അപകടകരമാവാം, ചില സൗന്ദര്യവർധക വസ്തുക്കൾ
freepik.com representative image
മുഖം വെളുക്കാനായി ഉപയോഗിച്ച ഫേസ് ക്രീമിലെ അമിത മെർക്കുറി പതിനേഴുകാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഉയർന്നിട്ടുള്ള പരാതി അതീവ ഗൗരവമുള്ളതാണ്. ക്രീമിലെ മെർക്കുറിയുടെ അമിത സാന്നിധ്യം മൂലം പെൺകുട്ടിക്കു മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചു എന്നാണു പറയുന്നത്. പെൺകുട്ടിയിപ്പോൾ ചികിത്സയിലാണ്. കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധയിൽ ഈ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയെന്നാണു പറയുന്നത്. താൻ ഒരു വർഷമായി ഈ ക്രീം ഉപയോഗിക്കുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ക്രീമിൽ നിന്നാണു വൃക്കരോഗമുണ്ടായതെന്നു ഡോക്റ്റർമാർ പറഞ്ഞുവെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. ഇതാദ്യമായല്ല ആരോഗ്യത്തിനു ദോഷകരമാവുന്ന സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ചു പരാതി ഉയരുന്നത്. ഇത്തരത്തിലുള്ള പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്നു താനും ഗുരുതരമായ വൃക്ക രോഗത്തിന് ഇരയായെന്നു ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. പതിനേഴുകാരിക്കുണ്ടായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണു തനിക്കും ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. മാസങ്ങളോളം നീണ്ട ചികിത്സകൾക്കു ശേഷമാണ് രോഗത്തിന്റെ കാരണം പോലും കണ്ടെത്താനായത്. രോഗാവസ്ഥ കൊണ്ട് ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറയുന്നു. അംഗീകാരമില്ലാത്ത, വ്യാജ ഫെയർനസ് ക്രീമുകളിൽ പലതിലും ഉയർന്ന അളവിൽ മെർക്കുറി ചേർക്കുന്നുണ്ടാവാം. ക്രീമുകൾ ഉപയോഗിക്കുന്നവർ അതു തിരിച്ചറിയേണ്ടതുണ്ട്. ഉപയോഗിക്കുന്നതിനു മുൻപ് ശരീരത്തിനു ദോഷകരമായ വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സർക്കാർ വളരെ ഗൗരവത്തിൽ ഈ വിഷയത്തെ കാണുന്നുണ്ടെന്നാണു മനസിലാവുന്നത്. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിക്കുകയുണ്ടായി. മനുഷ്യന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്കു കിട്ടുന്ന പരസ്യങ്ങൾ കുട്ടികളെയടക്കം ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്കു മന്ത്രി നിർദേശം നൽകിയിട്ടുണ്ടത്രേ. നിയമവിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉത്പന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റു സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കുമെന്നാണു പറയുന്നത്. ഉറവിടം, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ചു ഗുരുതരമായ ആശങ്കകളുള്ള ഉത്പന്നങ്ങൾ ഇവിടെ വിൽപ്പന നടത്തുന്നുണ്ട്. പാക്കിസ്ഥാൻ വഴി എത്തുന്ന ചില ഉത്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പു തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാരെയും നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ, വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് "ഓപ്പറേഷന് സൗന്ദര്യ' എന്ന പേരിൽ പരിശോധനകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി പത്തു ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടുകയുണ്ടായി. കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മതിയായ കോസ്മെറ്റിക്സ് നിര്‍മാണ ലൈസന്‍സുകളില്ലാതെ നിര്‍മിച്ചു വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെ വിപണിയില്‍ എത്തിച്ചതുമായ സൗന്ദര്യവര്‍ധക വസ്തുക്കളാണു പിടികൂടിയത്. ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പരിശോധനകള്‍ നടത്തി സൗന്ദര്യവര്‍ധക വസ്തുക്കളുടെ സാമ്പിളുകള്‍ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ച് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളിലേക്ക് അയക്കുകയായിരുന്നു. ഇതില്‍ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായ പരിധിയെക്കാള്‍ കൂടുതലായി മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. നിയമം ലംഘിച്ച് ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രം ഇത്തരം വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന അവസാനിക്കുമെന്നു കരുതുക വയ്യ. അവ ഉപയോഗിക്കില്ലെന്ന് ഓരോരുത്തരും ഉറപ്പിക്കുക കൂടി വേണം. അംഗീകൃത ഡോക്റ്റർമാരുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂവെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.