കിഫ്ബിയിലെ ക്രമക്കേടുകൾ
ബജറ്റിനു പുറത്തുനിന്നു ഫണ്ട് കണ്ടെത്തി സംസ്ഥാനത്തു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1999ൽ നായനാർ സർക്കാരിന്റെ കാലത്ത് കിഫ്ബി (കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡ്) രൂപവത്കരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബിയുടേതായ പല സംഭാവനകളും ഉണ്ടായിട്ടുമുണ്ട്. അപ്പോഴും ഭാവിയിൽ ഇതു സംസ്ഥാന സർക്കാരിനു വലിയ ബാധ്യതയായി മാറുമോ എന്ന സംശയം നിലനിന്നിരുന്നു. കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിനിടെ കിഫ്ബിയുടെ പ്രവർത്തനം പല തരത്തിലുള്ള പ്രതിപക്ഷ വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. കിഫ്ബിയുടെ വായ്പകളെ സംസ്ഥാന സർക്കാരിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി കൂടിയായപ്പോൾ ഇനി ഇങ്ങനെയൊരു സംവിധാനം ഫലപ്രദമാവുമോ എന്ന ചോദ്യവും ഉയർന്നതാണ്. സർക്കാർ ഖജനാവിൽ വികസനത്തിനു പണമില്ല, എന്തിനും ഏതിനും കിഫ്ബി എന്ന നില വളരെ അപകടകരമാണ് എന്നു ചൂണ്ടിക്കാണിച്ചവരുണ്ട്. എന്തായാലും യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബിയുടെ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കുമെന്നു വ്യക്തമായിരുന്നു. കിഫ്ബി ഇനി ഈ വിധത്തിൽ തുടരില്ല എന്ന് ഇപ്പോൾ ഉറപ്പാവുകയുമാണ്.
അതിലേറെ ശ്രദ്ധേയമായിട്ടുള്ളത് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടുകളാണ്. അവയൊക്കെ വിശദീകരിച്ചുകൊണ്ട് യുഡിഎഫ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് സംസ്ഥാനത്തു വലിയ വിവാദങ്ങൾക്കു കാരണമായിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ടു വൻ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന സംശയം ജനങ്ങളിൽ ഉണ്ടാക്കുന്നതാണ് ഈ റിപ്പോർട്ട്. മുന് പ്ലാനിങ് കമ്മിഷന് മെംബര് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയുടെ പ്രധാന കണ്ടെത്തലുകളും ശുപാര്ശകളും വരുംദിവസങ്ങളിലും ചൂടേറിയ ചർച്ചയ്ക്കു കാരണമാവും. പ്രത്യേകിച്ച് കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല് സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണു റിപ്പോര്ട്ടിലുള്ളത്. വ്യവസായ പദ്ധതികള്ക്കായി എന്നു പറഞ്ഞ് കണ്ണൂർ ജില്ലയിൽ അമിത വില നൽകി വൻ തോതിൽ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയും കനത്ത സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ടെന്നാണ് ആരോപണം. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കോടിക്കണക്കിനു രൂപ ചെലവഴിച്ചുവെന്നും ഈ റിപ്പോർട്ടിനെ മുൻനിർത്തി ആരോപണമുയരുന്നുണ്ട്. വിപണി വിലയുടെ അഞ്ചിരട്ടി ഉയർന്ന തുക നൽകിയാണ് കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതത്രേ. ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കിയായിരുന്നു കിഫ്ബിയുടെ പ്രവർത്തനം എന്ന നിരീക്ഷണവും വളരെയേറെ ഗൗരവമുള്ളതാണ്.
കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കര് ഭൂമി ഏറ്റെടുക്കാന് 12,727 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കണ്ണൂരില് ആയിരം ഏക്കര് 2,489 കോടി രൂപ ചെലവില് ഇതിനോടകം കിന്ഫ്ര വഴി ഏറ്റെടുത്തിട്ടുണ്ട്. 2020 മുതല് ഏറ്റെടുത്ത ഇത്രയും ഭൂമിയില് കഴിഞ്ഞ അഞ്ചു വര്ഷമായി യാതൊരു വ്യവസായ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഈ ഭൂമിക്ക് അഞ്ചിലൊന്നു വിലപോലും ഇപ്പോൾ ലഭിക്കില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനു പുറമേ 3,829 ഏക്കര് ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരില് ഏറ്റെടുക്കാനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. യാതൊരു വരുമാനവും ലഭിക്കാതെ വിലയുടെ അഞ്ചിരട്ടി തുകയില് ഭൂമി ഏറ്റെടുത്ത നടപടിയില് സമഗ്രമായ പരിശോധന ആവശ്യമാണെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. വ്യവസായ ആവശ്യങ്ങള്ക്കായി തിരുവനന്തപുരത്തും എറണാകുളത്തും സര്ക്കാരിനു ഭൂമി ആവശ്യമായ സാഹചര്യത്തിലും കണ്ണൂരില് ഇത്രയേറെ ഭൂമി ഏറ്റെടുക്കാന് കിഫ്ബി നടത്തിയ ഇടപെടല് ദുരൂഹമാണെന്നു പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കേണ്ടതാണ്. എന്താണു വാസ്തവം, എന്തിനാണ് ഇങ്ങനെ ഭൂമി വാങ്ങിയത് എന്നൊക്കെ പുറത്തുവരേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കല് ഇനത്തിലുള്ള തുകയുടെ പകുതിയിലധികവും (52.9%) കണ്ണൂര് ജില്ലയില് മാത്രമായി ചെലവഴിക്കാൻ തീരുമാനിച്ചു എന്നാണു പറയുന്നത്. ഈ അസമത്വം കിഫ്ബി പദ്ധതികളിൽ മൊത്തത്തിലുമുണ്ട്. ആകെ പദ്ധതികളുടെ 41.6 ശതമാനവും മൂന്നു ജില്ലകളില് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടുവത്രേ.
ഭൂമി ഏറ്റെടുക്കലിൽ മാത്രമല്ല കണ്സൽട്ടന്സികള്ക്കു പണം നല്കിയതിലും വ്യക്തമായ ക്രമക്കേടുകള് നടന്നിട്ടുണ്ടെന്നാണു റിപ്പോർട്ട് പറയുന്നത്. സര്ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണം മറികടന്നു വന് സാമ്പത്തിക ബാധ്യത വരുത്തിവച്ച് ഒരു സ്വതന്ത്ര സാമ്രാജ്യം പോലെയാണു കിഫ്ബി പ്രവര്ത്തിച്ചതത്രേ. കിഫ്ബിക്കു ലഭിച്ച മോട്ടോർ വാഹന നികുതിയും പെട്രോള് സെസും വികസന പ്രവര്ത്തനങ്ങള്ക്കല്ല, മറിച്ച് വായ്പാ തിരിച്ചടവിനാണു ചെലവഴിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കിയപ്പോഴുണ്ടായ അധികച്ചെലവിനെക്കുറിച്ചും റിപ്പോർട്ട് പറയുന്നുണ്ട്. സര്ക്കാര് നേരിട്ടു നിക്ഷേപിച്ചിരുന്നെങ്കില് കൂടുതല് തുക വികസനത്തിനായി സുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു എന്നാണു പറയുന്നത്. വരുമാനമുണ്ടാവുമെന്നു വിശേഷിപ്പിച്ച പല പദ്ധതികളും അങ്ങനെയല്ലെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. പബ്ലിസിറ്റി, പ്രമോഷന് ചെലവുകളില് ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും റിപ്പോര്ട്ട് കണ്ടെത്തിയിട്ടുണ്ട്. 2025-26ലെ പരസ്യ- പ്രൊമോഷൻ ഇനത്തില് കണക്കില് കാണിച്ചത് 21.16 കോടി രൂപയാണെങ്കിലും യഥാർഥത്തില് ചെലവഴിച്ചത് അതിന്റെ പത്തിരട്ടിയോളം വരുന്ന തുകയാണ്. പദ്ധതി ചെലവുകളില് ഉള്പ്പെടുത്തി ബാക്കി പരസ്യത്തുക മറച്ചുവച്ചതായി റിപ്പോര്ട്ട് കണ്ടെത്തുന്നു. കിഫ്ബിയിൽ സര്ക്കാര് അനുമതി ലഭിച്ച അംഗീകൃത തസ്തികകള് 40 മാത്രമാണ്. എന്നാൽ, 498 ജീവനക്കാരാണ് അനുമതിയില്ലാതെ നിയമിക്കപ്പെട്ടിട്ടുള്ളത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ജീവനക്കാരുടെ ശമ്പളഘടന വന്തോതില് പരിഷ്കരിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്. നിരവധി സുപ്രധാന തീരുമാനങ്ങള് റൂള്സ് ഓഫ് ബിസിനസിനു വിരുദ്ധമായാണു നടപ്പിലാക്കിയതത്രേ. ഇതൊന്നും ചെറിയ പിഴവുകളല്ല. ഇതെല്ലാം സംബന്ധിച്ചു വിശദമായ അന്വേഷണം തന്നെ നടക്കേണ്ടതുണ്ട്.