തിളക്കം കുറയ്ക്കുന്ന അതൃപ്തികൾ

 
Editorial

തിളക്കം കുറയ്ക്കുന്ന അതൃപ്തികൾ

കെഎസ്ഇബി ചെയർമാൻ സ്ഥാനത്തു നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയത് ജിഎന്‍എയുമായുള്ള ഇടപാടിനെ അനുകൂലിക്കാത്തതുകൊണ്ടാണെന്നും പ്രതിപക്ഷം

Reena Varghese

വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ആറു മാസമേ ആയിട്ടുള്ളൂ. നൂറിലേറെ സീറ്റുകളുമായി തിളക്കമാർന്ന വിജയത്തോടെ അധികാരത്തിലെത്തിയ മുന്നണിയുടെ സർക്കാരിൽ വലിയ പ്രതീക്ഷകളാണു ജനങ്ങൾക്കുള്ളത്. കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ചതും ലഹരി മാഫിയയുടെ വേരറുക്കാനുള്ള ഓപ്പറേഷൻ തൂഫാനും അടക്കം പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധേയമായിട്ടുണ്ട്. അതിനൊപ്പം മറ്റു പല വിവാദങ്ങളും ഉയർന്നുവന്നുകൊണ്ടിരിക്കുന്നു എന്നതു ഭരണനേട്ടങ്ങളുടെ തിളക്കം കുറയ്ക്കുകയാണ്. സർക്കാരിനുള്ളിലും മുന്നണിയിലും അതൃപ്തികൾ പുകയുന്നതു ഗൗരവമുള്ള വിഷയമായി കാണേണ്ടതു ഭരണമുന്നണിയിലെ നേതാക്കൾ തന്നെയാണ്.

വൈദ്യുതി ക്ഷാമവും പവർകട്ടും തുടക്കത്തിൽ തന്നെ കല്ലുകടിയായി. അതിനു പിന്നാലെയാണ് സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎന്‍എയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം വലിയ രാഷ്ട്രീയ വിവാദമായി മാറിയത്. വൈദ്യുതി ബോർഡും വകുപ്പു മന്ത്രി സണ്ണി ജോസഫും ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനെ അനുകൂലിച്ചപ്പോൾ ജിഎന്‍എയിൽ നിന്നു വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി നേരിട്ടു താത്പര്യമെടുത്തു എന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിയാണോ ജിഎന്‍എ വഴിയുള്ള വൈദ്യുതിയാണോ കുറഞ്ഞ ചെലവിൽ കേരളത്തിലെത്തുക എന്നതു സംബന്ധിച്ചും തർക്കങ്ങളുണ്ട്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന നടത്താതെ മുഖ്യമന്ത്രി തീരുമാനമെടുത്തതിൽ സണ്ണി ജോസഫിന് അതൃപ്തിയുണ്ടെന്നു പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് എല്ലാം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി. വിവാദം മുറുകുന്നതിനിടെ, തത്കാലം വൈദ്യുതി പ്രതിസന്ധി ഇല്ലാത്തതിനാൽ ജിഎന്‍എയിൽ നിന്നു വാങ്ങേണ്ടതില്ല എന്നു തീരുമാനിച്ചുവെന്നും വ്യക്തമാക്കപ്പെടുകയുണ്ടായി. ഇതും താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണു സണ്ണി ജോസഫ് പരസ്യമായി പ്രതികരിച്ചത്.

വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തു നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയത് ജിഎന്‍എയുമായുള്ള ഇടപാടിനെ അനുകൂലിക്കാത്തതുകൊണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. കൃത്യമായ ടെൻഡർ നടപടികളില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്നു വൈദ്യുതി വാങ്ങുന്നതിനെ അദ്ദേഹം എതിർത്തിരുന്നു എന്നാണു പറയുന്നത്. അതേസമയം, ജിഎന്‍എ നിർദേശം പരിഗണിക്കാവുന്നതാണെന്നു രാജമാണിക്യം ഫയലിൽ കുറിച്ചിരുന്നതായി മുഖ്യമന്ത്രി പറയുന്നുണ്ട്. വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ച് സർക്കാരിലും ഉദ്യോഗസ്ഥ തലത്തിലുമുണ്ടായ അഭിപ്രായ ഭിന്നതകൾ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിട്ടുള്ള ആശങ്ക എത്രയും പെട്ടെന്നു പരിഹരിക്കേണ്ടതാണ്.

എക്സൈസ് വകുപ്പിൽ മന്ത്രി എം. ലിജു അറിയാതെ കാര്യങ്ങൾ നടക്കുന്നുവെന്നു മന്ത്രി തന്നെ തുറന്നു പറയുന്ന ഗുരുതരമായ സാഹചര്യമാണു നിലനിൽക്കുന്നത്. സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കുന്നത് എന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. ഇതേത്തുടർന്നാണ് എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റിയത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മിഷണർമാർക്കു നൽകിയിരുന്നു. ആ നയത്തിന്‍റെ തുടർച്ച എന്ന നിലയ്ക്കാണ് സംസ്ഥാനത്തു പുതുതായി ബാറുകൾക്കു ലൈസൻസ് നൽകിയതെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള വിശദീകരണം. പക്ഷേ, എൽഡിഎഫിന്‍റെ നയം തുടരാനാവില്ലെന്നു മന്ത്രി വ്യക്തമാക്കുന്നു. ‌മൂവാറ്റുപുഴയിലും കൊച്ചിയിലും പാലായിലും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതിനെത്തുടർന്ന് ആ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തിടുക്കത്തിൽ ബാർ ലൈസൻസ് അനുവദിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടു നടന്നതായി സംശയമുണ്ടെന്നു മന്ത്രി തന്നെ പറയുകയുണ്ടായി. നേരത്തേ, വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ബജറ്റ് പ്രഖ്യാപനം വിവാദമുയർത്തിയതാണ്. യുഡിഎഫിൽ തന്നെ ഇക്കാര്യത്തിൽ ഏകാഭിപ്രായം ഉണ്ടായില്ല. ചാലക്കുടിയിലെ ഒരു ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയതിനെച്ചൊല്ലിയും വിവാദം ഉയർന്നിരുന്നു. അതിൽ മന്ത്രി ഇടപെട്ട് ലൈസൻസ് റദ്ദാക്കുകയാണു ചെയ്തത്. ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവു പുറത്തിറക്കിയ ഉദ്യോഗസ്ഥനെ മാറ്റാനും മന്ത്രി നിർദേശം നൽകി.

പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം മുന്നണി യോഗങ്ങൾ ചേരുന്നില്ലെന്നും തീരുമാനങ്ങൾ അറിയുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ അതൃപ്തി ഹൈക്കമാൻഡിനെയടക്കം അറിയിക്കുകയുണ്ടായി. യോഗം ചേരാത്തതെന്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചെയര്‍മാനായ മുഖ്യമന്ത്രിയോടു ചോദിക്കണമെന്നാണ് അടൂര്‍ പ്രകാശ് മറുപടി നൽകിയത്. ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങൾ നിശ്ചയിക്കുന്നതിലും ക്യാബിനറ്റ് പദവികൾ നൽകിയതിലും താനുമായി ആലോചിച്ചില്ലെന്നും മുന്നണി കൺവീനർ എന്ന നിലയിൽ പല പ്രധാന വിവരങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ട്. പ്രധാന പദവികളിലും ബോർഡ്, കോർപ്പറേഷൻ അധ്യക്ഷരുടെ നിയമനത്തിലുമടക്കം ഘടകകക്ഷികളും അതൃപ്തി പരസ്യമാക്കി. പ്രമുഖ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ചകൾ അത്യാവശ്യമാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) നേതാവായ മന്ത്രി മോൻസ് ജോസഫ് പരസ്യമായി പറഞ്ഞിരുന്നു.