എയിംസ്

 
Editorial

എയിംസ് കേരളത്തിനു നിഷേധിക്കരുത്

ഏതെങ്കിലും ഒരു രംഗത്തു മെച്ചപ്പെട്ട നിലയുണ്ട് എന്നത് ആ രംഗത്തു കേന്ദ്രത്തിന്‍റെ അവഗണനയ്ക്കു കാരണമാവുന്നത് ഉചിതമാണോ‍?

Reena Varghese

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കണമെന്ന് നാം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഒരു ദശകത്തിലേറെയായി. ഉടൻ അനുവദിക്കുമെന്ന പ്രതീക്ഷ കേന്ദ്ര സർക്കാർ പലകുറി ആവർത്തിച്ചു നൽകിയിട്ടുമുണ്ട്. പക്ഷേ, കാര്യം മാത്രം നടക്കുന്നില്ല. ഡൽഹിക്കു പുറമേ മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോൾ എയിംസ് പ്രവർത്തിക്കുന്നുണ്ട്. കേരളത്തോടു മാത്രമാണ് ഈ അവഗണന എന്നു കുറ്റപ്പെടുത്തുന്നതു കാരണമില്ലാതല്ല എന്നു സാരം. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനു കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടില്ലെന്ന് അടുത്തിടെ വ്യക്തമാക്കപ്പെട്ടതാണ്. ഇപ്പോൾ ഹൈക്കോടതിയിലും ഏതാണ്ട് നിഷേധാത്മക നിലപാടാണു കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതു സർക്കാരിന്‍റെ മുൻഗണനയിൽ വരുന്നതല്ലെന്നാണു ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നത്. അതിനവർ പറയുന്ന കാരണമാണു വിചിത്രം. ആരോഗ്യ മേഖലയിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നുണ്ട്. ആരോഗ്യ മേഖലയിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്കു മുൻഗണന കൊടുക്കുക എന്നതാണത്രേ കേന്ദ്ര സർക്കാർ നയം.

ഏതെങ്കിലും ഒരു രംഗത്തു മെച്ചപ്പെട്ട നിലയുണ്ട് എന്നത് ആ രംഗത്തു കേന്ദ്രത്തിന്‍റെ അവഗണനയ്ക്കു കാരണമാവുന്നത് ഉചിതമാണോ. മികവു പുലർത്തുന്നു എന്നത് എങ്ങനെ അയോഗ്യതയാവും. അങ്ങനെയാണെങ്കിൽ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നു കോടതി ആരായുന്നുണ്ട്. ന്യായമായ ചോദ്യമാണത്. ആരോഗ്യരംഗത്തു മികച്ചു നില്‍ക്കുന്നു എന്നു കരുതി കേരളത്തിന് എയിംസ് ആവശ്യമില്ലെന്ന് അർഥമാക്കരുതെന്നാണു കോടതി കേന്ദ്ര സർക്കാരിനെ ഓർമിപ്പിക്കുന്നത്. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്കു പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണു കേരളം. അതിനനുസരിച്ചു ചികിത്സാ സൗകര്യങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ കേരളത്തിലെ ജനതയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനു കഴിയണം. അതിനു രാഷ്‌ട്രയമോ മറ്റെന്തെങ്കിലും താത്പര്യങ്ങളോ വിലങ്ങുതടിയാവരുത്.

നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാർ ആരോഗ്യ രംഗത്തു മികച്ച നേട്ടങ്ങളാണ് അവകാശപ്പെടുന്നത്. 2014ൽ രാജ്യത്ത് എട്ട് എയിംസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 23 ആയി വർധിച്ചുവെന്നു സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 10 പുതിയ എയിംസുകൾ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞ വർഷം അവസാനം പറയുകയുണ്ടായി. ആരോഗ്യ രംഗത്തെ അസമത്വങ്ങൾ പരിഹരിക്കാനും മികച്ച അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഈ നീക്കം എന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഓരോ പൗരന്‍റെയും അടുത്ത് ലോകനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് എയിംസിന്‍റെ ലക്ഷ്യം എന്നും അവകാശവാദമുണ്ട്. ഇതൊന്നും കേരളത്തിനു ബാധകമാവാതെ വരുന്നതെങ്ങനെയാണ്.

കേന്ദ്രം അനുഭാവപൂർവമായ നിലപാടു സ്വീകരിക്കുന്നില്ല എന്നതു മാത്രമല്ല കേരളത്തിലെ എയിംസ് പദ്ധതിക്കു തടസമായി നിലകൊള്ളുന്നത് എന്നതു കൂടി പറയാതെ വയ്യ. എയിംസ് എവിടെ വേണം എന്നതിൽ പോലും കൃത്യമായ ഒരു ധാരണയുടെ കുറവ് കേരളത്തിലുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നിങ്ങനെ പല ജില്ലകളിലുള്ള സ്ഥലങ്ങളാണു പലരും ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ രാഷ്‌ട്രയ പാർട്ടികൾക്കുള്ളിലും നേതാക്കൾ തമ്മിലും അഭിപ്രായ ഐക്യമില്ല. തൃശൂർ ജില്ലയിലെ കൊരട്ടി, കോട്ടയം ജില്ലയിലെ വെള്ളൂർ എന്നീ സ്ഥലങ്ങൾക്കാണ് യുഡിഎഫ് സർക്കാർ മുൻഗണന നൽകുന്നത് എന്നാണു സൂചന. കാസർഗോഡ് ജില്ലയിലെ ഒരു സ്ഥലവും പരിഗണനയിലുണ്ടെന്നു പറയുന്നുണ്ട്. അതിനിടെയാണ് എയിംസ് തൃശൂരിൽ തന്നെ വരണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിക്കുന്നത്. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കേന്ദ്രം പുതുതായി അനുവദിക്കുന്ന എയിംസുകളിലൊന്നു കേരളത്തിനു ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതർ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഡല്‍ഹിയിലെ കേരളത്തിന്‍റെ അന്നത്തെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിനെ അറിയിക്കുകയുണ്ടായി. ഇതു സംബന്ധിച്ചു കേരളം കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചർച്ചയും നടത്തി. ഈ ചർച്ചയിൽ കേരളം ചൂണ്ടിക്കാണിച്ച സ്ഥലം കോഴിക്കോട് കിനാലൂർ മാത്രമാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും കിനാലൂരിൽ ലഭ്യമാക്കാനാവുമെന്നു സംസ്ഥാന സർക്കാർ നേരത്തേ തന്നെ കേന്ദ്ര ആരോഗ്യ വകുപ്പിന് ഉറപ്പുനൽകിയിട്ടുള്ളതുമാണ്. എന്നാൽ, ഇപ്പോൾ കോഴിക്കോടിനെക്കുറിച്ചു കേൾക്കുന്നില്ല. എയിംസ് എവിടെവേണം എന്നതിൽ മുഴുവൻ രാഷ്‌ട്രയ പാർട്ടികളും നേതാക്കളും ഏകാഭിപ്രായത്തിലെത്തുന്നതു പ്രധാനമാണ്. എയിംസിനായുള്ള നമ്മുടെ വാദം ദുർബലപ്പെടുത്താൻ സ്ഥലത്തെ ചൊല്ലിയുള്ള തർക്കം കാരണമാവരുത്.