മരുന്നുക്ഷാമത്തിന് അതിവേഗ പരിഹാരം ഉണ്ടാവട്ടെ

 
Editorial

മരുന്നുക്ഷാമത്തിന് അതിവേഗ പരിഹാരം ഉണ്ടാവട്ടെ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന പരാതി അതീവ ഗൗരവമുള്ളതാണ്

MV Desk

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. ആശുപത്രികളിൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ ഇതിനൊരു പരിഹാരമാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും അതു യാഥാർഥ്യമാവുന്നതു വരെ ആശങ്ക നിലനിൽക്കുക തന്നെ ചെയ്യും. സ്റ്റോക്ക് എത്താൻ വൈകുന്നത് ഇപ്പോഴത്തെ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്നതിനാൽ അധികൃതർ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെ മരുന്നു പ്രതിസന്ധിയിൽ വലയുകയാണ്. ജീവിതശൈലീ രോഗങ്ങൾക്കു നൽകുന്ന മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും സ്റ്റോക്കില്ലാത്ത അവസ്ഥ എത്ര ശ്രമിച്ചാലും മൂടിവയ്ക്കാൻ കഴിയുന്നതല്ല. ആന്‍റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾക്കു ക്ഷാമമുണ്ട്.

ലോക്കൽ പർച്ചേസിങ്ങിലൂടെ താത്കാലികമായി പ്രതിസന്ധി പരിഹരിക്കാനാണു സർക്കാർ നിർദേശിക്കുന്നത്. എന്നാൽ, വലിയ തോതിൽ കുടിശ്ശികയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്കു മരുന്നു നൽകാൻ സ്വകാര്യ വിതരണക്കാർ മടിക്കുകയാണ്. മെഡിക്കൽ കോളെജ് ആശുപത്രികൾക്കു പുറമേ പല പ്രധാന ജനറൽ, ജില്ലാ ആശുപത്രികൾക്കും നൂറു കോടി രൂപയ്ക്കു മുകളിൽ കുടിശ്ശികയുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾക്കു മാത്രം 120 കോടിയോളമാണ് കുടിശ്ശികയിനത്തിൽ നൽകാനുള്ളത്. വിതരണക്കാർക്കു നൽകാനുള്ള ഭീമമായ കുടിശ്ശിക എത്രയും പെട്ടെന്നു നൽകി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനു കഴിയേണ്ടതുണ്ട്. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ ആശുപത്രികൾക്കു ലഭിക്കാനുള്ള കോടികളും കുടിശ്ശികയായി കിടക്കുന്നുണ്ട്. കുടിശ്ശിക യഥാസമയം ലഭിക്കാത്തതിനാലും മറ്റും ചില മരുന്നുകളുടെ വിതരണക്കാർ പിന്മാറിയതിനാൽ റീ ടെൻഡർ വിളിക്കേണ്ടിവന്നതു പ്രതിസന്ധിക്കു കാരണമായെന്നു പറയുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിച്ചുപണികൾക്കിടെ റീ ടെൻഡർ നടപടികളിൽ കാലതാമസമുണ്ടായി എന്നും ആരോപിക്കപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയും മരുന്നു സംഭരണം മനഃപൂര്‍വം വൈകിപ്പിച്ചും സ്വകാര്യ ആശുപത്രികള്‍ക്കു കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കുകയാണു യുഡിഎഫ് സര്‍ക്കാര്‍ എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ വയോമിത്രം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനെയും പാലിയേറ്റിവ് രോഗികളുടെ ചികിത്സയെയും മരുന്നുക്ഷാമം സാരമായി ബാധിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നുണ്ട്. മരുന്നുക്ഷാമം പ്രതിപക്ഷത്തിനു രാഷ്ട്രീയ ആയുധമാവുന്നതു സ്വാഭാവികമാണ്. അതേസമയം, ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പരത്താൻ ചിലർ ശ്രമിക്കുകയാണെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറയുന്നത്.

ലോകത്തിനു തന്നെ മാതൃകയാണു കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖല. സർക്കാർ ആശുപത്രികളുടെ നല്ല നിലയിലുള്ള പ്രവർത്തനം ഈ മാതൃക കാത്തുസൂക്ഷിക്കാൻ നമുക്ക് ആവശ്യമാണ്. ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ കഴിയാത്ത പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണു സർക്കാർ ആശുപത്രികൾ. അവിടെയെത്തുന്നവർക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കുന്നില്ലെന്നു വന്നാൽ അതു സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വലിയ വീഴ്ചയായി കണക്കാക്കപ്പെടും. സർക്കാർ ഡോക്റ്റർമാർ എഴുതിക്കൊടുക്കുന്ന മരുന്ന് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്‌സിഎൽ) മുഖേനയുള്ള ആരോഗ്യവകുപ്പിന്‍റെ മരുന്നു സംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്കു നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനും ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇടപെടുന്നു എന്ന റിപ്പോർട്ടുകൾ എന്തായാലും സ്വാഗതാർഹമാണ്. ടെൻഡറിൽ ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനും കമ്പനികൾക്കു നേരിട്ട് പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കാനും മന്ത്രി നിർദേശം നൽകിയെന്നാണു റിപ്പോർട്ടുകൾ. ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെൻഡറിൽ പങ്കെടുക്കാം. അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ ഒക്റ്റോബറിൽ ആരംഭിക്കാനുള്ള തീരുമാനവും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. ടെൻഡർ‌ നടപടികൾ ഡിസംബറിൽ പൂർത്തീകരിച്ച് ഫെബ്രുവരിയോടെ മരുന്നു ലഭ്യമാക്കാനാണു തീരുമാനമത്രേ.

കുറഞ്ഞത് രണ്ടു സംസ്ഥാനങ്ങളിലെങ്കിലും സർക്കാർ മേഖലയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിനും ലഭ്യമാക്കാൻ പാടുള്ളൂവെന്നതാണു മന്ത്രി നൽകുന്ന പ്രധാന നിർദേശം. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടായി ഇതിനെ കാണാവുന്നതാണ്. ഈ വർഷം ഫെബ്രുവരിയിൽ പർച്ചേസ് ഓർഡർ നൽകിയ കമ്പനികൾ പലതും കെഎംഎസ്‌സിഎല്ലിനു മാത്രമായി പ്രത്യേകം മരുന്നു നിർമിച്ചു നൽകുന്നവയാണെന്നു കണ്ടെത്തിയത്രേ. കെഎംഎസ്‌സിഎല്ലിനു വിതരണം ചെയ്യുന്ന മരുന്നിന്‍റെ ഏതെങ്കിലും ബാച്ച് നിലവാരമില്ലെന്നു കണ്ടെത്തിയാൽ ആ കമ്പനിയെ സ്ഥിരമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും നല്ല കാര്യമാണ്.

സംസ്ഥാനത്ത് ഏറ്റവും വിലകുറച്ച് ബ്രാൻഡഡ് മരുന്ന് ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പർച്ചേസ് ചെയ്യുന്നതിനെക്കാൾ കുറഞ്ഞ വിലയിലായിരിക്കണം കെഎംഎസ്‌സിഎൽ മരുന്നു സംഭരിക്കേണ്ടത് എന്നും നിർദേശിച്ചിട്ടുണ്ട്. ഓരോ വർഷവും മരുന്നുകൾ വാങ്ങുന്ന വില വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന നിർദേശം സുതാര്യത ഉറപ്പാക്കാൻ ഉപകരിക്കും. മരുന്നു സംഭരണത്തിലെ തെറ്റായ പ്രവണതകൾ കർശനമായി തടയാൻ സർക്കാരിനു കഴിയട്ടെ. ഇടനിലക്കാരിൽ നിന്നു പാരിതോഷികം വാങ്ങി പലതിനു നേരേയും കണ്ണടയ്ക്കുന്ന രീതിയാണു പലപ്പോഴും ആരോഗ്യ മേഖലയ്ക്കു കളങ്കമുണ്ടാക്കുന്നത്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും