വി.ഡി. സതീശൻ

 
Editorial

അറുതി വരുത്തണം, രാഷ്‌ട്രീയ സംഘർഷത്തിന്

അസ്വസ്ഥതകളുണ്ടാക്കി ജനങ്ങളെ ആശങ്കപ്പെടുത്താൻ ആരും ശ്രമിക്കാതിരിക്കണം.

Reena Varghese

വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റിട്ട് അഞ്ചു മാസം തികഞ്ഞിട്ടില്ല. അതിനിടയിൽ തന്നെ ഭരണ, പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ സംഘർഷം രൂക്ഷമാവുകയാണ്. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തു യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ രാഷ്‌ട്രീയ സംഘർഷവും അക്രമവും തികച്ചും നിർഭാഗ്യകരമായ സംഭവവികാസമായി. ഇതിന്‍റെ തുടർച്ചയെന്നോണം ഇന്നലെ കണ്ണൂരിലും കാസർഗോട്ടും മന്ത്രി ഒ.ജെ. ജനീഷിന്‍റെ വാഹനത്തിനു നേരേ ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളും നിർഭാഗ്യകരം തന്നെ. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തെത്തുടർന്ന് യുവമോർച്ച പ്രവർത്തകർ സംസ്ഥാന മന്ത്രിമാർക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിവരുന്നതിനിടെയാണു യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ സംഘർഷവും ഉടലെടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായിട്ടുള്ള രാഷ്‌ട്രീയ അന്തരീക്ഷം മോശം അവസ്ഥയിലേക്കു കൊണ്ടുപോകാതിരിക്കാൻ രാഷ്‌ട്രീയ കക്ഷികളും നേതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സംഘർഷ സാഹചര്യങ്ങൾ മനഃപൂർവം സൃഷ്ടിച്ച് ആളിക്കത്തിക്കുന്നതാവരുത് മുതിർന്ന നേതാക്കളുടെ സമീപനം. ജനങ്ങൾ ആഗ്രഹിക്കുന്നതു സമാധാനപരമായ ജീവിതമാണ്. അസ്വസ്ഥതകളുണ്ടാക്കി ജനങ്ങളെ ആശങ്കപ്പെടുത്താൻ ആരും ശ്രമിക്കാതിരിക്കണം. തെരഞ്ഞെടുപ്പിന് ഇനി ഏറെ സമയമുണ്ട് എന്ന തിരിച്ചറിവും എല്ലാവർക്കും ഉണ്ടാവുന്നതു നല്ലതാണ്. ജനക്ഷേമത്തിനും ജനതാത്പര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നതാവണം എല്ലാവരുടെയും ലക്ഷ്യം. തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർക്കു നേരേ ഏകപക്ഷീയമായ ആക്രമണമാണു നടന്നതെന്നും യൂത്ത് കോൺഗ്രസിന്‍റെ കാടത്തമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിക്കുന്നുണ്ട്. ആസൂത്രിതമായാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്നും പിണറായി കുറ്റപ്പെടുത്തുന്നു. അതേസമയം, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണു തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായതെന്നാണു മുഖ്യമന്ത്രി വി.ഡി സതീശൻ ആരോപിക്കുന്നത്. കരുതിക്കൂട്ടിയുള്ള നീക്കമാണു സിപിഎം നടത്തിയതെന്നും എസ്എഫ്ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ബുധനാഴ്ച സംസ്ഥാന തലസ്ഥാനത്ത് അക്ഷരാർഥത്തിൽ തെരുവുയുദ്ധം തന്നെയാണു നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ തുടങ്ങിയ ആക്രമണങ്ങൾ രാത്രി എസ്എഫ്ഐയും യൂത്ത് കോൺഗ്രസും തമ്മിലുള്ള തെരുവുയുദ്ധമായി മാറി. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർ നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് രാത്രി അക്രമസംഭവങ്ങളുണ്ടായത്. കേരള സർവകലാശാല ഹോസ്റ്റലിനു സമീപത്തുവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ കല്ലേറുണ്ടായി എന്നാണു പറയുന്നത്. ഹോസ്റ്റലിനകത്തു നിന്ന് കല്ലും ബിയർ കുപ്പികളുമാണ് എറിഞ്ഞതത്രേ. എസ്എഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് യൂത്ത് കോൺഗ്രസുകാർ ആരോപിക്കുന്നത്. ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിനകത്തേക്കു പന്തം കത്തിച്ച് എറിഞ്ഞു എന്നും പറയുന്നു. ഇതോടെ സംഘർഷം കൈവിടുകയായിരുന്നു. വൻ തോതിൽ പൊലീസ് എത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല. പൊലീസ് ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ് നടത്തി. ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലെത്തിയ പൊലീസ് വിദ്യാർഥികൾക്കു നേരേ പ്രകോപനമില്ലാതെ ലാത്തിച്ചാർജ് ചെയ്യുകയായിരുന്നെന്നാണ് എസ്എഫ്ഐ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. അതിക്രൂര മർദനത്തിൽ മൂന്നു വിദ്യർഥികളുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. മാർച്ചിനിടെ യൂത്ത് കോൺഗ്രസുകാർ ഹോസ്റ്റലിലേക്കു തീപ്പന്തം എറിഞ്ഞതാണ് സംഘർഷത്തിനു കാരണമെന്നാണ് എസ്എഫ്ഐയുടെ വാദം.

ഈ സംഘർഷത്തിന്‍റെ ബാക്കിയായാണ് ഇന്നലെ മന്ത്രി ഒ.ജെ. ജനീഷിന്‍റെ വാഹനത്തിനു നേരേ ഡിവൈഎഫ്ഐയുടെ ആക്രമണമുണ്ടായത്. വാഹനത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മന്ത്രിയുടെ കാർ തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിനു നേരേ ചാടിവീഴുകയായിരുന്നു. വാഹനത്തിൽ കൈകൊണ്ടും കല്ലുകൊണ്ടും ഇടിച്ചു കേടുപാടുകൾ വരുത്തി. കണ്ണൂരിലും കാസർഗോട്ടുമായി അഞ്ചിടങ്ങളിൽ തന്‍റെ വാഹനത്തിനു നേരേ കരിങ്കൊടി പ്രതിഷേധവും അക്രമവുമുണ്ടായതായി ജനീഷ് പറ‍യുന്നുണ്ട്. നേരത്തേ, അമിത് ഷായ്ക്കു നേരേയുള്ള കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ തന്നെ തലസ്ഥാനത്തു രാഷ്‌ട്രീയ സംഘർഷം രൂക്ഷമായിരുന്നു. കോൺഗ്രസ്, ബിജെപി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടുകയുണ്ടായി. തിരുവനന്തപുരം ഡിസിസി ഓഫിസിനു നേരേ കല്ലേറുണ്ടായപ്പോൾ നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് അക്രമികൾ തീയിട്ടു. സംഭവത്തിനു പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്നു കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്. ഇതിനിടെ, ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിനു നേരേ കോൺഗ്രസ് ആക്രമണമുണ്ടായെന്നു കുറ്റപ്പെടുത്തി ബിജെപിയും രംഗത്തെത്തിയിരുന്നു. എന്തായാലും ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കണം. അതിൽ രാഷ്‌ട്രീയ ഭേദം കാണിക്കേണ്ടതില്ല. നാട്ടില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചാല്‍ രാഷ്‌ട്രീയ നിറം നോക്കാതെ ശക്തമായ നടപടിയുണ്ടാകുക തന്നെ വേണം.