വ്യവസായ സൗഹൃദ അന്തരീക്ഷം വേണം

 

പ്രതീകാത്മക ചിത്രം- എഐ

Editorial

വ്യവസായ സൗഹൃദ അന്തരീക്ഷം വേണം

ജിഎസ്ഡിപിയിൽ വ്യവസായ മേഖലയുടെ പങ്കു വർധിപ്പിക്കുക എന്നതു നമ്മുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതുമാണ്

MV Desk

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും രാജ്യത്തിനു മാതൃകയാണു കേരളം. എന്നാൽ, വ്യവസായ രംഗത്തെ പിന്നാക്കാവസ്ഥ സംസ്ഥാനത്തിന് ഒരു പ്രശ്നമായി തന്നെ നിലനിൽക്കുന്നു. വ്യവസായ മേഖലയുടെ മന്ദഗതിയിലുള്ള വളർച്ച എത്രയോ കാലമായി നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതാണ്. സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വലിയൊരു പങ്ക് സേവന മേഖലയിൽ നിന്നാണ്. ജിഎസ്ഡിപിയിൽ വ്യവസായ മേഖലയുടെ പങ്കു വർധിപ്പിക്കുക എന്നതു നമ്മുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതുമാണ്. ‌ഭൂമിയുടെ ദൗർലഭ്യം, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതി പ്രാധാന്യം തുടങ്ങി വ്യവസായ മേഖലയുടെ വളർച്ചയ്ക്കു തടസമായി നിൽക്കുന്ന ഘടകങ്ങൾ പലതുണ്ട്. വ്യവസായ വികസനത്തിനു സഹായിക്കുന്ന അന്തരീക്ഷമൊരുക്കാൻ പലപ്പോഴും കേരളത്തിനു കഴിയാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിക്ഷേപകരെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറാൻ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളും ചർച്ചാവിഷയമായി ഉയർന്നുവന്നിട്ടുള്ളതാണ്.

സമീപകാലത്തായി ഈ അവസ്ഥയ്ക്കു ചില മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട് എന്നതു വാസ്തവമാണ്. നയപരമായ തടസങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു കേരളമെത്തുകയുണ്ടായി. ആധുനിക വ്യവസായ മേഖലകളിൽ നിക്ഷേപം ആകർഷിക്കാനും ഇടത്തരം- ചെറുകിട വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകാനും നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കാനും ബിസിനസ് അനുകൂല സാഹചര്യം സൃഷ്ടിക്കാനും ഏകജാലക സംവിധാനത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എംഎസ്എംഇ മേഖലയിൽ ലക്ഷക്കണക്കിനു പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനു സംരംഭക വർഷം പദ്ധതി സഹായിച്ചിട്ടുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ അവകാശപ്പെട്ടിരുന്നത്. അപ്പോഴും വലിയ തോതിലുള്ള മാറ്റങ്ങൾ ഇനിയും ആവശ്യമാണ് എന്നതാണു വാസ്തവം. വൻകിട വ്യവസായികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളും നയസമീപനങ്ങളും നമുക്ക് ആവശ്യമായിട്ടുണ്ട്. ചുവപ്പുനാടയെന്ന പരാതി ഉയരാനേ പാടില്ല. യുഡിഎഫ് സർക്കാരിന്‍റെ വ്യവസായ നയം സംരംഭകർക്കു പൂർണ പിന്തുണ നൽകുന്നതായി മാറണം.

വ്യവസായവത്കരണം സുഗമമാക്കാൻ എന്നു പറഞ്ഞുകൊണ്ടാണു സര്‍ക്കാര്‍ സരള്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. 25 കോടി രൂപക്കു മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പരമാവധി 75 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുന്നതാണു നിയമസഭ അംഗീകരിച്ചിരിക്കുന്ന സരള്‍ ബില്ല്. പുതിയ വ്യവസായങ്ങൾക്കും വൻകിട നിക്ഷേപങ്ങൾക്കും ആവശ്യമായ അനുമതികൾ അതിവേഗം ലഭ്യമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ എന്ന ആശയത്തിലാണു ബിൽ തയാറാക്കിയിരിക്കുന്നത്. വ്യത്യസ്ത സർക്കാർ വകുപ്പുകളിൽ നിന്ന് പ്രത്യേകം അനുമതികൾ വാങ്ങുന്നതിനു പകരം എല്ലാ അനുമതികളും ഒരൊറ്റ അപേക്ഷയിലൂടെ ലഭ്യമാക്കാൻ "സരൾ കേരള അഥോറിറ്റി' രൂപവത്കരിക്കുകയാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പലപ്പോഴായി രേഖകൾ ആവശ്യപ്പെട്ട് പദ്ധതികൾ തടസപ്പെടുത്തുന്നത് തടയാൻ സരൾ നിയമം സഹായിക്കും. പോരായ്മകളുണ്ടെങ്കിൽ എല്ലാ വകുപ്പുകളും ഒരുമിച്ച് ഒരുതവണ അപേക്ഷകനെ അറിയിക്കുകയാണു ചെയ്യുക. ഇത് മുതൽമുടക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാണ്. ദ്വിതല സംവിധാനമാണ് അഥോറിറ്റിക്കുള്ളത്. 25 മുതൽ 50 വരെ കോടി രൂപ മുതൽമുടക്കുള്ള പദ്ധതികൾ ജില്ലാതലത്തിലും അതിനു മുകളിലുള്ളവ സംസ്ഥാന തലത്തിലും കൈകാര്യം ചെയ്യും. ഫയലുകളിൽ അടയിരുന്നു സംരംഭങ്ങള്‍ വൈകിപ്പിക്കുകയോ മുടക്കുകയോ ചെയ്യുന്ന പഴയ രീതി ഇനി സംസ്ഥാനത്തുണ്ടാകില്ലെന്നാണ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇതുമായി ബന്ധപ്പെട്ടു നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ വാക്ക് അക്ഷരാർഥത്തിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വരുംനാളുകളിൽ സർക്കാരിനു കഴിയട്ടെ.

നിയമസഭ അംഗീകരിച്ച സരൾ ബില്ലിന്മേൽ പ്രതിപക്ഷം ചില ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട് എന്നതു കൂടി ഇതോടൊപ്പം പറയേണ്ടതാണ്. വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ അവഗണിക്കാൻ കാരണമാവും എന്നതാണ് ഒരു വാദം. നെൽവയൽ തണ്ണീർത്തട നിയമം അട്ടിമറിക്കപ്പെടുമെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ മാഫിയകള്‍ക്കു തീറെഴുതുന്നതും അവശേഷിക്കുന്ന നെല്‍വയല്‍, തണ്ണീർത്തടങ്ങള്‍ക്കു മരണവിധിയെഴുന്നതുമാണ് ഈ ബില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയിൽ പറയുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴുള്ള പല അനുമതി അധികാരങ്ങളും ഉദ്യോഗസ്ഥ സമിതികളിലേക്കു കൈമാറുന്നു എന്ന ആക്ഷേപവുമുണ്ട്. എന്തായാലും ആക്ഷേപങ്ങളും പരാതികളും എത്രമാത്രം പ്രസക്തമാണെന്നു സർക്കാർ പരിശോധിക്കട്ടെ.

നെല്‍വയലുകളുടെ കാര്യത്തില്‍ കരുതല്‍ ഉണ്ടാകുമെന്നും നെല്‍വയല്‍ നികത്തുന്നതു തടയാന്‍ ജില്ലാ കലക്റ്റര്‍മാർക്ക് അധികാരം ഉണ്ടാകുമെന്നും വ്യവസായ മന്ത്രി നിയമസഭയിൽ വിശദീകരിച്ചിട്ടുണ്ട്. പാടശേഖരം നികത്തി ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കുകയുണ്ടായി. പരിസ്ഥിതിക്കു യാതൊരുവിധ കോട്ടവും തട്ടാത്ത വിധത്തിലുള്ള ഒട്ടേറെ നൂതന വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാൻ കേരളത്തിന് അവസരമുണ്ട്. അതു മുതലെടുക്കാൻ ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. മലയാളി സംരംഭകര്‍ നിക്ഷേപത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതു തന്നെയാണ്. ഒപ്പം പുറത്തുനിന്നുള്ളവരെ ഇങ്ങോട്ട് ആകർഷിക്കാനും കഴിയണം.