ഇ-മാലിന്യമുക്തം:
വയനാടിന്റെ നേട്ടം അഭിമാനകരം
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട് എത്തുമ്പോൾ അതിന്റെ അഭിമാനം നാടിനൊന്നാകെയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തു ചില മാതൃകാ ഗ്രാമങ്ങൾ ഇ-മാലിന്യ മുക്ത പദവി നേടിയിട്ടുണ്ടെങ്കിലും ഒരു ജില്ലയും ഇതുവരെ ഈ നേട്ടം കൈവരിച്ചിട്ടില്ല.
മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ വികസന മാതൃക വയനാട്ടിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണു പ്രവർത്തനങ്ങൾ നടക്കുന്നതെന്നു കൃഷി മന്ത്രി ടി. സിദ്ധിഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര വികസനവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന ഈ മാതൃക രാജ്യത്തെ മറ്റു ജില്ലകൾക്കും പ്രചോദനമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്തായാലും കേരളത്തിലെ മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കേണ്ടതും മറ്റു സംസ്ഥാനങ്ങൾ അതുകണ്ട് പഠിക്കേണ്ടതുമാണ്. സംസ്ഥാനത്തു വീടുകളിൽ നിന്നും സർക്കാർ ഓഫിസുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമെല്ലാം ഇ-മാലിന്യം ശേഖരിക്കുന്നത് ഹരിത കർമസേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ്. ഇത്തരത്തിലുള്ള സംഭരണവും അതിന്റെ സംസ്കരണവും കൂടുതൽ കാര്യക്ഷമമായി നടക്കേണ്ടതുണ്ട് എന്നതാണു വസ്തുത. ശാസ്ത്രീയ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതടക്കം നടപടികളുണ്ടാവണം. നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പിലാക്കുന്നതിലും അതു നിരീക്ഷിക്കുന്നതിലും ശ്രദ്ധയുണ്ടാവണം. ഇ-മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കൂന്നുകൂട്ടുന്നതും പ്രകൃതിക്കും മനുഷ്യനും ഭീഷണി ഉയർത്തുന്നതാണ്. മണ്ണും വെള്ളവും മലിനമാകും. ആരോഗ്യത്തെ ബാധിക്കും. ലെഡ്, മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയവ മണ്ണിലും വെള്ളത്തിലും കലരുന്നത് ഒഴിവാക്കേണ്ടതാണ്. ഇ- മാലിന്യ ഭീഷണി ഒഴിവാക്കുന്നതിൽ വളരെയേറെ കാര്യങ്ങൾ ഇനിയും നമുക്കു ചെയ്യാനുണ്ട്. അതിനിടയ്ക്കാണ് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് മാറുന്നത്.
കഴിഞ്ഞ മൂന്നു മാസമായി ജില്ലയിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇ- മാലിന്യമുക്ത ജില്ല എന്ന നേട്ടം. വീടുകൾ, സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കെട്ടിക്കിടന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുകയുണ്ടായി. ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും ഏകോപിത ശ്രമങ്ങളിലൂടെ 97.26 ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണു ശേഖരിച്ചത്. കലക്ഷൻ ഡ്രൈവിൽ പങ്കെടുക്കാൻ കഴിയാത്ത സർക്കാർ സ്ഥാപനങ്ങൾക്ക് കലക്റ്ററേറ്റിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശേഖരണ സൗകര്യങ്ങൾ ഒരുക്കി. ഈ-മാലിന്യത്തിന്റെ അപകടത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനു ബന്ധപ്പെട്ടവർക്കു കഴിഞ്ഞു. എല്ലാ മേഖലയിലുള്ള ആളുകളുടെയും കൂട്ടായ പരിശ്രമവും പങ്കാളിത്തവുമാണ് ഈ ദൗത്യത്തെ വിജയത്തിലെത്തിച്ചത്. സമ്പൂർണ ഇ-മാലിന്യമുക്ത ജില്ല എന്ന പ്രഖ്യാപനത്തോടെ എല്ലാം കഴിയുന്നില്ല. ഇ-മാലിന്യമുക്തമായി തുടരാനുള്ള തുടർ പ്രവർത്തനങ്ങളും യാതൊരു വീഴ്ചയുമില്ലാതെ നടക്കേണ്ടതുണ്ട്. ഇ-മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നില്ലെന്ന് ഓരോ ദിവസവും ഉറപ്പാക്കണം. അതു ചെറിയ ജോലിയൊന്നുമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും എല്ലാം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ജനങ്ങളുടെ പൂർണ സഹകരണം തുടർന്നും ഉണ്ടാവണം.
ഇ- മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വയനാടിനെ പ്ലാസ്റ്റിക് രഹിതവും പ്രകൃതി സൗഹൃദവുമാക്കുന്നതിനുള്ള പുതിയ പദ്ധതി കൂടി തുടങ്ങുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായും ഒഴിവാക്കുക, ജില്ലയുടെ വനമേഖലയെയും ജലസ്രോതസുകളെയും സംരക്ഷിക്കുക, വയനാടിനെ കാർബൺ- ന്യൂട്രൽ ജില്ലയാക്കി മാറ്റുക എന്നിവയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യ ശേഖരണവും സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ വയനാട് സൃഷ്ടിക്കുന്ന മാതൃക കേരളത്തിനു പ്രചോദനമായി മാറട്ടെ. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന് "നിർമലം- പുതുയുഗ ശുചിത്വ കേരളം' എന്ന പദ്ധതിക്കു സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. അഞ്ചു വർഷം കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണു ലക്ഷ്യം. ശുചിത്വമിഷൻ ഏകോപിപ്പിക്കുന്ന ഈ പദ്ധതി മൂന്നു ഘട്ടങ്ങളായാണു നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ മാതൃകാ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതടക്കം ഇതിൽ ഉൾപ്പെടും. ഈ പദ്ധതിക്കു കരുത്തു പകരുന്നതാണു വയനാടിന്റെ നേട്ടം എന്നതിൽ സംശയമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിലവിലുള്ള സൗകര്യങ്ങൾ വിനിയോഗിക്കുന്നതിലുള്ള അലസതയും മലിനീകരണം നിരീക്ഷിക്കുന്നതിലുള്ള പോരായ്മകളും മാലിന്യ നിർമാർജനത്തിൽ കേരളം പരിഹരിക്കേണ്ടതായിട്ടുണ്ട്.