ഉദ്യോഗാർഥികളോട്

വിശ്വാസ വഞ്ചന

കാണിക്കരുത്

 
Editorial

ഉദ്യോഗാർഥികളോട് വിശ്വാസ വഞ്ചന കാണിക്കരുത്

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമനം ലഭിക്കാത്തതാണ് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിനും കാരണം.

Reena Varghese

സർക്കാർ ജോലി അന്വേഷിക്കുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീക്ഷയും വിശ്വാസവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമാണ് പിഎസ്‌സിക്കുള്ളത്. അതു മറന്നുകൊണ്ടുള്ള യാതൊരുവിധ പ്രവർത്തനങ്ങളും ആ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൂടാത്തതാണ്. തൊഴിലവസരങ്ങൾ സംബന്ധിച്ച് ഓരോ തവണ പിഎസ്‌സി വിജ്ഞാപനം ഇറക്കുമ്പോഴും എത്ര വലിയ പ്രതീക്ഷയോടെയാണു തൊഴിൽ തേടുന്ന യുവാക്കൾ അതിനെ സമീപിക്കുന്നത്. കൃത്യമായി ഒഴിവുകൾ കണ്ടെത്തുകയും അതു നികത്താൻ പരീക്ഷയും അഭിമുഖവും നടത്തുകയും എത്രയും വേഗം നിയമനങ്ങൾ നടത്തുകയും ചെയ്യേണ്ടത് സർക്കാരും പിഎസ്‌സിയും തമ്മിലുള്ള ഏകോപനത്തിലൂടെയാണ്. അനാവശ്യമായ കാലതാമസങ്ങൾ ഒരു ഭാഗത്തുനിന്നും ഉണ്ടാവരുത്. അതുപോലെ തന്നെ പ്രധാനമാണ് ഇല്ലാത്ത തസ്തികകളിലേക്കു പരീക്ഷയും അഭിമുഖങ്ങളും നടത്തി ആയിരക്കണക്കിനാളുകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതും അതിൽ നിന്ന് ഒരാൾക്കുപോലും നിയമനം ലഭിക്കാതെ പട്ടികകൾ കാലാവധി കഴിഞ്ഞുപോകുന്നതും. വിശ്വാസ വഞ്ചന എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല.

ഒഴിവുകളില്ലാത്ത തസ്തികകളിലേക്ക് പിഎസ്‌സി അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം അതുകൊണ്ടു തന്നെ ഉചിതമാണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകളും നിയമന രീതികളും ഈ സമിതി വിശദമായി പരിശോധിക്കുമെന്നാണു പറയുന്നത്. മതിയായ ഒഴിവുകളില്ലാതെ ആയിരക്കണക്കിനു പേരുകൾ ഉൾപ്പെടുത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഉദ്യോഗാർഥികളിൽ തെറ്റായ പ്രതീക്ഷകൾ സൃഷ്ടിക്കുകയാണെന്നാണ് ഇക്കാര്യം അറിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. അതു നൂറു ശതമാനവും സത്യമാണു താനും. പിഎസ്‌സിയും പരീക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ പരിഷ്കാരങ്ങൾ വൈകാതെ തന്നെ നടപ്പിലാക്കേണ്ടതുണ്ട്. അതിനു പിഎസ്‌സിയുമായി ചർച്ചകൾ നടക്കണം. യോജിച്ച തീരുമാനങ്ങൾ ഉണ്ടാവണം. കൃത്യമായ സംവിധാനം രൂപവത്കരിക്കണം. പല സർക്കാർ വകുപ്പുകളും നിലവിലുള്ള ഒഴിവുകൾ കൃത്യസമയത്ത് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നില്ല എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്.

വിവിധ പിഎസ്‌സി റാങ്ക് പട്ടികകളിൽ ഒന്നാം റാങ്ക് നേടിയവർക്കുപോലും നിയമനം ലഭിക്കാത്ത സാഹചര്യം വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചതാണ്. സോഷ്യോളജി, ഫിലോസഫി, ഉറുദു തുടങ്ങിയ വിഷയങ്ങളിലെ അസിസ്റ്റന്‍റ് പ്രൊഫസർ റാങ്ക് പട്ടികകളിലെ ഒന്നാം റാങ്കുകാർക്ക് നിയമനം ലഭിക്കാതിരുന്നതു വലിയ വിവാദമായതാണ്. ഈ പട്ടികയുടെ കാലാവധി അവസാനിക്കാനിരിക്കെ ഒന്നാം റാങ്കുകാർക്കു നീതി ഉറപ്പാക്കാനായി സർക്കാർ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. അധ്യാപക തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചവർക്കുപോലും നിയമന ഉത്തരവ് ലഭിക്കുന്നില്ലെന്ന് യുപിഎസ്ടി ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമനം ലഭിക്കാത്തതാണ് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിനും കാരണം. നേരത്തേ, കാലാവധി തീരാനിരുന്ന പല റാങ്ക് പട്ടികകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിനൽകുകയുണ്ടായി.

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ നാലു വർഷത്തെ വർധന വരുത്തിയത് മുൻ സർക്കാരിന്‍റെ അവസാന കാലത്താണ്. ജനറൽ വിഭാഗത്തിനു നിലവിലുണ്ടായിരുന്ന പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. മറ്റു വിഭാഗക്കാർക്കും തത്തുല്യമായ വർധന വരുത്തിയിട്ടുണ്ട്. ഒബിസി വിഭാഗത്തിന് 39ൽ നിന്ന് 43 ആയി പ്രായപരിധി ഉയർന്നപ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിന് 45 വയസാണ് പുതിയ പ്രായപരിധി. നിലവിലുള്ളത് 41 വയസായിരുന്നു. സർക്കാർ ജോലിക്കു വേണ്ടി വർഷങ്ങളായി കഠിന പരിശ്രമം നടത്തുന്നവർക്കു പ്രതീക്ഷ പകരുന്നതായിരുന്നു ഈ തീരുമാനം. നാലു വർഷം കൂടി അവസരം നീട്ടിക്കിട്ടുന്നതു സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള കുറച്ചുപേരുടെയെങ്കിലും പരിശ്രമത്തിനു സഹായകരമാവുമെങ്കിൽ അത്രയും നല്ലതാണല്ലോ. എന്നാൽ, ഇത്തരം പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നതാണ് ഇല്ലാത്ത തസ്തികകൾക്കു വേണ്ടി പരീക്ഷയും അഭിമുഖവും കഴിഞ്ഞ് റാങ്ക് ലിസ്റ്റിലെത്തി ഒന്നും കിട്ടാതെ പോകുന്നത്.