ജനക്ഷേമമാവട്ടെ, സർക്കാർ ലക്ഷ്യം

 
Editorial

ജനക്ഷേമമാവട്ടെ, സർക്കാർ ലക്ഷ്യം

നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് നൽകിയിട്ടുള്ളത്

MV Desk

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന ഉത്സവാന്തരീക്ഷത്തിൽ ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തിയാണ് വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെ യുഡിഎഫ് നേതാക്കളും മാത്രമല്ല സംസ്ഥാനത്ത് പ്രതിപക്ഷ നേതൃനിരയിലെ നേതാക്കൾ കൂടി സാക്ഷികളായി വേദിയിലിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആ അർഥത്തിൽ തന്നെ സവിശേഷമായി എന്നു പറയണം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പുതിയ സർക്കാരിന്‍റെ സ്ഥാനാരോഹണച്ചടങ്ങിൽ അതിഥികളായി എത്തിയത് രാഷ്ട്രീയ ഭിന്നതകൾക്കിടയിലും നാം സൂക്ഷിക്കേണ്ട ഉയർന്ന രാഷ്ട്രീയ മര്യാദകൾക്കും മൂല്യങ്ങൾക്കും അനുസൃതമായി.

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനം ഭരിക്കാൻ വലിയ വിജയത്തോടെ വീണ്ടും യുഡിഎഫ് എത്തിയിരിക്കുന്നത്. നേതാക്കളിലും പ്രവർത്തകരിലും അണികളിലും അതിന്‍റെ ആവേശം നിറഞ്ഞുനിൽക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലും അതിന്‍റെ അലയൊലികൾ ഉണ്ടായിരുന്നു. എന്തായാലും ഇനിയുള്ള നാളുകളിൽ സംസ്ഥാനം കാത്തിരിക്കുന്നത് ഈ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയാവും എന്നതാണ്. നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് നൽകിയിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ചിലതിന് ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. നല്ലൊരു തുടക്കം എന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കേരളം കടന്നുപോകുന്നത് എന്ന യാഥാർഥ്യം ഉൾക്കൊള്ളാതെ വയ്യ. അതിൽ നിന്നുകൊണ്ട് വാഗ്ദാനങ്ങൾ പാലിക്കുകയും ജനക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുക എന്ന വെല്ലുവിളിയാണു പുതിയ സർക്കാരിനു മുന്നിലുള്ളത്. ദൈനംദിന ഭരണത്തെയും വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും ബാധിക്കാത്ത വിധത്തിലുള്ള സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള മാർഗങ്ങൾ സർക്കാരിന് ആലോചിക്കേണ്ടിവരും. ജനങ്ങളിൽ അമിത ഭാരം അടിച്ചേൽപ്പിക്കാതെ വരുമാന വർധനയ്ക്കുള്ള വഴികൾ കണ്ടെത്തുകയെന്നത് അത്ര എളുപ്പമാവില്ല. കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും ഗ്രാന്‍റുകളും കുറയുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ ബാധിക്കുന്നുണ്ടെന്നാണു നേരത്തേ എൽഡിഎഫ് സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. പുതിയ സർക്കാരിനോടുള്ള കേന്ദ്ര സർക്കാരിന്‍റെ സമീപനം എന്താവുമെന്നതും അറിയാനിരിക്കുകയാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന നവകേരളമാണ് തന്‍റെ ലക്ഷ്യമെന്നു വി.ഡി. സതീശൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നവകേരളത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ സതീശന്‍റെ സർക്കാരിനെ പൊതിഞ്ഞു നിൽക്കുന്നു.

ജനങ്ങൾക്കു നൽകിയ രണ്ടു സുപ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കാൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുന്നതാണ് ഒന്ന്. ഇതിന്‍റെ വിശദാംശങ്ങൾ പിന്നാലെ വരാനിരിക്കുകയാണ്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം പലയിടത്തും ഇതു നേരത്തേ നടപ്പാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം ഈ പദ്ധതി പ്രഖ്യാപിച്ച പശ്ചിമ ബംഗാളിൽ ജൂൺ ഒന്നു മുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്രയാണ്. കടക്കെണിയിൽ വലയുന്ന കെഎസ്ആർടിസി ഇപ്പോൾ തന്നെ വലിയ പ്രതിസന്ധിയാണു നേരിടുന്നത്. കോർപ്പറേഷൻ ശമ്പളവും പെൻഷനും നൽകുന്നതു സർക്കാർ സഹായത്തോടെയാണ്. സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുമ്പോൾ സർക്കാർ സഹായവും വർധിപ്പിക്കേണ്ടിവരും.

വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനവും എടുത്തു പറയേണ്ടതാണ്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു വകുപ്പ് രൂപീകരിക്കുന്നത്. വയോജനക്ഷേമം സർക്കാരിന്‍റെ ഫോക്കസിൽ കൊണ്ടുവരുന്നതു സ്വാഗതാർഹമാണ്. എന്നു മാത്രമല്ല വളരെയധികം പ്രാധാന്യമുള്ള സംഗതിയുമാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം. വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം കൂടിയാവുമ്പോൾ വയോജനങ്ങളുടെ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാവുന്നു. പുതിയ വകുപ്പിനു കീഴിൽ ഒട്ടേറെ സ്വപ്ന പദ്ധതികൾ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അതെന്തൊക്കെയാവുമെന്നറിയാൻ കേരളം കാത്തിരിക്കുകയാണ്. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചതും ആംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിൽ വർധന വരുത്തിയതും സർവരും സ്വാഗതം ചെയ്യുമെന്നുറപ്പാണ്. വരും നാളുകളിൽ ജനക്ഷേമത്തിലൂന്നിയുള്ള സദ്ഭരണം കാഴ്ചവയ്ക്കാൻ ഈ സർക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു.

"ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായിട്ട് എന്ത് കാര്യം?, ജീവിതംകൊണ്ട് മറുപടി പറയും"; ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ

"അമ്മ കാന്‍റീനുകൾ നവീകരിച്ച് രുചിയുള്ള ഭക്ഷണം നൽകണം"; ഉത്തരവിട്ട് വിജയ്