ലോക കേരള സഭ ഇനി തുടരില്ലെന്നു സർക്കാ
ലോകത്തിന്‍റെ ഏതു ഭാഗത്തു പോയാലും മലയാളികളുണ്ട്. ഈ പ്രവാസി മലയാളികളുടെയെല്ലാം സാംസ്കാരിക, സാമൂഹിക, സാമ്പത്തിക സംയോജനത്തിനായുള്ള വേദി എന്ന നിലയിലാണ് ലോക കേരള സഭയെ മുൻ എൽഡിഎഫ് സർക്കാർ കണ്ടത്. പ്രവാസികളും നാട്ടിലുള്ള കേരളീയരും തമ്മിലുള്ള സഹകരണം സുഗമമാക്കി കേരളത്തിന്‍റെ വികസനത്തിനായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നു ചിന്തിക്കുന്നതും അതിനു വേണ്ടി പ്രവർത്തിക്കുന്നതും തെറ്റൊന്നുമല്ല. ലോകമെമ്പാടുമുള്ള കേരളീയർക്കായി ഒരു പൊതുവേദി എന്ന കാഴ്ചപ്പാട് അതുകൊണ്ടു തന്നെ ശ്രദ്ധേയവുമായി. കേരളത്തെ കാലത്തിനു ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമസമൂഹവും വികസിത നാടും യാഥാർഥ്യമാക്കുമെന്ന സന്ദേശമാണ് ലോക കേരള സഭ മുന്നോട്ടുവച്ചത്. പക്ഷേ, ഇതുവരെ നടന്ന അഞ്ചു ലോക കേരള സഭ സമ്മേളനങ്ങൾ നാടിനെന്തു സംഭാവന നൽകി എന്ന ചോദ്യം ബാക്കിയാണ്. പ്രവാസികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുക, സംസ്ഥാനത്തിന്‍റെ വികസനത്തിനു പ്രവാസികളെ സമന്വയിപ്പിക്കുക, ക്രിയാത്മകമായ നിർദേശങ്ങളം സംഭാവനകളും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളിൽ എത്രത്തോളം വിജയിച്ചു എന്നതിൽ പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. സഭ മുന്നോട്ടുവയ്ക്കുന്ന പല നിർദേശങ്ങളും നടപ്പാവുന്നില്ലെന്നും ആരോപണമുണ്ട്.
കോടികൾ മുടക്കിയുള്ള അനാവശ്യമായ ധൂർത്ത് സമ്മേളനങ്ങൾ എന്ന പേരിൽ പ്രതിപക്ഷം ഇതിനെ അതിശക്തമായി എതിർത്തിരുന്നു എന്നതും ഇതോടൊപ്പം കാണണം. പണമുള്ളവനെ മാത്രം വിളിച്ചുകയറ്റി അടുത്തിരുത്തുന്ന പരിപാടി എന്നൊക്കെയാണു കുറ്റപ്പെടുത്തിയിരുന്നത്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. അതായത് രാഷ്ട്രീയ നേതാക്കൾക്കിടയിലും പാർട്ടികൾക്കിടയിലും ഒരു പൊതുഅഭിപ്രായം സ്വരൂപിക്കാൻ ലോക കേരള സഭയ്ക്കു കഴിഞ്ഞില്ല. ഈ സംരംഭം ദയനീയ പരാജയമാണെന്ന അന്നത്തെ പ്രതിപക്ഷത്തിന്‍റെ വിലയിരുത്തൽ ലോക കേരള സഭാ സമ്മേളനങ്ങളുടെ ഭാവിയിൽ ആശങ്ക ഉയർത്തിയിരുന്നു. അതിപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. ലോക കേരള സഭ ഇനി തുടരില്ലെന്നു സർക്കാർ വ്യക്തമാക്കിയിരിക്കുന്നു. യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനമാണ് അതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്‍റെ കാലത്തു നടത്തിയതു പോലെ ലോക കേരള സഭ സംഘടിപ്പിക്കുന്നതു സർക്കാരിന്‍റെ പരിഗണനയിലില്ല. ലോക കേരള സഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല- മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.
നേരത്തേ, ലോക കേരള സഭ തുടരാൻ സർക്കാർ തീരുമാനിച്ചു എന്ന നിലയിൽ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. ഈ വിഷയത്തിലും സർക്കാർ യു ടേൺ അടിക്കുന്നു എന്ന ആക്ഷേപം ഉയർന്ന ശേഷമാണ് ഇപ്പോഴത്തെ വിശദീകരണം വന്നിരിക്കുന്നത്. രണ്ടു കോടി രൂപ അനുവദിച്ചത് ലോക കേരള സഭയുടെ സമ്മേളനം വിളിക്കാനല്ല എന്നാണു വിശദീകരണം. ലോക കേരളസഭാ സെക്രട്ടേറിയറ്റിനു നിലവിൽ ഓഫിസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റിവ് ചെലവിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നതത്രേ. പ്രവാസികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുള്ള ഭരണസംവിധാനമായി സെക്രട്ടേറിയറ്റ് ഓഫിസ് തുടരുമെന്നാണോ ഇതിനർഥം എന്നു വ്യക്തമാവേണ്ടതുണ്ട്. എന്തായാലും ആഘോഷപൂർവമുള്ള വലിയ സമ്മേളനങ്ങൾ ഇല്ലാതാവുന്നു എന്നാണു കരുതേണ്ടത്.
ലോക കേരള സഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രവാസികളുടെ ക്ഷേമത്തിനു മുൻഗണന നൽകേണ്ടതു കേരളത്തിന്‍റെ പുരോഗതിക്ക് അത്യാവശ്യമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പ്രവാസികൾക്ക് അത്രയേറെ പ്രാധാന്യമുള്ള സംസ്ഥാനമാണിത്. നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ വിദേശ രാജ്യങ്ങളിൽ പോയി തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് നിർണായക പങ്കാണുള്ളത്. പ്രവാസിപ്പണത്തെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ട്. ഇന്ത്യയിലേക്കു വരുന്ന പ്രവാസിപ്പണത്തിന്‍റെ 20 ശതമാനത്തോളം കേരളത്തിലേക്കാണ് എത്തുന്നത്. ഇതെല്ലാം ഏതു കാലത്തായാലും നാം കണക്കിലെടുത്തേ തീരൂ. പ്രവാസി മലയാളികൾക്കു സർക്കാരുമായി ബന്ധപ്പെടുന്നതിനും ആശയ വിനിമയം നടത്തുന്നതിനുമുള്ള സംവിധാനം അത് എന്തു തന്നെയായാലും ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്നതാവണം. ആ സംവിധാനം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടതു സർക്കാർ തന്നെയാണ്. നിരവധി കോടികൾ ചെലവിട്ടുള്ള ആഘോഷപൂർവമായ സമ്മേളനങ്ങൾ കെട്ടുകാഴ്ചകളായി മാറുന്നുവെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുമില്ല