തെരഞ്ഞെടുപ്പു കമ്മിഷൻ
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരുകളാണ് ഇവിടെ ഭരണം നടത്തുന്നത്. ഈ തെരഞ്ഞെടുപ്പു നൂറു ശതമാനവും സത്യസന്ധവും നേരായ വഴിക്കുള്ളതുമാണെന്നു ഉറപ്പുവരുത്തുകയെന്ന വളരെ ഭാരിച്ച ഉത്തരവാദിത്വമാണ് തെരഞ്ഞെടുപ്പു കമ്മിഷനുള്ളത്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വിശ്വാസ്യതയും നിലനിൽക്കുന്നത്. അതിനാൽ തന്നെ കമ്മിഷന്‍റെ പ്രവർത്തനം പരിപൂർണമായും സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം. അതു ജനങ്ങൾക്കു ബോധ്യപ്പെടുകയും വേണം.
സമീപകാലത്തു പലവിധത്തിലുള്ള വിമർശനങ്ങളും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയുടെ "വോട്ട് കൊള്ള'യ്ക്കു കമ്മിഷൻ കൂട്ടുനിൽക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പലവട്ടം ആരോപിച്ചിട്ടുണ്ട്. കമ്മിഷൻ പക്ഷഭേദം കാണിക്കുന്നതായി പല പ്രതിപക്ഷ കക്ഷികളും കുറ്റപ്പെടുത്തിയിട്ടുണ്ട്. കമ്മിഷന്‍റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) വലിയ വിവാദമായി മാറിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ വോട്ടു കുറച്ച് ബിജെപിയെ സഹായിക്കുന്നതിനാണ് എസ്ഐആർ ലക്ഷ്യമിട്ടതെന്ന് ആരോപണമുയർന്നിട്ടുണ്ട്. അപ്പോഴൊക്കെ ആരോപണങ്ങൾ നിഷേധിച്ചു രംഗത്തു വന്നിട്ടുള്ള കമ്മിഷൻ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ പ്രതിബദ്ധതയും സത്യസന്ധതയും ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, കമ്മിഷനുള്ളിൽ തന്നെ ശക്തമായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ രാജ്യത്തിന് ആശങ്കയുണ്ടാവുന്നതു സ്വാഭാവികമാണ്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനോട് മറ്റു രണ്ടു കമ്മിഷണർമാർക്കും വിയോജിപ്പുകളുണ്ട് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. ഇവർ മൂന്നു പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാൽ ഭൂരിപക്ഷമെന്ന നിലയിൽ രണ്ടു പേരുടെ അഭിപ്രായത്തിനാണു പരിഗണന കിട്ടേണ്ടത്. അതാണു നടപ്പാക്കേണ്ടത്. എന്നാൽ, കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വിയോജിപ്പു പ്രകടിപ്പിച്ച കാര്യങ്ങളിലും കമ്മിഷൻ ആ തീരുമാനവുമായി മുന്നോട്ടുപോയി എന്നാണു കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിൽ വന്ന റിപ്പോർട്ട്. ഇതു വലിയ വിവാദമായി മാറുകയും ചെയ്തിരിക്കുന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഭൂരിപക്ഷ തീരുമാനമല്ല കമ്മിഷനുള്ളിൽ നടപ്പാക്കപ്പെടുന്നത് എന്നാണു കരുതേണ്ടിവരുന്നത്. അതു വളരെ ഗുരുതരമായ വിഷയവുമാണ്.
കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളുടെ അറിവില്ലാതെയും തീരുമാനങ്ങളില്ലാതെയും സ്വീകരിച്ച പതിനാലോളം നടപടികളിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനോട് മറ്റു രണ്ടു കമ്മിഷണർമാരും ഔദ്യോഗികമായി വിയോജിപ്പു രേഖപ്പെടുത്തിയെന്നാണു റിപ്പോർട്ടുള്ളത്. എസ്ഐആർ നടപടിക്രമങ്ങളിലും ഫോം ആറിലെ മാറ്റങ്ങളിലും കേന്ദ്രീകൃത ഡേറ്റാബേസ് നിയന്ത്രണത്തിലും ഭിന്നത രൂക്ഷമായിരുന്നുവത്രേ. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രധാന തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചതായി രണ്ടു കമ്മിഷണർമാരും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്ക് അയച്ച കുറിപ്പുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷ്കുമാറിന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്നും അതു നടപ്പായി എന്നും ആരോപിക്കപ്പെടുന്ന സാഹചര്യം ഉടലെടുത്തതു തികച്ചും നിർഭാഗ്യകരമാണ്. കമ്മിഷണർമാർ ഇക്കാര്യത്തിൽ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. ഭിന്നാഭിപ്രായങ്ങൾ ജനാധിപത്യപരമായ ചർച്ചകളുടെ ഭാഗം മാത്രമാണെന്ന നിലപാടാണു തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചിട്ടുള്ളതും. എന്നാൽ, ഭിന്നാഭിപ്രായങ്ങളിൽ അന്തിമ തീരുമാനമെടുത്തതു ജനാധിപത്യപരമായ രീതിയിലല്ല എന്നതാണു പ്രതിപക്ഷ ആരോപണം. നിർദിഷ്ട നിയമ ഭേദഗതികളില്ലാതെ വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കാനുള്ള ഫോം 6ൽ മാറ്റം വരുത്തുന്നതു നിയമ വിരുദ്ധമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർമാരായ ഒ.പി. റാവത്തും എസ്.വൈ. ഖുറൈഷിയും പറയുന്നുണ്ട് എന്നതു കൂടി ഇതിനോടു ചേർത്തു പറയേണ്ടതുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. അടിയന്തര അന്വേഷണവും അവർ ആവശ്യപ്പെടുന്നുണ്ട്. ഗ്യാനേഷിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാനേഷിന്‍റെ നേതൃത്വത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളുടെയും സ്വതന്ത്ര പരിശോധനയും കോൺഗ്രസ് ആവശ്യപ്പെടുകയാണ്. 48 മണിക്കൂറിനകം ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ദേശവ്യാപകമായ പ്രതിഷേധവും ജന്തർ മന്തർ പ്രതിഷേധവും സിജെപി പ്രഖ്യാപിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ചു വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആവശ്യപ്പെട്ടിരിക്കുകയാണ്. എം.കെ. സ്റ്റാലിനും ഉദ്ധവ് താക്കറെയും അഖിലേഷ് യാദവും ഗ്യാനേഷ് കുമാറിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടികളിൽ ഇതുപോലെ ആരോപണങ്ങൾ ഉയരുന്നത് ഒട്ടും സുഖകരമായ സംഗതിയല്ല. കമ്മിഷനിലുള്ള ജനവിശ്വാസം ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണ്.