വി.ഡി. സതീശൻ
യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നൂറുദിവസത്തെ കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്നാണു മുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെടുന്നത്. ശേഷിക്കുന്ന 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും അദ്ദേഹം പറയുന്നുണ്ട്. അതായത് മുഖ്യമന്ത്രിയുടെ ഭാഷയിൽ സർക്കാരിന്‍റെ തുടക്കം അതിഗംഭീരമായി. കർമപദ്ധതിയിൽ 96.5 ശതമാനം വിജയം കൈവരിക്കാൻ സാധിച്ചതിനു പിന്നിൽ വിവിധ വകുപ്പുകളുടെ ഏകോപനവും ഉദ്യോഗസ്ഥരുടെ സഹകരണവും എല്ലാം ഉണ്ടാവണം. സർക്കാരിന്‍റെ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടുപോകാൻ കഴിഞ്ഞു എന്നതു ചെറിയ കാര്യമായി കാണേണ്ടതുമല്ല. ലക്ഷക്കണക്കിനു സാധാരണക്കാർക്കു കർമപദ്ധതിയുടെ ഗുണം ലഭിച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. എന്തായാലും പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ചു റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് അത് അവസരം നൽകും. ചെറുതും വലുതുമായ നിരവധി പദ്ധതികൾ ഇനിയും സർക്കാരിന് ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. അതിനുള്ള ആത്മവിശ്വാസം നൽകുന്നതാണു കർമപദ്ധതിയുടെ വിജയമെങ്കിൽ അത്രയും നല്ലത്.
കർമപദ്ധതിയുടെ തുടർച്ചയായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന "ജനസ്പർശം' എന്ന പേരിലുള്ള ഫയൽ അദാലത്ത് ഏറ്റവും നല്ല രീതിയിൽ വിജയിപ്പിക്കേണ്ടതുണ്ട്. ഈ മാസം 15 മുതൽ ഡിസംബർ 31 വരെയാണ് ഈ അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതിലൂടെ വിവിധ വകുപ്പുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ചു തീർപ്പാക്കുമെന്നാണ് അവകാശവാദം. കാലങ്ങളായി ഫയലുകൾ കെട്ടിക്കിടക്കുന്നതിന്‍റെ കാരണം പഠിച്ച് ഫയൽ നീക്കത്തിനുള്ള സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും പറയുന്നുണ്ട്. ഫയൽ നീക്കത്തിനു പുതിയ രീതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നാണു കഴിഞ്ഞ വർഷങ്ങളിലെയെല്ലാം അനുഭവം കാണിച്ചുതരുന്നത്.
ഓരോ ഫയലിലും ഓരോ ജീവിതപ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രിക്കു തന്നെ അറിവുള്ളതാണ്. ഈ ജീവിതപ്രശ്നങ്ങൾ ചുവപ്പു നാടകളിൽ കുടുങ്ങിക്കിടക്കുമ്പോൾ അതിന്‍റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഓരോ കാര്യങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനംമടുത്തവർ നിരവധിയാണ്. "ജനസ്പർശം' അക്ഷരാർഥത്തിൽ ജനങ്ങളെ തൊടുന്നതായി മാറട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുക. സാങ്കേതിക നൂലാമാലകളുടെ പേരിൽ പൊടിപിടിച്ചു കിടക്കുന്ന നിരവധിയായ ഫയലുകൾക്കു ശാപമോക്ഷം കിട്ടാൻ ഈ അവസരം ഉപയോഗപ്പെട്ടാൽ എത്രയോ നല്ലത്. ഫയലുകൾ അനക്കാതെ വച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാവേണ്ടതുണ്ട്. സർക്കാർ കാര്യമല്ലേ, സൗകര്യം പോലെ ചെയ്യാം എന്ന ധാരണയുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ തിരുത്തേണ്ടത് അത്യാവശ്യമാണ്. എന്താണോ തങ്ങളുടെ കർത്തവ്യം അത് ഏറ്റവും ഭംഗിയായി നിർവഹിക്കുന്ന ഉദ്യോഗസ്ഥരാണ് ജനങ്ങളുടെ പ്രശ്നങ്ങൾക്കു യഥാസമയം പരിഹാരം കാണുക. അത്തരം ഉദ്യോഗസ്ഥരാണു സർക്കാരിന്‍റെ ജനപ്രീതി വളർത്താൻ സഹായിക്കുന്നതും.
ലക്ഷക്കണക്കിന് ഇ ഫയലുകളും ധാരാളം ഫിസിക്കൽ ഫയലുകളും വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ചു സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികളാണു സ്വീകരിക്കേണ്ടത്. സംസ്ഥാനത്തു മാസങ്ങൾക്കുള്ളിലാണു തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. തെരഞ്ഞെടുപ്പു കാലത്തു പ്രത്യേകിച്ചു ഫയൽ നീക്കം മന്ദഗതിയിലായിട്ടുണ്ട്. രാഷ്ട്രീയച്ചൂടിനിടയിൽ ഫയലുകൾ നോക്കാൻ ആർക്കാണു നേരം കിട്ടുക. അതുകൊണ്ടു തന്നെ പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഫയലുകളുടെ കൂമ്പാരം ഉണ്ടാവുന്നതു സ്വാഭാവികമാണ്. എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി തീരുമ്പോൾ വിവിധ വകുപ്പുകളിലായി തീർപ്പാകാതെ കിടന്നിരുന്നത് അഞ്ചു ലക്ഷത്തോളം ഫയലുകളാണ് എന്നാണു കണക്ക്.
ധനപരമായ ചട്ടങ്ങൾ സംബന്ധിച്ചു വ്യക്തതയില്ലാതെ വിവിധ വകുപ്പുകളിൽ നിന്ന് ധനകാര്യ വകുപ്പിലേക്ക് എത്തുന്ന ഫയലുകൾ ഭരണനടപടികളിൽ കാലതാമസമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ മാതൃകയിൽ എല്ലാ വകുപ്പുകളിലും ഇന്‍റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കാൻ യുഡിഎഫ് സർക്കാർ നേരത്തേ തീരുമാനമെടുത്തിരുന്നു. ഫയലുകൾ ധനകാര്യ വകുപ്പിലേക്ക് അയക്കുന്നതു മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വകുപ്പുകൾക്കുള്ളിൽ തന്നെ സാമ്പത്തിക പരിശോധനകൾ സാധ്യമാകുമ്പോൾ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും കഴിയും. ഇതിനു പുറമേ സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡേറ്റ അധിഷ്ഠിത ഗവേണിങ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചുവെന്നും നേരത്തേ മുഖ്യമന്ത്രി പറയുകയുണ്ടായി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവു മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേരുന്നതും ഗുണകരമാവും.