട്രീയ നിരീക്ഷകരുണ്ട്.

435 അംഗ യുഎസ് ജനപ്രതിനിധി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 240 സീറ്റുകളും ഡെമൊക്രറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു നേരിയ ഭൂരിപക്ഷമുണ്ടായിരുന്നതാണ്. ഉപരിസഭയായ സെനറ്റിൽ 100 സീറ്റാണുള്ളത്. അതിൽ 35 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. അതോടെ മൊത്തം അമ്പതിലേറെ സീറ്റുകൾ ഡെമൊക്രറ്റുകൾ ഉറപ്പാക്കിക്കഴിഞ്ഞു. 53-47 എന്ന നിലയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുണ്ടായിരുന്ന ഉപരിസഭയിലും ഇനി ട്രംപിനു രക്ഷയില്ല എന്നു സാരം. ഗവർണർ തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്കു കനത്ത തിരിച്ചടിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ നിരവധി പ്രമുഖർക്കു തോൽവി നേരിടേണ്ടിവന്നു. ഇറാനെതിരായ യുദ്ധം, വിലക്കയറ്റം, അഴിമതി ആശങ്കകൾ എന്നിങ്ങനെ ട്രംപിനു തിരിച്ചടിയായ ഘടകങ്ങൾ പലതുണ്ട്. ഇറാനുമായുള്ള യുദ്ധം അമെരിക്കയ്ക്ക് ഒട്ടും ഗുണകരമല്ല എന്ന നിലപാടാണു ജനങ്ങൾ പൊതുവേ സ്വീകരിച്ചത് എന്നുവേണം കരുതാൻ. ഇറാൻ യുദ്ധം മൂലമുണ്ടായ ഇന്ധന വില വർധനയും അതുവഴിയുണ്ടായ ജീവിതച്ചെലവിലെ വർധനയും അമെരിക്കക്കാർക്കു വലിയ ഭാരമായി മാറുകയായിരുന്നു. ട്രംപിന്‍റെ തോൽവി ഇറാൻ ആഘോഷമായി കൊണ്ടാടുകയാണ് എന്നതും ഇതിനോടൊപ്പം പറയേണ്ടതുണ്ട്.

രണ്ടുവർഷം മുൻപ് ട്രംപ് ഗംഭീര വിജയം നേടിയ മേഖലകളിൽ ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടി തകർന്നടിയുകയായിരുന്നു. പ്രസിഡന്‍റിന്‍റെ രാഷ്‌ട്രീയ നിലപാടുകൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്രംപ് മുൻഗണന നൽകുന്ന ബില്ലുകൾ പാർലമെന്‍റിൽ പാസാക്കിയെടുക്കുന്നത് ഇനി എളുപ്പമാവില്ല. അതേസമയം, ഡെമൊക്രറ്റുകളുമായി ചേർന്നു പ്രവർത്തിക്കുമെന്നു പറയുന്ന ട്രംപ് ഡെമൊക്രറ്റുകൾ കൊണ്ടുവരുന്ന നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും പറയുന്നുണ്ട്. പരസ്പരം ഉടക്കാണു സംഭവിക്കുന്നതെങ്കിൽ കടുത്ത അനിശ്ചിതത്വം വരുംനാളുകളിൽ ഉണ്ടായേക്കാം. അഴിമതി ആരോപണങ്ങൾ അടക്കം വിഷയങ്ങളിൽ പാർലമെന്‍റിന്‍റെ അന്വേഷണങ്ങളും ഭരണകൂടത്തിനു നേരിടേണ്ടിവരും. ബജറ്റ് പാസാക്കുന്നതു തന്നെ ഭരണകൂടത്തിനു വലിയ രാഷ്‌ട്രീയ പരീക്ഷണമാവും. ഡെമൊക്രറ്റുകളുമായി ട്രംപിനു വിലപേശൽ ചർച്ചകൾ നടത്തേണ്ടിവരും. ട്രംപിന്‍റെ നയങ്ങൾക്കെതിരേ കോൺഗ്രസ് രംഗത്തുവരാനിടയുണ്ട്. ഫെഡറൽ ജഡ്ജിമാരടക്കം സെനറ്റിന്‍റെ അംഗീകാരം ആവശ്യമായ നിയമനങ്ങളിൽ പ്രതിസന്ധിയുണ്ടാവാം. വ്യക്തിപരമായി ട്രംപിനു പാർട്ടിയിലെ സ്വാധീനം കുറയുന്നതിനും ഈ പരാജയം കാരണമായേക്കും. ഡെമൊക്രറ്റുകളുടെ ശക്തമായ തിരിച്ചുവരവ് 2028ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആവേശകരമാക്കാനും സഹായിക്കും.

ഇന്ത്യയടക്കം രാജ്യങ്ങളുമായുള്ള അമെരിക്കയുടെ ബന്ധത്തെയും ഡെമൊക്രറ്റുകളുടെ വിജയം സ്വാധീനിക്കാം. വ്യാപാരം, തീരുവ, കുടിയേറ്റം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന തീരുവകള്‍, വൈദഗ്ധ്യം ആര്‍ജിച്ച തൊഴിലാളികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍, പ്രതിരോധ-സാങ്കേതിക പങ്കാളിത്തങ്ങള്‍ തുടങ്ങി ഉഭയകക്ഷി ബന്ധത്തിലെ പല തര്‍ക്കവിഷയങ്ങള്‍ക്കു മേലും ഇതു സ്വാധീനം ചെലുത്താം. നയതന്ത്ര ആയുധമെന്ന നിലയില്‍ ട്രംപ് തീരുവകളെ ഉപയോഗിക്കുന്നത് ഡെമൊക്രറ്റുകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാൻ സാധ്യതയുണ്ട്. വ്യാപാരം, വിദേശനയം തുടങ്ങിയ കാര്യങ്ങളില്‍ പ്രസിഡന്‍റിന് ഇപ്പോഴും ഗണ്യമായ എക്‌സിക്യൂട്ടിവ് അധികാരങ്ങളുണ്ട് എന്നതിലാവും ട്രംപിന്‍റെ പ്രതീക്ഷ.

ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നാണ് യുഎസുമായുള്ള വ്യാപാരം. ട്രംപിന്‍റെ തീരുവ നയം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഡെമൊക്രറ്റുകള്‍ യുഎസ് കോണ്‍ഗ്രസില്‍ ആധിപത്യം നേടിയതിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വ്യാപാര മേഖലയില്‍ ആശ്വാസം ലഭിക്കുമെന്നാണു പ്രതീക്ഷ. ട്രംപിന്‍റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളിൽ യുഎസ് കോൺഗ്രസിന് അനുകൂല നിലപാട് ഉണ്ടാവണമെന്നില്ല. ഇന്ത്യന്‍ പ്രൊഫഷണലുകൾ ഡെമൊക്രറ്റുകളുടെ നിലപാട് ഉറ്റുനോക്കുകയാണ്. എച്ച്-1ബി വിസകൾക്ക് ട്രംപ് ഭരണകൂടം നിർദേശിച്ച കനത്ത ഫീസ് ഇന്ത്യൻ ഐടി ജീവനക്കാരെയും കമ്പനികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഫീസിനെതിരേ യുഎസിൽ ശക്തമായ നിയമപോരാട്ടം നടക്കുകയാണ്. കോൺഗ്രസിൽ തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച്, ഡെമൊക്രറ്റുകള്‍ക്ക് ഈ വിഷയത്തില്‍ എന്തു ചെയ്യാനാകുമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.