ശബരിമല സന്നിധാനം

 

File photo

Editorial

നിർമലം ശബരിമല

ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന ശബരിമല രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്

MV Desk

ശബരിമലയും പരിസര പ്രദേശങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കുക എന്നത് ഓരോ സീസൺ വരുമ്പോഴും ആവർത്തിച്ച് ഓർമിപ്പിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന ശബരിമല രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. അതോടൊപ്പം കാനനക്ഷേത്രവുമാണ്. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം നിറഞ്ഞ വനമേഖലയാണിത്. പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭാഗമായ ഈ പ്രദേശം പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണ്. പ്ലാസ്റ്റിക് അടക്കം വലിയ തോതിൽ മാലിന്യങ്ങൾ ഇവിടെ കുന്നുകൂടുന്നത് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കേണ്ടതുണ്ട്. അതിൽ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്നതാണു ബോധവത്കരണ പ്രവർത്തനം. ശബരിമലയെയും പുണ്യനദിയായ പമ്പയെയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് "മിഷൻ ഗ്രീൻ ശബരിമല' ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികൾ ഇവിടെ നടപ്പിലാക്കിയത്. ഇത്തവണയും തീർഥാടനകാലം ശുചിത്വപൂർണവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തിൽ "നിർമലം ശബരിമല' ക്യാംപെയ്‌ൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.എം. ഷാജി കഴിഞ്ഞ ദിവസം ഇതിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി.

അയ്യപ്പ സന്നിധിയിലേക്കുള്ള തീർഥാടനം പ്രകൃതി സംരക്ഷണത്തിന്‍റെയും ശുചിത്വത്തിന്‍റെയും മാതൃക കൂടിയാക്കുന്നത് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്വവും എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരിലേക്കും ശുചിത്വ സന്ദേശം എത്തിക്കേണ്ടതുണ്ട്. ഇതിനായി വിവിധ ഭാഷകളിൽ ബോധവത്കരണ പ്രചാരണങ്ങൾ നടത്തുന്നത് ശുചിത്വ മിഷൻ ആരംഭിച്ചിട്ടുണ്ടെന്നാണു പറയുന്നത്. അവബോധ സന്ദേശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ, തുണി സഞ്ചി വിതരണത്തിനു പ്രത്യേക കിയോസ്ക്, ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം മാലിന്യ നിർമാർജനത്തിന്‍റെ ഭാഗമാണ്. തീർഥാടന പാതകളിലും പമ്പയിലും സന്നിധാനത്തും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും ഒഴിവാക്കണം. മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ചു നിക്ഷേപിക്കുക എന്നതും പ്രധാനമാണ്. വനമേഖലയെയും വന്യജീവികളെയും സംരക്ഷിക്കുന്നത് ഉത്തരവാദിത്വമായി കണക്കിലെടുക്കുകയാണു വേണ്ടത്. സാമൂഹിക മാധ്യമങ്ങൾ അടക്കം എല്ലാവിധ സംവിധാനങ്ങളും ഇതു സംബന്ധിച്ച പ്രചാരണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നായി പുറത്തെടുത്തത് 2,39,386 കിലോഗ്രാം മാലിന്യമാണെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മാലിന്യ നിർമാർജന ചുമതലകൾ നൽകിയിട്ടുള്ള "ക്ലീൻ കേരള' കമ്പനിയുടെ നേതൃത്വത്തിൽ നിലയ്ക്കൽ ഹെലിപ്പാഡിനു സമീപത്തുനിന്നുമാത്രം 1,29,520 കിലോഗ്രാം തുണിമാലിന്യമാണു നീക്കം ചെയ്തത്. തീർഥാടകർ പമ്പാ നദിയിൽ ഉപേക്ഷിച്ച തുണിയാണിത്. പമ്പയിൽ നിന്നു നീക്കിയ തുണിയിൽ നല്ലത് മുൻ കരാറുകാർ എടുത്ത ശേഷം ബാക്കി ഈ ഭാഗത്തു തള്ളിയതാണ് എന്നാണു കരുതുന്നത്. വർഷങ്ങളായി മണ്ണിലും ചെളിയിലും പുതഞ്ഞുകിടന്ന തുണി മാലിന്യങ്ങൾ അടക്കം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇത്തവണ നടന്നത് എന്നാണ് അവകാശവാദം. 30 ടൺ മാലിന്യം ഇനിയും നീക്കാനുണ്ടെന്നും പറയുന്നുണ്ട്. അത് മണ്ഡലകാലത്തിനു ശേഷം നീക്കാനാണു തീരുമാനമത്രേ. പമ്പയിൽ സ്നാനം നടത്തുന്ന ഇതര സംസ്ഥാന തീർഥാടകർ വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്ന പതിവുണ്ട്. ഇതിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും അതു ഫലപ്രദമാവേണ്ടിയിരിക്കുന്നു.

തുണി മാത്രമല്ല പ്ലാസ്റ്റിക് മാലിന്യം വലിയ തോതിൽ കുമിഞ്ഞുകൂടുന്നതും പരിസ്ഥിതിക്കു കനത്ത ഭീഷണിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തിന്ന് വന്യമൃഗങ്ങൾ ചാവുന്നത് തടയേണ്ടതു തന്നെയാണ്. നേരത്തേ, ഹൈക്കോടതിയുടെ കർശനമായ ഇടപെടൽ ഇക്കാര്യത്തിലുണ്ടായതാണ്. പ്ലാസ്റ്റിക് മാലിന്യം കഴിച്ച് രണ്ട് ആനകൾക്കും ഒരു സാംഭർ മാനും ജീവൻ നഷ്ടപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. മാലിന്യം തള്ളുന്നവർക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണു കോടതി നിർദേശിച്ചത്. മാലിന്യം തിന്നാൻ ആനകൾ കൂട്ടത്തോടെ വരുന്നതായി ബന്ധപ്പെട്ടവർ തന്നെ കോടതിയെ അറിയിക്കുകയുണ്ടായി.

ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും രാസ കുങ്കുമത്തിന്‍റെയും വിൽപ്പനയും ഉപയോഗവും കർശനമായി തടയാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാക്കുന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം വേണമെന്നും കോടതി നേരത്തേ നിർദേശിക്കുകയുണ്ടായി. അധികൃതരും തീർഥാടകരും കച്ചവടക്കാരും എല്ലാം ശബരിമലയിൽ മാലിന്യം തള്ളരുത് എന്ന കാര്യത്തിൽ ഒരേ മനസോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കാനന മേഖലയുടെ ശുചിത്വവും സ്വാഭാവികതയും സംരക്ഷിക്കുക എന്നത് ഓരോ ഭക്തന്‍റെയും ഉത്തരവാദിത്വമായി കണക്കാക്കണം. പമ്പാ നദിയും വനമേഖലയും സംരക്ഷിക്കപ്പെടേണ്ടത് ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.