ലത്തീഫ് ഭട്ട്

 
Editorial

കശ്മീരിൽ രക്ഷാസേനയുടെ നിർണായക നീക്കം

ബുധനാഴ്ച പുലർച്ചെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണു ലത്തീഫ് ഭട്ട് കൊല്ലപ്പെടുന്നത്

Reena Varghese

ജമ്മു കശ്മീരിലെ സമാധാന ജീവിതം തകർക്കാനുള്ള ഭീകരരുടെ പദ്ധതിയെ നേരിടുന്നതിൽ നിർണായക വിജയം നേടിയിരിക്കുകയാണു സുരക്ഷാ സേന. ലഷ്കർ ഇ- തോയ്ബ കമാൻഡർ ലത്തീഫ് ഭട്ട് സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചതു കഴിഞ്ഞ ദിവസമാണ്. കശ്മീർ താഴ്വരയിൽ ലഷ്കർ ഇ- തോയ്ബയുടെ അറിയപ്പെടുന്ന അവസാന പ്രാദേശിക ഭീകരനാണു കൊല്ലപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ്, ഇന്‍റലിജൻസ് ഏജൻസികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഭീകരനെ കുടുക്കാൻ സഹായിച്ചതെന്നും അമിത് ഷാ അവകാശപ്പെടുന്നു. ജമ്മു കശ്മീരിൽ സുരക്ഷാസേന തെരഞ്ഞുകൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഭീകരരിൽ ഒരാളായിരുന്നു ഇയാൾ. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നു ദീർഘകാലമായി സുരക്ഷാ ഏജൻസികൾ ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.

ബുധനാഴ്ച പുലർച്ചെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണു ലത്തീഫ് ഭട്ട് കൊല്ലപ്പെടുന്നത്. പ്രദേശത്തെ ഒരു മുസ്‌ലിം പള്ളിക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. സുരക്ഷാസേന വിഡിയോ കോളിലൂടെ ലത്തീഫുമായി ബന്ധപ്പെടുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കീഴടങ്ങാൻ ഇയാൾ തയാറായില്ലെന്നു സേനാവൃത്തങ്ങൾ വ്യക്തമാക്കുന്നു. ‌"എ കാറ്റഗറി' വിഭാഗത്തിൽപ്പെട്ട ഭീകരനായ ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപയാണു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. പള്ളിക്കുള്ളിൽ നിന്ന് ലത്തീഫ് സുരക്ഷാസേനയ്ക്കു നേരേ വെടിയുതിർത്തുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറയുകയുണ്ടായി. പള്ളിക്കു യാതൊരു കേടും സംഭവിക്കാതെ തന്നെ ഭീകരനെ വധിക്കാൻ സേനയ്ക്കു കഴിഞ്ഞുവെന്നു പൊലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്.

കശ്മീരിൽ വീണ്ടും അശാന്തി സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ലത്തീഫും കൂട്ടാളിയുമെന്നു സേനാവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലത്തീഫിന്‍റെ കൂട്ടാളിയായ ഉമർ നിസാർ ദാർ തിങ്കളാഴ്ച കുൽഗാമിൽ തന്നെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചാറു മാസമായി ലത്തീഫ് ഭട്ടിനു താമസസൗകര്യവും മറ്റു സഹായങ്ങളും നൽകിയിരുന്നത് ഉമർ നിസാർ ദാറായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് പറയുന്നു. നവംബർ 11ന് അഖ്റാനിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നിൽ ലത്തീഫ് ഭട്ടായിരുന്നുവത്രേ. ആക്രമണത്തിൽ മൂന്നു സിആർപിഎഫ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റിരുന്നു. നവംബർ 11ലെ ആക്രമണത്തിനു മുൻപ് ലത്തീഫും ഉമറും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.

ജൂലൈ 22ന് അനന്ത്നാഗിൽ പൊലീസിനു നേരേയുണ്ടായ ഭീകരാക്രമണത്തിലും ലത്തീഫിനു പങ്കുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. അന്നത്തെ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലും ഇയാളാണെന്നാണു കരുതുന്നത്. കുൽഗാം മേഖലയിൽ ലഷ്കറിന്‍റെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നത് ലത്തീഫായിരുന്നു. ലത്തീഫ് ഭട്ടിനെ പിടികൂടുന്നതിനായി സുരക്ഷാസേന നേരത്തെയും നിരവധി തെരച്ചിലുകൾ നടത്തിയതാണ്. അന്നൊക്കെ ഇയാൾ രക്ഷപെട്ടു. ഇയാളുടെ ശൃംഖലയെക്കുറിച്ചും സഹായികളെക്കുറിച്ചും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഹാൻ‌ഡ്‌ലർമാരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നുണ്ട്. കശ്മീരിൽ സമാധാനം തകർക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ നേരിടുന്നതിൽ സുരക്ഷാ സേന വഹിക്കുന്ന പങ്ക് രാജ്യം എപ്പോഴും ആദരവോടെ കാണേണ്ടതുണ്ട്.

ഭീകരരുടെ പ്രാദേശിക റിക്രൂട്ട്മെന്‍റ് ഏതാണ്ട് അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണ് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. അതൊരു പ്രധാന നേട്ടമാണ്. അപ്പോഴും പാക്കിസ്ഥാനിൽ നിന്നുവരുന്ന ഭീകരരെ രാജ്യത്തിനു നേരിടേണ്ടതുണ്ട്. ഇക്കാര്യത്തിൽ എപ്പോഴും അതീവ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ അതിൽ നിന്നു പിന്തിരിയുമെന്നു കരുതാനാവില്ല. കൊല്ലപ്പെട്ട ലത്തീഫ് ഭട്ടിനും പാക്കിസ്ഥാനിലുള്ള ഭീകര സംഘടനകളിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർക്കൊപ്പം ഇയാൾ പ്രവർത്തിച്ചിരുന്നതായും പറയുന്നു. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകര പ്രവർത്തനത്തെ അമർച്ച ചെയ്തുകൊണ്ടുവേണം കശ്മീരിന്‍റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന്.