Editorial

ദാരിദ്ര്യ നിരക്ക്: വീണ്ടും ആശ്വാസകരമായ കണക്ക്| മുഖപ്രസംഗം

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 24.82 കോടി ഇന്ത്യക്കാർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നു മുക്തരായെന്ന മറ്റൊരു കണക്ക് നീതി ആയോഗ് പുറത്തുവിട്ടത് അടുത്തിടെയാണ്

Renjith Krishna

ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യം മികച്ച നേട്ടം കൈവരിക്കുന്നുവെന്ന കേന്ദ്ര സർക്കാരിന്‍റെ അവകാശവാദം ആവർത്തിച്ചു പ്രഖ്യാപിക്കുകയാണു നീതി ആയോഗ്. കഴിഞ്ഞ ദിവസം നീതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം വെളിപ്പെടുത്തിയതനുസരിച്ച് രാജ്യത്തെ ദാരിദ്ര്യ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാണ്. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട ഏറ്റവും പുതിയ ഗാർഹിക ഉപഭോക്തൃ ചെലവു സർവെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ കണക്ക് അവതരിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും നഗര- ഗ്രാമ വ്യത്യാസം കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും സർവെ കണക്കുകൾ വച്ച് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മൊത്തം ചെലവിൽ ഭക്ഷണാവശ്യങ്ങൾക്ക്, പ്രത്യേകിച്ച് ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമായുള്ള ചെലവ് കുറഞ്ഞിട്ടുണ്ട്. മൊത്തം ചെലവിൽ ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കൾക്കുള്ള ചെലവും മെഡിക്കൽ ചെലവും ഗതാഗത ചെലവുമൊക്കെ വർധിക്കുന്നു. അതിനർഥം ദാരിദ്ര്യം കുറയുന്നു എന്നതാണ്.

ഗ്രാമീണ മേഖലയിലെ പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചെലവ് 2011-12ലേതിനെക്കാൾ 164 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് സർവെ കാണിക്കുന്നത്. നഗരങ്ങളിൽ 146 ശതമാനമാണു വർധന. 2011-12ൽ മൊത്തം ചെലവിന്‍റെ 53 ശതമാനമായിരുന്നു ഗ്രാമീണ മേഖലകളിൽ ഭക്ഷണത്തിനുള്ള ചെലവ്. 2022-23ൽ അത് 46.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നഗരങ്ങളിൽ 43 ശതമാനമായിരുന്നത് 39.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഭക്ഷണത്തിൽ തന്നെ ശീതളപാനീയങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പാൽ, പഴങ്ങൾ എന്നിവയുടെ ഉപഭോഗം കൂടിയിട്ടുണ്ടെന്നും സർവെ വ്യക്തമാക്കുന്നുണ്ട്. സംതുലിത ഭക്ഷണത്തിലേക്ക് കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നു എന്നാണ് നീതി ആയോഗ് കണക്കുകൂട്ടുന്നത്.

ലോക ബാങ്കിന്‍റെ കണക്കനുസരിച്ച് 2019ൽ 10 ശതമാനം ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളത്. 2011ൽ 22.5 ശതമാനമായിരുന്നതാണ് ലോകബാങ്ക് കണക്കിൽ പകുതിയിൽ താഴെയായി കുറഞ്ഞത്. ഗ്രാമങ്ങളിൽ 11.9 ശതമാനവും നഗരങ്ങളിൽ 6.4 ശതമാനവും ആളുകൾ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നാണ് ലോക ബാങ്ക് കണക്കുകൂട്ടിയത്. ഇപ്പോൾ നീതി ആയോഗിന്‍റെ ഏറ്റവും പുതിയ കണക്കിൽ ദാരിദ്ര്യം വീണ്ടും കുത്തനെ കുറഞ്ഞിരിക്കുന്നു. സർക്കാർ കണക്കുകളെ വിശ്വസിക്കുകയാണെങ്കിൽ തീർച്ചയായും രാജ്യത്തിന് അഭിമാനകരമാണിത്. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 24.82 കോടി ഇന്ത്യക്കാർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നു മുക്തരായെന്ന മറ്റൊരു കണക്ക് നീതി ആയോഗ് പുറത്തുവിട്ടത് അടുത്തിടെയാണ്. 2013-14ൽ 29.17 ശതമാനമായിരുന്ന ബഹുമുഖ ദാരിദ്ര്യം 2022-23ൽ 11.28 ശതമാനമായി കുത്തനെ കുറഞ്ഞതായാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം തന്നെ ബഹുമുഖ ദാരിദ്ര്യത്തിന്‍റെ ശതമാനം ഒറ്റയക്കത്തിലെത്തുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് ബഹുമുഖ ദാരിദ്ര്യം കണക്കാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണം എന്നിവ ഇതിൽ ഘടകമാണ്. അമ്മയുടെ ആരോഗ്യം, കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം എന്നിവയും പരിഗണിക്കും. പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, ശുചീകരണ സംവിധാനങ്ങൾ, കുടിവെള്ളം, വൈദ്യുതി, വീട്, മറ്റ് ആസ്തികൾ, ബാങ്ക് അക്കൗണ്ട് എന്നിവയൊക്കെ മാനദണ്ഡങ്ങളാണ്. ബഹുമുഖ ദാരിദ്ര്യമായാലും ഉപഭോഗം അനുസരിച്ചുള്ള ദാരിദ്ര്യമായാലും നിരക്കിൽ പ്രകടമാവുന്ന കുറവ് മൊത്തത്തിലുള്ള രാജ്യപുരോഗതിയുടെ സൂചനയായി കണക്കാക്കാം. 2005-06 സാമ്പത്തിക വർഷം മുതലുള്ള ഒന്നര പതിറ്റാണ്ടിനിടെ ഇന്ത്യ ദാരിദ്ര്യ നിർമാർജനത്തിൽ വൻ പുരോഗതി നേടിയതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതു കഴിഞ്ഞ വർഷമാണ്. ഒന്നര പതിറ്റാണ്ടിനിടെ 41 കോടിയിലേറെ ആളുകളാണ് രാജ്യത്ത് ദാരിദ്ര്യത്തിൽ നിന്നു മുക്തരായത്. 2005-06ൽ 55.1 ശതമാനമായിരുന്ന ബഹുമുഖ ദാരിദ്ര്യം ഒന്നര പതിറ്റാണ്ടിനു ശേഷം 16.4 ശതമാനമായി കുറഞ്ഞെന്നാണ് യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്. അതാണ് നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് വീണ്ടും മെച്ചപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും ആശ്വാസകരമായ കണക്കാണിത്. അപ്പോഴും ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉയർന്ന ദാരിദ്ര്യ നിരക്കുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പട്ടിണി അകറ്റുന്നതുമായി ബന്ധപ്പെട്ട് ഇനിയുമേറെ നടപടികൾ ആവശ്യമാണ് എന്നതും കാണാതിരിക്കാനാവില്ല. നീതി ആയോഗിന്‍റെ തന്നെ കണക്കനുസരിച്ച് ബിഹാറിൽ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവർ 26.59 ശതമാനമാണ്. ഝാർഖണ്ഡിൽ 23.34 ശതമാനവും ഉത്തർപ്രദേശിൽ 17.4 ശതമാനവുമാണ്. രാജസ്ഥാനിൽ 10.77 ശതമാനവും മധ്യപ്രദേശിൽ 15.01 ശതമാനവും. ഛത്തിസ്ഗഡിൽ 11.71 ശതമാനം ആളുകൾ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഇവരെയൊക്കെ ഉയർത്തിക്കൊണ്ടുവരേണ്ട ബാധ്യത സർക്കാരിനുണ്ട്.