സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു.
ആത്മനിർഭരതയിൽ ഊന്നിയും രാജ്യത്തിന്‍റെ ഭാവി വളർച്ച നിർണയിക്കുന്ന ഏഴു മേഖലകളെ പരാമർശിച്ചുമാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. വലുതാകുന്ന സ്വപ്നങ്ങളും അതിലൂടെ വിശാലമാകുന്ന ചിന്തകളും ഇന്ത്യയെ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്തിക്കുന്നതിനു സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിനുണ്ടായ നേട്ടങ്ങൾ വിവരിച്ച പ്രധാനമന്ത്രി "ആത്മനിർഭർ ഭാരത്' എന്ന സങ്കൽപ്പത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നു വ്യക്തമാക്കുകയാണ്. രാജ്യത്തെ അടുത്ത ഘട്ടം വളർച്ചയിലേക്കു നയിക്കാൻ മോദി ചൂണ്ടിക്കാണിച്ച "സപ്തധാര' രാജ്യത്തിനു സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹായകരമാവുന്നതാണ്.
മാനുഫാക്ചറിങ് മേഖല (നിർമാണ മേഖല)യിലെ വളർച്ചയാണ് സപ്തധാരയിലെ ആദ്യ ധാരയായി മോദി പറയുന്നത്. ഭാവി വളർച്ചയുടെ എന്‍ജിൻ എന്ന നിലയിലാണ് ഈ മേഖലയെ അദ്ദേഹം കാണുന്നത്. പൂർണ വസ്തുക്കളുടെ നിർമാണവും അതിനാവശ്യമായ ഘടക വസ്തുക്കളുടെ നിർമാണവും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ആഗോള വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുക എന്നതാണു പ്രധാനമന്ത്രി മുന്നിൽക്കാണുന്ന ഈ മേഖലയിലെ വികസനം. ആഗോള തലത്തിൽ മത്സരിക്കാനുള്ള ഗുണനിലവാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുണ്ടാവുക എന്നത് ഇതിൽ പ്രധാനമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള സർക്കാർ പദ്ധതികൾ നിർമാണ മേഖലയുടെ വളർച്ച ലക്ഷ്യമാക്കിയുള്ളതാണ്. ഇന്ത്യയെപ്പോലെ യുവശക്തി ഏറെയുള്ള ഒരു രാജ്യത്തിന് ഊർജസ്വലമായ നിർമാണ മേഖല കെട്ടിപ്പടുക്കാൻ അനായാസം കഴിയേണ്ടതാണ്. സർക്കാർ ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകുന്നത് അതുകൊണ്ടു തന്നെ സ്വാഗതാർഹവുമാണ്. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ പതിനേഴു ശതമാനത്തോളമാണ് മാനുഫാക്ചറിങ് മേഖലയുടെ സംഭാവന. ചൈനയിൽ അത് 25 ശതമാനത്തോളമാണ്. ഈ മേഖലയിൽ ഇനിയും വലിയ കുതിച്ചുചാട്ടത്തിനു നമുക്ക് അവസരമുണ്ടെന്നാണ് ഇതു കാണിക്കുന്നത്.
മോദി പരാമർശിക്കുന്ന രണ്ടാമത്തെ ഘടകം കൃഷിയും കർഷകരുമാണ്. കാർഷിക രംഗത്ത് ഏറെ മുന്നോട്ടുപോകാനുണ്ട് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. അതിനുള്ള സാധ്യതകളും രാജ്യത്തിനുണ്ട്. പല രാജ്യങ്ങളുമായിട്ടുള്ള സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ നമ്മുടെ കർഷകർക്ക് ലോക വിപണി തുറന്നു കിട്ടിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ട്. അപ്പോഴും വിളനാശവും വിലക്കുറവും അടക്കം കർഷകർ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾ സർക്കാർ തലത്തിൽ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു എന്നു പറയേണ്ടതുണ്ട്. നമ്മുടെ പരമ്പരാഗത ഭക്ഷ്യ വസ്തുക്കൾ ആഗോള ബ്രാൻഡുകളായി മാറണമെങ്കിൽ സർക്കാർ കർഷകരുടെ കൈപിടിക്കുക തന്നെ വേണം. പ്രധാനമന്ത്രി പിന്നെ പറയുന്നതു സാങ്കേതിക വിദ്യയെക്കുറിച്ചാണ്. എഐയുടെയും ഡാറ്റ സെന്‍ററുകളുടെയും റോബോട്ടിക്സിന്‍റെയുമൊക്കെ കാലമാണിത്. ഉയർന്നുവരുന്ന പുതിയ സാങ്കേതിക വിദ്യകളുടെ ഹബ്ബായി രാജ്യത്തെ മാറ്റുന്നതിന് യുവാക്കൾക്കു സർവവിധ പിന്തുണയും അനിവാര്യമാണ്. ഒരു കോടി യുവാക്കൾക്ക് എഐ, സെമി കണ്ടക്റ്റർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുമെന്നും തൊഴിലവസരം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറയുന്നുണ്ട്. ശ്രദ്ധേയമായ നടപടിയാണത്.
ഗതാഗതവും കണക്റ്റിവിറ്റിയും ഉൾപ്പെടുന്ന ഗതിശക്തിയാണു മറ്റൊരു ഘടകം. പുതിയ റോഡുകളും അതിവേഗ റെയ്‌ലും തുറമുഖ വികസനവുമൊക്കെ ഇതിലുൾപ്പെടുന്നു. റോഡ്, റെയ്‌ൽ, വ്യോമ, ജലഗതാഗത മേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന, അടിസ്ഥാന സൗകര്യ പദ്ധതികളെ സംയോജിപ്പിക്കുന്ന ഗതിശക്തി പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ട്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണു മറ്റൊരു ഘടകം. ഈ ദിശയിൽ ഏറെ പ്രവർത്തനങ്ങൾ നാം നടത്തിക്കഴിഞ്ഞു. ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ട്. രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതിൽ ഈ മേഖലയിലെ സ്വയംപര്യാപ്തത ഏറെ പ്രാധാന്യമുള്ളതാണ്. അടുത്ത തലമുറ പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും അതീവ ശ്രദ്ധ ആവശ്യം.
സപ്തധാരയിൽ ആറാമതായി പ്രധാനമന്ത്രി പറയുന്നത് ഹരിത ഊർജ മേഖലയെയും ബ്ലൂ ഇക്കോണമി അഥവാ നീല സാമ്പത്തിക വ്യവസ്ഥയെയും കുറിച്ചാണ്. ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജം, ഊർജ സംഭരണം തുടങ്ങിയ മേഖലകളിലെ ആഗോള നേതൃത്വം സ്വന്തമാക്കാൻ ഇന്ത്യയ്ക്കു കഴിയണം. ഇതോടൊപ്പം ലക്ഷക്കണക്കിനു വരുന്ന മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിന് ഉതകുന്ന ബ്ലൂ ഇക്കോണമി എന്ന സങ്കൽപ്പവും സാക്ഷാത്കരിക്കേണ്ടതുണ്ട്. യോഗ, കരകൗശല വിദ്യ, സിനിമ, അനിമേഷൻ, ഗെയ്മിങ് തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന "സോഫ്റ്റ് പവർ' എന്ന മേഖലയാണ് സപ്തധാരയിൽ ഏഴാമത്തേത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നൽകിയിരിക്കുന്ന ഏഴു മേഖലകളുടെ ഫോക്കസ് തുടർന്നുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കട്ടെ.