എക്സൈസ് മന്ത്രി എം. ലിജു

 
Editorial

മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കങ്ങളോ?

സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കുന്നത് എന്ന ആരോപണം ഏതു വകുപ്പിലായാലും ചെറിയ വിഷയമല്ല.

Reena Varghese

എക്സൈസ് വകുപ്പിൽ മന്ത്രിയറിയാതെ കാര്യങ്ങൾ നടക്കുന്നുവെന്നു മന്ത്രി തന്നെ തുറന്നു പറയുന്ന ഗുരുതരമായ സാഹചര്യമാണു നിലനിൽക്കുന്നത്. യുഡിഎഫ് സർക്കാരിന്‍റെ ഏതാനും മാസത്തെ ഭരണത്തിനിടയിൽ ഇത്തരത്തിൽ പല തീരുമാനങ്ങളും മന്ത്രിയറിയാതെ ഉണ്ടായിട്ടുണ്ട്. സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കുന്നത് എന്ന ആരോപണം ഏതു വകുപ്പിലായാലും ചെറിയ വിഷയമല്ല. ഏതൊരു സർക്കാരിനെ സംബന്ധിച്ചും വളരെ പ്രാധാന്യമുള്ളതാണ് എക്സൈസ് വകുപ്പ്. അതിൽ തോന്നുംപടി കാര്യങ്ങൾ പോകുന്നത് ഏതായാലും ഒഴിവാക്കേണ്ടതാണ്. മന്ത്രിയും എക്സൈസ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണർമാരുമൊക്കെ ഒരേ സ്വരത്തിൽ സംസാരിക്കുകയും ഒരേ നയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും വേണം. അതല്ല ഇപ്പോൾ കാണുന്നത്. എത്രയും വേഗം ഇതിനൊരു തിരുത്ത് ഉണ്ടാവട്ടെ.

സർക്കാരിന്‍റെ മദ്യനയം ഈ മാസം അവസാനത്തോടെ തയാറാവും എന്നാണു പറയുന്നത്. ഓരോ കാര്യത്തിലും വ്യക്തതയുള്ള, എല്ലാവർക്കും കാര്യങ്ങൾ ബോധ്യമാവുന്ന മികച്ച ഒരു മദ്യനയം സർക്കാരിനുണ്ടാവട്ടെ. അത് സംസ്ഥാനത്ത് ഇനിയും മദ്യമൊഴുക്കാൻ പ്രോത്സാഹനം നൽകുന്നത് ആവാതെയുമിരിക്കട്ടെ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് മദ്യവിൽപ്പന വ്യാപകമാവാൻ സഹായിക്കുന്ന നയമാണു നടപ്പാക്കിയതെന്നു കുറ്റപ്പെടുത്തിയതാണ് യുഡിഎഫ് നേതാക്കൾ. അതുകൊണ്ടു തന്നെ അവർ നടപ്പാക്കുന്ന മദ്യനയം സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ക്ഷേമം കൂടി മുന്നിൽ കണ്ടുകൊണ്ടാവട്ടെ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മിഷണർമാർക്കു നൽകിയിരുന്നു. ആ നയത്തിന്‍റെ തുടർച്ച എന്ന നിലയ്ക്കാണ് സംസ്ഥാനത്തു പുതുതായി ബാറുകൾക്കു ലൈസൻസ് നൽകിയതത്രേ. പക്ഷേ, മന്ത്രിയറിയാതെ ഇത്തരത്തിൽ ബാറുകൾ അനുവദിക്കുന്നത് യുഡിഎഫ് നയമല്ല. കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർമാർക്കും അമിതാധികാരം നൽകിയിരിക്കുന്നത് യുഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ തിരുത്തുമെന്നാണു പറയുന്നത്. ഇതടക്കമുള്ള മാറ്റങ്ങൾ എല്ലാവരും ഉറ്റുനോക്കുകയാണ്. ടൂറിസം മേഖലയെ ബാധിക്കാത്ത, ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന, പ്രായോഗികമായ മദ്യനയം പ്രഖ്യാപിക്കും എന്നൊക്കെയാണു കേൾക്കുന്നത്. മദ്യലഭ്യത വർധിപ്പിക്കുന്ന തരത്തിലുള്ള നയരൂപീകരണത്തിനു യുഡിഎഫ് നേതാക്കളിൽ പലരും അനുകൂലമാവുമെന്നു തോന്നുന്നില്ല. നേരത്തേ, വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ബജറ്റ് പ്രഖ്യാപനം വിവാദമുയർത്തിയതാണ്. യുഡിഎഫിൽ തന്നെ ഇക്കാര്യത്തിൽ ഏകാഭിപ്രായം ഉണ്ടായില്ല.

എക്സൈസ് മന്ത്രി എം. ലിജു അറിയാതെ മൂന്നു പുതിയ ബാറുകൾക്കു ലൈസൻസ് നൽകിയതാണ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്നത്. മൂവാറ്റുപുഴയിലും കൊച്ചിയിലും പാലായിലും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇവർക്കെതിരേ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു. എറണാകുളത്തെയും കോട്ടയത്തെയും ഡെപ്യൂട്ടി കമ്മിഷണർമാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അപേക്ഷ നൽകി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലൈസൻസ് അനുവദിച്ചിട്ടുണ്ട് എന്നാണു കാണുന്നത്. പുതിയ ബാറുകൾക്കു ലൈസൻസ് നൽകുന്നത് മദ്യനയം വന്ന ശേഷം തീരുമാനിക്കാമെന്നു മന്ത്രി പറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. തിടുക്കത്തിൽ ബാർ ലൈസൻസ് അനുവദിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടു നടന്നതായി സംശയമുണ്ടെന്നു മന്ത്രി പറയുന്നുണ്ട്.

ഇതിനിടെ, മന്ത്രിയും എക്സൈസ് കമ്മിഷണറും തമ്മിലുള്ള പോരും ശക്തമായിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ടു ബാറുകൾക്കു ലൈസൻസ് അനുവദിച്ച എക്സൈസ് കമ്മിഷണറുടെ നടപടി മന്ത്രി അറിഞ്ഞില്ലത്രേ. എന്നാൽ, താൻ നിയമപരമായി മാത്രമാണു പ്രവർത്തിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മിഷണർ അവകാശപ്പെടുന്നുണ്ട്. ബാർ ലൈസൻസ് നൽകിയത് അടക്കം കാര്യങ്ങളിൽ സർക്കാരിനു കൃത്യമായ അറിയിപ്പു നൽകിയിരുന്നതായും അദ്ദേഹം പറയുന്നു. നേരത്തേ, ചാലക്കുടിയിലെ ഒരു ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയതിനെച്ചൊല്ലിയും വിവാദം ഉയർന്നിരുന്നു. അതിൽ മന്ത്രി ഇടപെട്ട് ലൈസൻസ് റദ്ദാക്കുകയാണു ചെയ്തത്. ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവു പുറത്തിറക്കിയ ഉദ്യോഗസ്ഥനെ മാറ്റാനും മന്ത്രി നിർദേശം നൽകുകയുണ്ടായി. ഈ വിഷയത്തിലും എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതു പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത് എന്നാണു പറയുന്നത്. വ്യക്തമായ മദ്യനയവും അതു പ്രകാരം ഒരുമിച്ചുള്ള പ്രവർത്തനവുമാണ് എക്സൈസ് വകുപ്പിൽ ഉണ്ടാവേണ്ടത്. പുതിയ മദ്യനയം വരും മുൻപ് ബാർ ലൈസൻസ് നൽകുന്നതുപോലെ തിടുക്കത്തിലുള്ള നടപടികൾ ഉണ്ടാവാതിരിക്കുന്നതാണു നല്ലത്.