നിയമസഭാ സമ്മേളനം

ഫലപ്രദമാവട്ടെ

 

file image

Editorial

നിയമസഭാ സമ്മേളനം ഫലപ്രദമാവട്ടെ

ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ എന്ന നിലയിൽ സഭയെ കാണാൻ ജനപ്രതിനിധികൾക്കു കഴിയണം.

Reena Varghese

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഇരുപത്തൊമ്പതാം തീയതി വരെയാണു സമ്മേളനമെങ്കിലും അതിനിടയിൽ ഒമ്പതു ദിവസമാണു സഭ ചേരുന്നത്. നിയമ നിർമാണമാണ് ഈ സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യമെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കുറച്ചു ദിവസമാണെങ്കിലും ഏറെ പ്രാധാന്യമുള്ളതാണ് ഈ സമ്മേളനം. രണ്ടു ബില്ലുകള്‍ സഭയിൽ അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി നിയമ നിർമാണ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു തിങ്കളാഴ്ച കാര്യോപദേശക സമിതി യോഗം ചേരുന്നുണ്ട്. സമ്മേളനം ഏറ്റവും അർഥവത്തായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഭരണപക്ഷവും പ്രതിപക്ഷവും തയാറാവേണ്ടതുണ്ട്. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനും കാര്യമാത്ര പ്രസക്തമായി സംസാരിക്കാനും സഭയുടെ വിലപ്പെട്ട സമയം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും എംഎൽഎമാർക്കു കഴിയണം. യുഡിഎഫിന് അധികാരം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റുമൊക്കെയായാണു സമാപിച്ചത്. അതിനു ശേഷം നിയമ നിർമാണത്തിനു പ്രാധാന്യം നൽകി സഭ ചേരുകയാണ്.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടത്തിന്‍റെ വേദിയായി നിയമനിർമാണ സഭകൾ മാറുന്നതാണ് രാജ്യത്തു പൊതുവേ കണ്ടുവരുന്നത്. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനോ നിയമ നിർമാണത്തിൽ ശ്രദ്ധയൂന്നുന്നതിനോ കാര്യമായ പ്രാധാന്യം നൽകാതെ വരുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസ്സത്തയ്ക്കു ചേരുന്നതല്ല. തമ്മിലടിയും വാക്കേറ്റവും ബഹളം മൂലം സഭാ നടപടികൾ നിർത്തിവയ്ക്കലുമൊക്കെയായി തീരുന്ന സമ്മേളനങ്ങൾ ഖജനാവിൽ നിന്നുള്ള കോടിക്കണക്കിനു രൂപയാണു പാഴാക്കുന്നത്. ഓരോ സമ്മേളനം ചേരാനും ചെലവാകുന്നതു ജനങ്ങളുടെ പണമാണ് എന്ന ഓർമ ഓരോ ജനപ്രതിനിധിക്കും ഉണ്ടാവേണ്ടതാണ്. രാഷ്‌ട്രീയ പാർട്ടികളും മുന്നണികളും അതു മറന്നുകൂടാ.

പാർലമെന്‍റിന്‍റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ പ്രധാനപ്പെട്ട പല നിയമ നിർമാണങ്ങളും ഉൾക്കൊള്ളുന്ന ബില്ലുകൾ കാര്യമായി ചർച്ചയൊന്നുമില്ലാതെയാണു പാസാക്കിയെടുത്തത്. അതീവ ദുഃഖകരമായ സംഗതിയാണിത്. അവതരിപ്പിച്ച 12 ബില്ലുകളിൽ പതിനൊന്നും കാര്യമായ ചർച്ചയില്ലാതെയാണു പാസാക്കിയത്. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന ബില്ലിനു വേണ്ടി മാത്രമാണു കൂടുതൽ സമയം എടുത്തത്. ബാക്കി ബില്ലുകൾ പാസാക്കിയെടുക്കാൻ വേണ്ടിവന്നതു നിസാര സമയം മാത്രം. ധാതു ഖനനത്തിന്മേൽ നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ അഞ്ചു മിനിറ്റ് കൊണ്ട് യാതൊരു ചർച്ചയുമില്ലാതെ ലോക്സഭ പാസാക്കി. തുടർച്ചയായ പ്രതിഷേധങ്ങളും തടസപ്പെടുത്തലുകളുമായിരുന്നു പാർലമെന്‍റിൽ കണ്ടത്. പത്തൊമ്പതു ശതമാനം മാത്രമായിരുന്നു ലോക്സഭയുടെ ഫലപ്രാപ്തി. ബില്ലുകളെക്കുറിച്ചു ചർച്ചകൾ നടക്കണം എന്നു മാത്രമല്ല അതിനു ഗുണനിലവാരം ഉണ്ടായിരിക്കുകയും വേണം. ജനോപകാരപ്രദമായ ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നത് ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും ഭൂഷണമല്ല.

ഒട്ടേറെ വിഷയങ്ങൾ നിയമസഭയുടെ ഈ സമ്മേളനകാലത്തു സജീവമായുണ്ട് എന്നതു വാസ്തവമാണ്. അതിൽ തന്നെ ചൂടേറിയ രാഷ്‌ട്രീയ വിഷയങ്ങൾ പലതുണ്ട്. മാസപ്പടി കേസിൽ ഇരുപക്ഷവും സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ സഭയിൽ പ്രതിഫലിക്കാനാണു സാധ്യത. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അഴിമതി നിയമപ്രകാരം ഉടനെ കേസെടുക്കണമെന്ന കോടതിയുടെ ഉത്തരവ് സിപിഎമ്മിനു തിരിച്ചടിയാണ്. കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ എഫ്ഐആർ ഇടാതെ എസ്ഐടി രൂപീകരിച്ചതു നിയമവിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാഥമികാന്വേഷണത്തിനു ശേഷം കേസെടുക്കുക എന്ന സർക്കാരിന്‍റെ നിലപാടാണു കോടതി തള്ളിയിരിക്കുന്നത്. എല്ലാ തെളിവുകളും വിജിലൻസിനു കൈമാറാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവനുസരിച്ച് വിജിലൻസ് കേസെടുക്കുന്നത് രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവയ്ക്കുമെന്നുറപ്പാണ്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, പിണറായിയുടെ മകൾ വീണ വിജയൻ എന്നിവരെ ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന നീക്കങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നാണു സിപിഎം വാദിക്കുന്നത്. സിപിഎമ്മിനെ തകർക്കാനുള്ള രാഷ്‌ട്രീയക്കളിയാണിത് എന്നാണ് അവർ പറയുന്നതും. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര, നേതാക്കളുടെ ബന്ധുനിയമനം, ബിജെപി നേതാവിന്‍റെ ആരോഗ്യ വകുപ്പിലെ നിയമനം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചേക്കാം. തലസ്ഥാന നഗരിയിലുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങളും അക്രമവും സഭയിൽ ഉയർന്നു വന്നേക്കും. വൈദ്യുതി പ്രതിസന്ധി, സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം എന്നിങ്ങനെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളുണ്ട്. പിഎസ്‌‌സിക്കെതിരായ ആരോപണങ്ങളും വിഷയമാണ്. എന്തായാലും പരസ്പരം കരിവാരിത്തേക്കുന്നതിനും സഭാ നടപടികൾ പ്രക്ഷുബ്‌ധമാക്കുന്നിനും മാത്രമായി സമ്മേളനകാലം ഉപയോഗപ്പെടുത്തരുത്. ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ എന്ന നിലയിൽ സഭയെ കാണാൻ ജനപ്രതിനിധികൾക്കു കഴിയണം. സഭയുടെ പവിത്രതയും അന്തസും കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഏതാനും മണിക്കൂറുകൾ മാത്രം പ്രവർത്തിച്ചു പിരിയുന്ന രീതി ഒട്ടും നല്ലതല്ല.