pm modi address on India-China border dispute read editorial
pm modi address on India-China border dispute read editorial 
Editorial

അതിർത്തിയിൽ സമാധാനം, ചൈന തയാറായാൽ മാത്രം | മുഖപ്രസംഗം

ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനു ക്രിയാത്മകമായ ഉഭയകക്ഷി നടപടികൾ ഉണ്ടാവണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ അഭിപ്രായം ശ്രദ്ധേയമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു കാലമായതിനാൽ തന്നെ മോദിയുടെ ഈ അഭിപ്രായത്തിന് രാജ്യത്തിനകത്ത് രാഷ്ട്രീയ പ്രതികരണങ്ങളും ഉണ്ടാവുന്നുണ്ട്. അതിർത്തി കാക്കുന്നതിനിടെ ചൈനീസ് ആക്രമണങ്ങളിൽ ജീവൻ വെടിയേണ്ടിവന്ന സൈനികരോടുള്ള അവഹേളനമാണ് മോദിയുടെ ഈ നിലപാട് എന്നത്രേ കോൺഗ്രസ് ആരോപിക്കുന്നത്. മോദിയുടെ ദുർബലമായ മറുപടി ഇന്ത്യൻ മണ്ണിൽ അവകാശം ഉന്നയിക്കാൻ ചൈനയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചുകണ്ടു.

അതേസമയം, മോദിയുടെ ഈ അഭിപ്രായത്തെ തികച്ചും ക്രിയാത്മകമായ പ്രതികരണമായി കാണുന്നവരുണ്ട്. അമെരിക്കൻ മാസിക ന്യൂസ് വീക്കിനു നൽകിയ അഭിമുഖത്തിലാണ് ദീർഘകാലമായുള്ള ഇന്ത്യ- ചൈന അതിർത്തിത്തർക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന നിലപാട് ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിച്ചത്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ നടത്തി അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. ചൈനയുമായുള്ള ബന്ധം ഇന്ത്യയ്ക്കു പ്രധാനമാണ്. സുസ്ഥിരവും സമാധാനപരവുമായ ഇന്ത്യ- ചൈന ബന്ധം ഇരു രാജ്യങ്ങൾക്കും മാത്രമല്ല മേഖലയ്ക്കും ലോകത്തിനു തന്നെയും പ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു.

ലോക രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്താണ് ഇന്ത്യയും ചൈനയുമുള്ളത്. ലോക ജനസംഖ്യയിൽ ‍ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. ആണവ ശക്തികൾ. വ്യവസായ മേഖലയിലും സാമ്പത്തിക രംഗത്തും കരുത്തു കാണിക്കുന്ന രാജ്യങ്ങൾ. പരസ്പരം വിശ്വസിച്ചും സഹകരിച്ചും മുന്നോട്ടുപോയാൽ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉണ്ടാകാവുന്ന നേട്ടങ്ങൾ അനവധിയാണ്. അതിർത്തി തർക്കത്തിന്‍റെ പേരിലുള്ള സംഘർഷം കൂട്ടായ പുരോഗതിക്കുള്ള വലിയ സാധ്യതയാണു നഷ്ടപ്പെടുത്തുന്നത്. ആ നിലയ്ക്ക് സുസ്ഥിരമായ ബന്ധങ്ങൾക്കുള്ള നീക്കങ്ങളിൽ പ്രതീക്ഷ വയ്ക്കുന്നതു മോശമായി കാണേണ്ടതില്ല. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ-ചൈന കോർപ്സ് കമാർഡർ തല ചർച്ചകൾ നടന്നുവരുന്നുണ്ട്. 21 റൗണ്ട് ചർച്ചകൾ ഇതുവരെ നടന്നു. ആശയവിനിമയം തുടരാൻ തീരുമാനിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക് സമാധാന നീക്കങ്ങളിൽ പ്രതീക്ഷ വയ്ക്കാവുന്നതുമാണ്.

എന്നാൽ, ഇന്ത്യയുടെ നിലപാടിന് അനുകൂലമായ പ്രതികരണം ചൈനയിൽ നിന്ന് വാക്കുകളിൽ മാത്രം ഉണ്ടായാൽ പോരാ. പ്രവർത്തിയിലും അവർ അതു കാണിക്കണം. നല്ല ബന്ധം ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് ഉതകുമെന്നാണ് മോദിയുടെ അഭിപ്രായത്തോട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടുള്ളത്. മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും അത് ഉപകരിക്കുമെന്നും അവർ പറയുകയുണ്ടായി. ഈ വാക്കുകൾക്കനുസരിച്ച് പ്രവർത്തിക്കാനും പരസ്പര വിശ്വാസം വളർത്താനും ചർച്ചയിലും സഹകരണത്തിലും ഉറച്ചു നിൽക്കാനും ചൈനയ്ക്കു കഴിയുമോ എന്നതാണ് അറിയാനുള്ളത്. ഇന്ത്യയുടെ വിശ്വാസം ലംഘിക്കുന്ന നടപടികൾ പലപ്പോഴും ചൈനീസ് ഭാഗത്തുനിന്ന് ഉണ്ടാവുന്നതാണല്ലോ കൂടെക്കൂടെ സംഘർഷം സൃഷ്ടിക്കുന്നത്.

ഏതാനും ദിവസം മുൻപാണ് അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ചൈന മാറ്റിയതിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിശിതമായി വിമർശിച്ചത്. ഇന്ത്യയുടെ ഭാഗമാണ് അരുണാചൽ. അവിടെ ചൈനയ്ക്ക് ഒരവകാശവുമില്ല. ചൈന പേരുമാറ്റി ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പ്രകോപനം ഉണ്ടാക്കുക എന്നതല്ലാതെ ഇതിൽ കാര്യമൊന്നുമില്ല. നേരത്തേ, ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശും അക്സായ് ചിൻ മേഖലയും ചൈനീസ് മേഖലകളായി കാണിച്ച് അവർ ഭൂപടം ഇറക്കിയിരുന്നു. ഇതിനെതിരേ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം ചൈനയെ അറിയിക്കുകയുണ്ടായി. വസ്തുതകൾക്കു നിരക്കാത്ത ഭൂപടം ഇടക്കിടെ പുറത്തുവിടുന്ന ശീലം ചൈനയ്ക്കുണ്ടെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അന്നു പ്രതികരിച്ചത്. എല്ലാ അയൽ രാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന ഇന്ത്യയുടെ ആഗ്രഹം നടപ്പാവണമെങ്കിൽ അയൽ രാജ്യങ്ങളും സഹകരിക്കണം. നമ്മുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ശ്രമിച്ചാൽ അതിനോടു വേണ്ടവിധത്തിൽ പ്രതികരിക്കാനും ഇന്ത്യയ്ക്കു കഴിയും. അതു നാം തെളിയിച്ചിട്ടുമുണ്ട്.

ലോറിക്ക് പിന്നിൽ ബസിടിച്ചു; തമിഴ്‌നാട്ടിൽ 4 മരണം; 15-ലധികം പേർക്ക് പരുക്ക്

ഇനി മഴക്കാലം; കേരളത്തിൽ മേയ് 31 ഓടെ കാലവർഷമെത്തും

മംഗലപ്പുഴ പാലം അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം; വിശദാംശങ്ങൾ

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി