റോഡ് അപകടങ്ങൾ

 
Freepik
Editorial

വേണം, നമുക്ക് മികച്ച റോഡ് സംസ്കാരം

റോഡിൽ യാതൊരുവിധ കളികളും അനുവദിച്ചുകൂടാത്തതാണ്

Reena Varghese

സംസ്ഥാനത്ത് റോഡപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും വലിയ ആശങ്കയായി തുടരുകയാണ്. കഴിഞ്ഞ വർഷങ്ങളിലൊക്കെ വാഹനാപകടങ്ങളുടെ എണ്ണം കൂടുകയാണു ചെയ്തിട്ടുള്ളത്. അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്നു ഗതാഗത വകുപ്പ് വിലയിരുത്തുന്നുണ്ട്. അപ്പോഴും നിരവധിയാളുകൾക്കു ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. അതിലേറെ പേർക്ക് അപകടങ്ങളിൽ സാരമായി പരുക്കേൽക്കുന്നുമുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിൽ 2.25 ലക്ഷം വാഹനാപകടങ്ങളുണ്ടായി എന്നാണു കണക്ക്. 22,000ൽ അധികം പേർക്ക് ഈ അപകടങ്ങളിൽ ജീവൻ നഷ്ടമായിട്ടുണ്ട്. 2021ൽ 33,296 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ 2025ൽ എത്തിയപ്പോഴേക്കും അത് 49,911 ആയി ഉയർന്നു. കഴിഞ്ഞ വർഷങ്ങളിലൊക്കെ നാൽപ്പതിനായിരത്തിനു മുകളിലാണു വാഹനാപകടങ്ങൾ. അപകടങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണം അടക്കം നിരവധി നടപടികൾ വർഷങ്ങളായി നാം സ്വീകരിച്ചുവരുന്നുണ്ട്. പക്ഷേ, അതൊന്നും ഒട്ടും മതിയാവുന്നില്ലെന്നതാണു യാഥാർഥ്യം.

വാഹനാപകടങ്ങൾ മൂലം എത്രയോ കുടുംബങ്ങളാണു തീരാദുഃഖത്തിലാവുന്നത്. നല്ല റോഡുകൾ ഒരുക്കുന്നതിൽ അധികൃതരും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്നതിൽ ഡ്രൈവർമാരും ശ്രദ്ധിക്കുമ്പോഴാണ് അപകടങ്ങൾ കുറയ്ക്കാനാവുക. കേരളത്തിനു റോഡ് സംസ്കാരം ഉണ്ടാവണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ അഭിപ്രായം നൂറു ശതമാനവും ശരിയാണ്. ഇവിടെ അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർക്കു ഗൾഫിൽ എത്തുമ്പോൾ എന്തു ശ്രദ്ധയാണ് എന്നു മുഖ്യമന്ത്രി ഉദാഹരണ സഹിതം പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ അൽപ്പം വിട്ടുവീഴ്ചയൊക്കെയാവാം എന്ന ചിന്ത ഉപേക്ഷിക്കേണ്ടതു തന്നെയാണ്. റോഡിൽ യാതൊരുവിധ കളികളും അനുവദിച്ചുകൂടാത്തതാണ്. പ്രായപൂർത്തിയാവാത്തവർ വണ്ടിയെടുത്തു റോഡിൽ ചെത്തുന്നതടക്കം എന്തൊക്കെ നിയമലംഘനങ്ങളാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. മദ്യപിച്ചു വണ്ടിയോടിക്കരുതെന്ന് ആയിരം വട്ടം പറഞ്ഞാലും അതു ചെവിക്കൊള്ളാത്തവരെ റോഡിൽ കാണുന്നില്ലേ. അമിത വേഗത്തിൽ പായുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സിഗ്നലുകളിൽ വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുക തുടങ്ങി നിയന്ത്രിക്കേണ്ട പ്രവണതകൾ എത്രയാണ്.

നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊലീസുകാർ ആരുടെയും ശുപാർശ കേൾക്കേണ്ടതില്ലെന്നാണു കൊച്ചിയിൽ "ജീവ-സുയാത്ര' മിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. മുഖം നോക്കാതെ നടപടിയെടുത്താൽ ആറു മാസത്തിനകം മാറ്റമുണ്ടാകുമെന്ന വിശ്വാസവും മുഖ്യമന്ത്രിക്കുണ്ട്. നിയമങ്ങൾ കർക്കശമാക്കുന്നു എന്ന അറിവ് വാഹനമെടുത്തു റോഡിലിറങ്ങുന്നവർക്കും ഉണ്ടാവട്ടെ. "ജീവ-സുയാത്ര' ഉദ്ഘാടനച്ചടങ്ങിൽ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മമ്മൂട്ടി ചൂണ്ടിക്കാണിച്ചതു പോലെ നമ്മുടെ സുരക്ഷ മറ്റൊരാളുടെ കൈയിലല്ല എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. റോഡ് അപകടങ്ങളുടെ പ്രധാന കാരണം "ഹ്യൂമൻ എറർ' ആണ് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്.

എന്തായാലും "ജീവ-സുയാത്ര' മിഷൻ നല്ല ഫലം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാം. സർക്കാരിന്‍റെ വെറുമൊരു പരിപാടി മാത്രമായി അതിനെ കാണരുത്. നിരത്തുകളിൽ ചോരയൊഴുകുന്നതു തടയുന്നതിന് അത്രയേറെ പ്രാധാന്യം കൽപ്പിക്കേണ്ടതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ അപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് "ജീവ-സുയാത്ര' മിഷൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ജനങ്ങളെ ബോധവത്കരിച്ച് മികച്ച ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിനാണു മിഷൻ മുൻഗണന നൽകുന്നതെന്നു ഗതാഗത മന്ത്രി സി.പി. ജോൺ അവകാശപ്പെടുന്നുണ്ട്. "എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്' എന്ന ആശയത്തിലൂന്നി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ബോധവത്കരണവും സർക്കാരിന്‍റെ നേതൃത്വത്തിൽ നിയമനടപടികളും ശക്തമാക്കുമത്രേ. കേരളത്തിന്‍റെ കണ്ണീരൊപ്പുന്ന ഒരു ദൗത്യമായി റോഡ് സുരക്ഷാ മിഷൻ മാറുമെന്ന മന്ത്രിയുടെ പ്രതീക്ഷ ഫലം കാണട്ടെ. റോഡ് സുരക്ഷ ഗതാഗത വകുപ്പിന്‍റെയോ പൊലീസിന്‍റെയോ മോട്ടോർ വാഹന വകുപ്പിന്‍റെയോ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നിയമങ്ങൾ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവനു വിലകൽപ്പിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാകണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കു മുൻഗണന നൽകുന്നതും സുരക്ഷിതമായ യാത്രയുടെ ഭാഗമാണ്.

സംസ്ഥാനത്ത് 2021 മുതല്‍ 2026 വരെയുള്ള കാലയളവിലുണ്ടായ റോഡപകട മരണങ്ങളില്‍ പകുതിയും സംഭവിച്ചതു ദേശീയ പാതകളിലാണെന്നു നേരത്തേ പൊതുമരാമത്തു മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. അമിത വേഗവും ഗതാഗത നിയമലംഘനങ്ങളുമാണു ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാകുന്നതെന്നും അദ്ദേഹം പറയുന്നു. റോഡുകളിലെ അപര്യാപ്തതകളും അപകടങ്ങള്‍ക്കു കാരണമാകുന്നു എന്നതു വസ്തുതയാണ്. സര്‍ക്കാര്‍ ഇതിനെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. അപകടങ്ങള്‍ പതിവായ സ്ഥലങ്ങളില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, മറ്റു ബന്ധപ്പെട്ട റോഡ് ഏജന്‍സികള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനകള്‍ നടത്തുന്നത് ഡ്രൈവർമാരിൽ ജാഗ്രതയുണ്ടാക്കാൻ സഹായിക്കും. പ്രധാന അപകട മേഖലകളെ "ബ്ലാക്ക് സ്‌പോട്ടുകളായി' പ്രഖ്യാപിച്ച് പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതും അനിവാര്യമാണ്. അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.