വന്യജീവി ആക്രമണം തടയാനുള്ള നടപടികളും വേണം
Photo credit: Nelson, Zen Studio, Kokunnu.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി വിഹരിക്കുന്നതു മൂലമുണ്ടാവുന്ന ജനദുരിതത്തിന് ഒരു പരിഹാരം കാണാൻ കേരളത്തിനു കഴിയുന്നില്ല എന്നതു തർക്കമറ്റ യാഥാർഥ്യമാണ്. വനപ്രദേശങ്ങളോടു ചേർന്നുള്ള മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതം വന്യജീവികളെ ഭയപ്പെട്ടു തന്നെയാണ്. വന്യജീവിശല്യം നിയന്ത്രിക്കാൻ കഴിയാതിരുന്നതിന്‍റെ പേരിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഏറെ വിമർശനങ്ങൾ കേട്ടതാണ്. കാടിറങ്ങി വരുന്ന മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും ജീവൻ തന്നെ അപഹരിക്കുന്നതും തുടർന്നു കൊണ്ടേയിരിക്കുകയാണല്ലോ. വന്യമൃഗ ശല്യത്തിനു പരിഹാരം കാണണം എന്നതിനൊപ്പം മലയോര മേഖലകളിൽ നിന്ന് ദീർഘകാലമായി ഉയർന്നിരുന്ന ആവശ്യമാണ് അത്തരം ശല്യമുണ്ടായാൽ കർഷകർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നതും. എന്തായാലും ആ ആവശ്യം സർക്കാർ പരിഗണിച്ചിരിക്കുകയാണ്. പത്തു വർഷത്തിനു ശേഷമാണു നഷ്ടപരിഹാര നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്. കർഷകർക്കു നൽകിവരുന്ന നഷ്ടപരിഹാരത്തിന്‍റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണമായും ഒഴിവാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
വന്യജീവി ആക്രമണത്തിൽ കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനു വനം വകുപ്പു നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കിയിട്ടുണ്ട്. കൃഷിനാശത്തിനു പുറമെ കാർഷികോത്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കുമെന്നും പറയുന്നു. നേരത്തേ തെങ്ങോ കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉത്പന്നനാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികാരികൾ മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറു മാസത്തിനുള്ളിൽ ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുമുണ്ട്. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണയ പരിശോധനകളും പഴയതുപോലെ തുടരുമെന്നാണ് അറിയിപ്പ്. എന്തായാലും വനം വകുപ്പിന്‍റെ ഈ ഇടപെടൽ മലയോര കർഷകർക്ക് പൊതുവിൽ വലിയ ആശ്വാസം നൽകുന്നതാണ്.
കൃഷി നാശത്തിനു മാത്രമല്ല നഷ്ടപരിഹാരം വർധിപ്പിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുകയും കൂട്ടിയിട്ടുണ്ട്. ആശ്രിതർക്കു നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക14 ലക്ഷം ആയിരുന്നത് 17.5 ലക്ഷമായി ഉയർത്തിയിരിക്കുന്നു. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണം മൂലം ആരെങ്കിലും മരിച്ചാൽ അഞ്ചു ലക്ഷം രൂപയാണു നഷ്ടപരിഹാരമായി ലഭിക്കുക. വന്യജീവികളുടെ ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടു ലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിനു മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കു നൽകിയിരുന്ന 2.5 ലക്ഷം രൂപ 3,12,500 രൂപയായും ഉയർത്തിയിരിക്കുന്നു. ആശുപത്രിവാസം ആവശ്യമായി വരുന്ന പരുക്കുകൾക്ക് പരുക്കിന്‍റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കും. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതര പരുക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
മനുഷ്യജീവനു തുല്യമായി മറ്റൊന്നും വരില്ല. വന്യജീവികൾ ആരുടെയും ജീവനെടുക്കാതെ സംരക്ഷിക്കാൻ കഴിയുക എന്നതു തന്നെയാണു പ്രധാനം. അപ്പോഴും ഇത്തരം ദുരന്തങ്ങളുണ്ടായാൽ പകച്ചു നിൽക്കുന്ന കുടുംബങ്ങൾക്കു കൈത്താങ്ങായി സർക്കാർ ഉണ്ടാവണമെന്നത് മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്നതാണ്. ഇനി വനം വകുപ്പ് പ്രത്യേക ശ്രദ്ധ നൽകേണ്ടത് ജനവാസ മേഖലകളിൽ വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനാണ്. കൃത്യമായ പദ്ധതികൾ തയാറാക്കി എത്രയും വേഗം ആക്ഷൻ പ്ലാനിലേക്കു നീങ്ങേണ്ടതുണ്ട്. വന്യജീവി- മനുഷ്യ സംഘർഷം പരിഹരിക്കുന്നതിനു സർക്കാർ സമഗ്ര പദ്ധതി തയാറാക്കുമെന്നു വനം മന്ത്രി ഷിബു ബേബി ജോൺ നേരത്തേ അവകാശപ്പെടുകയുണ്ടായി. ഇക്കാര്യത്തിൽ എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ട് എന്നറിയാൻ ജനങ്ങൾക്കു താത്പര്യമുണ്ട്. ബന്ധപ്പെട്ട മുഴുവൻ ആളുകളെയും സംവിധാനങ്ങളെയും ഉൾപ്പെടുത്തിയുള്ള കൂട്ടായ പ്രവർത്തനം ഇക്കാര്യത്തിലുണ്ടാവട്ടെ.
വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നതിനും അവ നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുന്നതിനും ദുരിതബാധിതർക്കു സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതിനും പരിശ്രമങ്ങളുണ്ടാവണം. വന്യമൃഗങ്ങൾക്കു വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും ആക്രമണ സാധ്യതകൾ മുൻകൂട്ടി അറിയുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക തുടങ്ങി പലതും അടിയന്തരമായി ചെയ്യാനുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അനാസ്ഥയും അവഗണനയുമുണ്ടാകുന്നുവെന്നു മലയോര മേഖലകളിലെ ജനങ്ങൾ ആവർത്തിച്ചു പരാതിപ്പെടാറുള്ളതാണ്. ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാവുക എന്നതു വളരെ പ്രധാനമാണ്. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിനു പ്രധാന തടസമായി നിൽക്കുന്നതു കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ്. അതിൽ കാലാനുസൃതമായ ഭേദഗതികൾ ഉണ്ടാവേണ്ടതുണ്ട് എന്നതിലും തർക്കമില്ല.