മത്സ്യത്തൊഴിലാളി സുരക്ഷ ഗൗരവത്തോടെ കാണണം
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന സുരക്ഷിതത്വമില്ലായ്മയും അവരോടുള്ള സർക്കാർ അവഗണനയും വലിയ തോതിൽ ചർച്ചയാവുന്ന ദിവസങ്ങളാണിത്. കേരളത്തിന്‍റെ സ്വന്തം സൈന്യം എന്നൊക്കെ അവകാശപ്പെടുമ്പോഴും അവർക്കു വേണ്ട സൗകര്യങ്ങളും സുരക്ഷാമാർഗങ്ങളും ഒരുക്കിക്കൊടുക്കുന്നതിൽ മാറിമാറി വരുന്ന സർക്കാരുകൾ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടുണ്ടോ എന്ന ചോദ്യം ഉറക്കെ ചോദിക്കുന്ന ദിവസങ്ങൾ. മത്സ്യത്തൊഴിലാളികളുടെ സുരക്ഷാപ്രശ്നങ്ങൾക്കു കഴിയുന്ന വിധത്തിലുള്ള പരിഹാരങ്ങൾ ഇനിയെങ്കിലും കണ്ടെത്താൻ സർക്കാരിനു കഴിയണം. അവരുടെ കൂടി വോട്ടുകൊണ്ട് അധികാര സ്ഥാനങ്ങളിലെത്തുന്നവർ ജനാധിപത്യ രാഷ്ട്രത്തിൽ അവർക്കുള്ള അവകാശങ്ങളും പരിഗണിക്കണം. മത്സ്യത്തൊഴിലാളികളുടെ ജീവനും വിലയുണ്ടെന്നു തിരിച്ചറിയണം.
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ കടലിൽ പോകുന്നവരുടെ ജീവനു ഭീഷണി ഉയർത്തുന്ന സാഹചര്യം ആവർത്തിക്കുകയാണ്. പക്ഷേ, അവർക്കു കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഇനിയും ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. തൊഴിലാളികൾ കടലിൽ പോയ ശേഷം കടലിൽ ഇറങ്ങരുത് എന്ന മുന്നറിയിപ്പു വന്നാൽ അത് അവർ അറിയാൻ സംവിധാനമില്ല. ഇനി കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പു വിശ്വസിച്ചു കടലിൽ പോകാതിരുന്നാൽ ആ മുന്നറിയിപ്പുകൾ പലപ്പോഴും ശരിയാവാറുമില്ല. പ്രവചനങ്ങളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനു മാറ്റമുണ്ടായില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കേരള തീരത്തു കടലിൽ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികൾക്കുള്ള തെരച്ചിൽ തുടങ്ങിയിട്ടു 11 ദിവസം പിന്നിട്ടു. മുതലപ്പൊഴിയിൽ കാണാതായ ഷിജിൻ, വിഴിഞ്ഞത്തു കാണാതായ ജോൺ, നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ ഗൗതം കൃഷ്ണ എന്നിവർക്കായുള്ള തെരച്ചിൽ ആദ്യ ദിവസങ്ങളിൽ കാര്യക്ഷമമായില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്‍റും അടക്കം വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മ തെരച്ചിലിനെ ബാധിച്ചു എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ സമയോചിതമായി ഇടപെട്ടില്ല എന്ന ആരോപണം ശക്തമാണ്.
"ഗോൾഡൺ അവറി'ൽ ഇവരെ കണ്ടെത്തുന്നതിനു സർക്കാർ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നു പ്രതിപക്ഷ നേതാക്കൾ മാത്രമല്ല കാണാതായവരുടെ ബന്ധുക്കളും പരാതി പറയുന്നുണ്ട്. സർക്കാർ ഭാഗത്തുനിന്നുള്ള അനാസ്ഥയെക്കുറിച്ചു പരസ്യമായി പരാതി ഉയർന്ന ശേഷവും വേണ്ടത്ര ഗൗരവം വിഷയത്തിനു നൽകിയില്ല എന്ന ആരോപണം നിലനിൽക്കുകയാണ്. അപകടമുണ്ടായി പതിനൊന്നാം ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം ജോണിന്‍റെയും ഷിജിന്‍റെയും വീടുകളിലെത്തിയ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടികളെക്കുറിച്ചു വിശദീകരിക്കുകയുണ്ടായി. ഫിഷറീസ് മന്ത്രി ദുരന്തബാധിതരുടെ വീടുകളിലെത്തുന്നതു നേരത്തേ ആവണമായിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
കാണാതായവരുടെ ബന്ധുക്കളുടെ പരാതി കേൾക്കുന്നതിനോ തെരച്ചിൽ സംബന്ധിച്ച് അവർക്കു പറയാനുള്ളത് എന്താണെന്ന് അറിയുന്നതിനോ ബന്ധപ്പെട്ട ആരും ആദ്യ ദിവസങ്ങളിൽ യാതൊരു താത്പര്യവും കാണിച്ചില്ല എന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. ആളുകൾ ശബ്ദമുയർത്തിയതുകൊണ്ടു മാത്രം തെരച്ചിൽ ഊർജിതമായി എന്നു വിശ്വസിക്കുന്നവരാണു കടൽത്തീരത്തുള്ളത്. തെരച്ചിൽ നടക്കുമ്പോൾ തന്നെ കുടുംബാംഗങ്ങളെ അതിന്‍റെ വിവരങ്ങൾ ബോധ്യപ്പെടുത്താനുള്ള ബാധ്യത കൂടി സർക്കാരിനുണ്ട്. അതിലുണ്ടായ പാളിച്ചകൾ ഒരു പാഠമായി സർക്കാർ എടുക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിനായി 18 കോടിയിലേറെ രൂപ ചെലവഴിച്ചു നടപ്പാക്കിയതാണ് മറൈൻ ആംബുലൻസ് പദ്ധതി. അത് ഇപ്പോൾ യാതൊരു ഉപകാരവുമില്ലാതെ ആയിരിക്കുകയാണ്. 2017ലെ ഓഖിയിൽ 143 മത്സ്യത്തൊഴിലാളികൾക്കു ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെയാണു കടലിലെ അടിയന്തര രക്ഷാപ്രവർത്തനത്തിനു വേണ്ടി പ്രത്യേക മറൈൻ ആംബുലൻസുകൾ ഏർപ്പെടുത്തിയത്. കൊച്ചി കപ്പൽശാലയിൽ നിർമിച്ച മൂന്ന് മറൈൻ ആംബുലൻസുകൾ "പ്രതീക്ഷ', "പ്രത്യാശ', "കാരുണ്യ' എന്നീ പേരുകൾ നൽകി വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനു നൽകുകയായിരുന്നു. ബേപ്പൂരിലെ മറൈൻ ആംബുലൻസ് എൻജിൻ തകരാറിനെ തുടർന്നു ദീർഘകാലമായി ഹാർബറിൽ കിടക്കുകയാണത്രേ. വിഴിഞ്ഞത്തെ ആംബുലൻസിന്‍റെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
മറൈൻ ആംബുലൻസുകൾ ആധുനിക സൗകര്യങ്ങളോടെ കാര്യക്ഷമമായ സേവനത്തിനു തയാറാക്കുക എന്നത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. പ്രവർത്തനക്ഷമമല്ലാത്ത മറൈൻ ആംബുലൻസുകളുടെ ജീവനക്കാർക്കു വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്നതെങ്കിൽ എത്ര വലിയ കെടുകാര്യസ്ഥതയാണത്. ഫിഷറീസ് വകുപ്പിന്‍റെ മറൈൻ എൻഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുക എന്നതു സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. മറൈൻ എൻഫോഴ്സ്മെന്‍റ് സ്റ്റേഷനുകൾക്ക് ആവശ്യമായ ആധുനിക പട്രോളിങ് ബോട്ടുകൾ ഉറപ്പാക്കുന്നതടക്കം നടപടികൾ വേണ്ടതുണ്ട്. കോസ്റ്റൽ പൊലീസിനു പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്ന് ആഭ്യന്തര മന്ത്രി പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണേണ്ടതുണ്ട്. കടലിൽ ഉണ്ടാകുന്ന അപകടങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനു സഹായകരമാവുന്ന വിധം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) തയാറാക്കുമെന്നു ഫിഷറീസ് മന്ത്രി അറിയിച്ചിട്ടുണ്ട്. സ്വാഗതാർഹമായ പ്രഖ്യാപനമാണിത്. ഇന്നലെ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാരിനു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകിയാണു മടങ്ങിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണു ദുരന്തം ബാധിച്ചിരിക്കുന്ന കുടുംബങ്ങൾ.