ഇനിയും വേണോ, കൊലവിളി രാഷ്ട്രീയം
കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്നു കാരണവൻമാർ പറഞ്ഞുതന്നിട്ടുണ്ട്. ദേഷ്യത്താലോ വികാരവിക്ഷോഭത്താലോ പറയുന്ന വാക്കുകൾ അപകടകരമായി തീർന്നേക്കാം. വാക്കുകൾക്ക് ആയുധങ്ങളെക്കാൾ മൂർച്ചയുണ്ട് എന്നതും നാമെല്ലാം പഠിച്ചുവച്ചിട്ടുള്ളതാണ്. ദോഷകരമായ മോശം വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകിച്ചു നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ ചിലപ്പോഴെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് അത്തരം ചിന്തകൾ ഉണ്ടാവാതെ പോകുന്നു. സമൂഹത്തെ നേർവഴിക്കു നയിക്കുന്നതിനു പകരം തെറ്റായ ദിശ കാണിച്ചുകൊടുക്കുന്ന വാക്കുകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടരുത്. ഏതാനും ദിവസം മുൻപ് ധനരാജ് വധക്കേസിൽ വിധി വന്നതിനു പിന്നാലെ സിപിഎം നേതാവും മുൻ പയ്യന്നൂർ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗം ഇത്തരത്തിലുള്ളതാണ്. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുൻ എംഎൽഎയുടെ ഈ പ്രസംഗം. കണക്കു പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനു പാർട്ടിക്കു മടിയില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്കു കിട്ടേണ്ടതു കിട്ടിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്കെതിരേയും മധുസൂദനൻ വിമർശനം ഉന്നയിച്ചു. ചീമേനിയിൽ അഞ്ചു പേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പറഞ്ഞുകൊണ്ട് കേസിലെ പ്രതികളാരും ഇന്നു ജീവനോടെയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഓർമിപ്പിക്കൽ. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്നു ജഡ്ജി പറയാത്തതു ഭാഗ്യമാണെന്നും ജഡ്ജിക്ക് തണുപ്പിലിരുന്നു കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറയുകയുണ്ടായി. സമൂഹത്തിനു അപകടകരമായ സന്ദേശം നൽകുന്നതാണ് ഈ പ്രസംഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടും ഉചിതമായി. രാഷ്ട്രീയത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുതെന്നും കൊലയ്ക്കു കൊല എന്നതു പാർട്ടി നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 2018ലെ തൃശൂർ സമ്മേളനത്തിലും തുടർന്നുണ്ടായ പാർട്ടി നിലപാടുകളിലും അക്രമങ്ങളും പ്രതികാര നടപടികളും ഒഴിവാക്കണമെന്നു വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലപാതക രാഷ്ട്രീയം കമ്യൂണിസ്റ്റ് രീതിയല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണവും സ്വാഗതാർഹമാണ്. രാഷ്ട്രീയത്തിന്റെ വഴി കൊലപാതകമല്ല, ആശയങ്ങളുടേതാണ് എന്ന എം.വി. ഗോവിന്ദന്റെയും ബിനോയ് വിശ്വത്തിന്റെയും ഓർമപ്പെടുത്തൽ നൂറു ശതമാനവും അംഗീകരിക്കപ്പെടേണ്ടതുണ്ട്. മധുസൂദനന്റെ പ്രസംഗം പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും പ്രസംഗം അനാവശ്യമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പ്രസംഗത്തിനെതിരേ രൂക്ഷവിമർശനം ഉയർന്നതായാണു റിപ്പോർട്ടുകൾ. കൊലവിളി നടത്തുന്നതും അതിനെ മഹത്വവത്കരിക്കുന്നതും ഉന്നത നേതൃത്വം അംഗീകരിക്കില്ല എന്നു വന്നാൽ തന്നെ അതിരു കടന്ന് ആവേശം ജനിപ്പിക്കുന്നവർക്ക് ഒരു നിയന്ത്രണമുണ്ടാവും. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരല്ല ജനാധിപത്യ ബോധമുള്ള ഇന്നാട്ടിലെ ജനങ്ങൾ എന്നു കൂടി എല്ലാവരും ഓർമിക്കേണ്ടതുണ്ട്. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി മധുസൂദനന്റെ പ്രസംഗത്തിനെതിരേ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതക രാഷ്ട്രീയത്തിന് ഒരു ശമനം വന്നിരിക്കുന്ന കാലമാണിത്. സമൂഹത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്നതു തകർക്കാൻ കാരണമാവുന്ന തരത്തിലുള്ള "ആവേശം ജ്വലിപ്പിക്കലുകൾ' എല്ലാ ഭാഗത്തുനിന്നും തടയപ്പെടേണ്ടതാണ്. ഏറെക്കാലം കൊലപാതക രാഷ്ട്രീയത്തിന്റെ പിടിയിലും ഭീതിയിലുമായിരുന്നു കണ്ണൂർ. വെട്ടിയും കുത്തിയും ബോംബെറിഞ്ഞുമൊക്കെ എത്രയോ ആളുകളെയാണ് ജില്ലയിൽ കൊലപ്പെടുത്തിയിട്ടുള്ളത്. എത്ര കുടുംബങ്ങളാണ് അനാഥമായത്. ഇരുപക്ഷവും കണക്കൊപ്പിച്ച് ആളുകളെ കൊല്ലുന്ന രാഷ്ട്രീയം എത്ര ഭീതിജനകമായ അന്തരീക്ഷമാണു ജില്ലയിൽ സൃഷ്ടിച്ചത്. അതിൽ നിന്നൊരു മോചനത്തിന് എല്ലാവരും ആഗ്രഹിച്ചതാണ്. പ്രസംഗങ്ങളിൽ അണികളെ ആവേശം കൊള്ളിക്കുന്നതൊക്കെ നല്ലതാണ്. പക്ഷേ, അത് അക്രമത്തിനു പ്രോത്സാഹനം നൽകിക്കൊണ്ടാവരുത്. പകയും വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുന്നതാണു രാഷ്ട്രീയം എന്നു ധരിക്കുന്നതും അപകടകരമാണ്. 2012 മേയ് മാസത്തിലാണ് സിപിഎം നേതാവ് എം.എം. മണിയുടെ വിവാദമായ വൺ ടു ത്രി... പ്രസംഗമുണ്ടായത്. പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തി സിപിഎമ്മിനു ശീലമുണ്ടെന്നാണു മണി പ്രസംഗിച്ചത്. ഒന്നാമനെ വെടിവച്ചു കൊന്നു, രണ്ടാമത്തവനെ തല്ലിക്കൊന്നു, മൂന്നാമനെ കുത്തിക്കൊന്നു എന്നൊക്കെയായിരുന്നു ഏറെ ഒച്ചപ്പാടുണ്ടാക്കിയ പ്രസംഗത്തിൽ പറഞ്ഞത്. ഈ പ്രസംഗത്തിന്റെ പേരിൽ 46 ദിവസമാണ് അദ്ദേഹത്തിനു ജയിലിൽ കിടക്കേണ്ടിവന്നത്. ഈ പ്രസംഗത്തെയാണ് മധുസൂദനന്റെ പ്രസംഗവും ഓർമിപ്പിച്ചത്.