പെട്രോളിലെ എഥനോൾ: കേരളത്തിലെ പരിശോധനയിൽ സത്യം തെളിയട്ടെ

 
Editorial

പെട്രോളിലെ എഥനോൾ: കേരളത്തിലെ പരിശോധനയിൽ സത്യം തെളിയട്ടെ

കൂടുതൽ എഥനോൾ അടങ്ങിയ പെട്രോളാണ് രാജ്യത്തു വിതരണം ചെയ്യുന്നതെങ്കിൽ അതു വാഹനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പലയിടത്തുനിന്നും ഉയരുന്നുണ്ട്.

Reena Varghese

പെട്രോളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്‍റെ ആരോപണം രാജ്യത്തു വലിയ തോതിലുള്ള ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. പ്രമുഖ എണ്ണക്കമ്പനികൾ ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും വിവാദത്തിന് അവസാനമായിട്ടില്ല. കർണാടകയ്ക്കു പിന്നാലെ കേരളത്തിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും പെട്രോളിലെ എഥനോൾ സംബന്ധിച്ച പരിശോധനയ്ക്കു നിർദേശം നൽകിയിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണു കോൺഗ്രസ് ഇങ്ങനെയൊരു നീക്കം നടത്തുന്നത് എന്നാണു കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ. കർണാടകയിലെ പരിശോധനകൾ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്നത്രേ പെട്രോളിയം മന്ത്രാലയത്തിന്‍റെ നിലപാട്. അതേസമയം, കൂടുതൽ എഥനോൾ അടങ്ങിയ പെട്രോളാണ് രാജ്യത്തു വിതരണം ചെയ്യുന്നതെങ്കിൽ അതു വാഹനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പലയിടത്തുനിന്നും ഉയരുന്നുണ്ട്. വാഹനങ്ങൾക്കു ദോഷകരമായ നീക്കം എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കേരളത്തിൽ നടക്കുന്ന പരിശോധനയിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുമെന്നു പ്രതീക്ഷിക്കാം. പെട്രോൾ വിവാദം വിശദമായി വിലയിരുത്തുന്നതിനു പെട്രോളിയം മന്ത്രാലയം ഉന്നതതല യോഗം വിളിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പെട്രോളിന്‍റെ ഗുണനിലവാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ എത്രയും വേഗം ഇല്ലാതാവേണ്ടതുണ്ട്.

കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. എറണാകുളത്തു മൂന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു വീതവും പമ്പുകളിൽ നിന്നാണു സാംപിളുകൾ എടുത്തിട്ടുള്ളത്.‌ ഇന്ധന കമ്പനി പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഓരോ പമ്പില്‍നിന്നും ഒരു ലിറ്റര്‍ വീതമുള്ള ആറു കാനുകളിലാണു സീല്‍ ചെയ്തു സാമ്പിള്‍ ശേഖരിച്ചത്. ഇതില്‍ രണ്ടു കാനുകള്‍ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളില്‍ ഗുണനിലവാര പരിശോധനക്കായി നല്‍കും. രണ്ടു കാനുകള്‍ സിവില്‍ സപ്ലൈസ് ഓഫിസില്‍ സൂക്ഷിക്കും. രണ്ടെണ്ണം സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിക്കാനായി പമ്പിന്‍റെ ലൈസന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. എഥനോളിന്‍റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണോ, ഇന്ധനം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു ‌പ്രധാനമായും പരിശോധിക്കുന്നതെന്നു ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് വ്യക്തമാക്കുന്നു. പത്തുദിവസത്തിനകം ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. ഉപയോക്താക്കള്‍ക്കു ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേര്‍ക്കലും മറ്റു ക്രമക്കേടുകളും തടയാനുമാണു നടപടിയെന്നു മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. പരിശോധനയില്‍ അളവില്‍ കൂടുതല്‍ എഥനോൾ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുൻകരുതൽ എന്ന നിലയിൽ ഇങ്ങനെയൊരു പരിശോധന നടത്തുന്നതു നല്ല കാര്യം തന്നെയാണ്. ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്വമാണല്ലോ. കുറ്റമറ്റ രീതിയിൽ തന്നെയാവണം പരിശോധന. അപ്പോഴാണു പരിശോധനാ ഫലത്തിന്‍റെ വിശ്വാസ്യത ഉറപ്പിക്കാനാവുക.

കർണാടകയിലെ ഏഴു ജില്ലകളിൽ നിന്നു ശേഖരിച്ച പെട്രോൾ സാംപിളുകളിൽ എഥനോളിന്‍റെ അളവ് 20 ശതമാനത്തിൽ കൂടുതലാണെന്നാണ് അവിടുത്തെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് നേരത്തേ പറഞ്ഞിരുന്നത്. ഐഒസിഎൽ, എച്ച്പിസിഎൽ പെട്രോളുകളിൽ യഥാക്രമം 31.2%, 30.5% എന്നിങ്ങനെയാണ് എഥനോളിന്‍റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെട്രോളിൽ എഥനോൾ അമിതമായതു മൂലം ആയിരക്ക‍ണക്കിനു വാഹനങ്ങൾക്കു തകരാർ സംഭവിക്കുകയും മൈലേജ് കുറയുകയും ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിക്കുകയുണ്ടായി. കേന്ദ്ര സർക്കാർ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. അധിക അളവിൽ എഥനോളുള്ള പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറയ്ക്കുകയും എൻജിൻ തകരാറിലാക്കുകയും ചെയ്യുമെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു.

എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നതിന് അനുയോജ്യമായ രൂപകൽപ്പനയല്ല പഴയ വാഹനങ്ങൾക്കുള്ളത് എന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു വലിയ ചർച്ചകളും വിവാദങ്ങളും നടക്കുന്നുണ്ട്. അതിനിടെയാണ് അനുവദനീയമായ 20 ശതമാനത്തിലും കൂടുതലാണ് എഥനോളിന്‍റെ അളവ് എന്ന ആരോപണം. എഥനോളിന് ആവശ്യം കൂടുന്നതു കർഷകരെ സഹായിക്കുമെന്നാണു കേന്ദ്ര സർക്കാർ നിലപാട്. കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നതു വഴി കർഷകർക്കു കൂടുതൽ വരുമാനം ലഭിക്കും. ഇതിനൊപ്പം എണ്ണ ഇറക്കുമതി കുറയ്ക്കാനും കഴിയും. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനും എഥനോൾ സഹായിക്കുമെന്നു കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെയാണ് 85 ശതമാനം എഥനോൾ ചേർന്ന ഇ85 പെട്രോൾ പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചത്. ഇതിനെച്ചൊല്ലിയും വലിയ തോതിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ധന ഉപയോഗം സംബന്ധിച്ചുള്ള പരീക്ഷണങ്ങൾ നല്ലതു തന്നെയാണ്. എന്നാൽ, അത് ഉപയോക്താക്കളുടെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലാവരുത്.