ഇന്ത്യ പോസ്റ്റിന്‍റെ ചരിത്രം

 
Editorial

ഇന്ത്യ പോസ്റ്റിന്‍റെ ചരിത്രം

ആകെ 23 തപാൽ സർക്കിളുകളിൽ 18 എണ്ണവും ഒന്നാം പാദത്തെ അപേക്ഷിച്ച് ലക്ഷ്യം കൈവരിക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചു.

MV Desk

തുടർച്ചയായ രണ്ട് പാദങ്ങളിലും 4,000 കോടി രൂപയുടെ ത്രൈമാസ വരുമാനം നേടിക്കൊണ്ട് തപാൽ വകുപ്പ് ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നു. ഇതാദ്യമായാണ് തപാൽ വകുപ്പ് ഈ നേട്ടം കൈവരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതി (2026 ഏപ്രിൽ– സെപ്റ്റംബർ) വകുപ്പ് 8,212.7 കോടി രൂപയുടെ വരുമാനം നേടി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ നേടിയ 6,636 കോടി രൂപയെ അപേക്ഷിച്ച് 24 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഡൽഹിയിൽ ഇന്ന് നടന്ന രണ്ടാം പാദ അവലോകന യോഗത്തിൽ കേന്ദ്ര കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്യൂണിക്കേഷൻസ്, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മാസാനി, തപാൽ വകുപ്പ് സെക്രട്ടറി സുബ്രത് ദാസ്, പോസ്റ്റൽ സർവീസസ് ബോർഡ് അംഗങ്ങൾ, വിവിധ തപാൽ സർക്കിളുകളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽമാർ, ഡയറക്റ്ററേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രണ്ടാം പാദത്തിൽ (2026 ജൂലൈ– സെപ്റ്റംബർ) തപാൽ വകുപ്പ് 4,201.5 കോടി രൂപയുടെ വരുമാനം നേടി. മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 25 ശതമാനം വാർഷിക വളർച്ചയും ആദ്യ പാദത്തെ അപേക്ഷിച്ച് 5 ശതമാനം വർധനയും രേഖപ്പെടുത്തി.

തപാൽ വകുപ്പിന്‍റെ 6 ബിസിനസ് വിഭാഗങ്ങളിലും മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ 44 ശതമാനവും, മെയിൽസ് വിഭാഗത്തിൽ 36 ശതമാനവും, പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് വിഭാഗത്തിൽ 18 ശതമാനവും, ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് ഗ്ലോബൽ ബിസിനസ് വിഭാഗത്തിൽ 38 ശതമാനവും, പാഴ്സൽ വിഭാഗത്തിൽ 71 ശതമാനവും വളർച്ച രേഖപ്പെടുത്തി.

രണ്ടാം പാദത്തിൽ പാഴ്സൽ വിഭാഗം 318.9 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഈ വിഭാഗത്തിൽ കേരളം, വടക്കുകിഴക്കൻ മേഖല, ഉത്തർപ്രദേശ്, ബിഹാർ എന്നീ തപാൽ സർക്കിളുകൾ ത്രൈമാസ ലക്ഷ്യങ്ങൾ മറികടക്കുന്ന നേട്ടം കൈവരിച്ചു. ആദ്യ പാദത്തെ അപേക്ഷിച്ച് മെയിൽസ് വിഭാഗത്തിന്‍റെ വരുമാനത്തിൽ 26 ശതമാനം വർധനവുണ്ട്. കൂടാതെ 12 തപാൽ സർക്കിളുകൾ രണ്ടാം പാദത്തിലെ ലക്ഷ്യങ്ങൾ കൈവരിക്കുകയോ മറികടക്കുകയോ ചെയ്തു. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് 1,987 കോടി രൂപയുടെ വരുമാനം സംഭാവന ചെയ്തപ്പോൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിഭാഗം ത്രൈമാസ ലക്ഷ്യത്തിന്‍റെ 92 ശതമാനം കൈവരിച്ചു.

7 തപാൽ സർക്കിളുകൾ രണ്ടാം പാദത്തിലെ ആനുപാതിക ലക്ഷ്യത്തിന്‍റെ 90 ശതമാനമോ അതിൽ കൂടുതലോ കൈവരിച്ചു. 97.15 ശതമാനം നേട്ടത്തോടെ ബിഹാർ ഒന്നാമതെത്തിയപ്പോൾ, 97.07 ശതമാനവുമായി പശ്ചിമ ബംഗാളും 94.79 ശതമാനവുമായി വടക്കുകിഴക്കൻ മേഖലയും തൊട്ടുപിന്നിലെത്തി. ആദ്യ പകുതിയിലെ മൊത്തം പ്രകടനത്തിൽ 95.72 ശതമാനം നേട്ടവുമായി പശ്ചിമ ബംഗാൾ മുന്നിലെത്തി. 95.12 ശതമാനവുമായി ബിഹാറും 94.63 ശതമാനവുമായി ആന്ധ്ര പ്രദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ആകെ 23 തപാൽ സർക്കിളുകളിൽ 18 എണ്ണവും ഒന്നാം പാദത്തെ അപേക്ഷിച്ച് ലക്ഷ്യം കൈവരിക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചു. പെൻഷൻ ചെലവ് ഉൾപ്പെടെയുള്ള ചെലവ് അനുപാതം 42 ശതമാനത്തിലും പെൻഷൻ ചെലവ് ഒഴിവാക്കിയുള്ളത് 62 ശതമാനത്തിലുമെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 22 തപാൽ സർക്കിളുകൾ ചെലവ് അനുപാതത്തിൽ പുരോഗതി രേഖപ്പെടുത്തി.

ആനുപാതിക ബിസിനസ് ലക്ഷ്യങ്ങൾ കൈവരിച്ചതിലെ പ്രകടനം പരിഗണിച്ച്, ആദ്യ പാദത്തിലെ നേട്ടത്തിന് ആന്ധ്ര പ്രദേശ് തപാൽ സർക്കിളിനും, രണ്ടാം പാദത്തിലെ നേട്ടത്തിന് ബിഹാർ തപാൽ സർക്കിളിനും പുരസ്കാരം നൽകിയിട്ടുണ്ട്. രണ്ടാം പാദത്തിൽ 97.15 ശതമാനം നേട്ടത്തോടെ ബിഹാർ സർക്കിൾ മുന്നിലെത്തി. 97.07 ശതമാനവുമായി പശ്ചിമ ബംഗാൾ സർക്കിളും 94.79 ശതമാനവുമായി വടക്കുകിഴക്കൻ മേഖലാ സർക്കിളും തൊട്ടുപിന്നിലെത്തി. തപാൽ വകുപ്പിന്‍റെ വരുമാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നടത്തിയ സുസംഘടിതമായ ബിസിനസ് പ്രവർത്തനങ്ങളെയും കൈവരിച്ച പുരോഗതിയെയുമാണ് ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നത്. സ്ഥിരതയാർന്ന പ്രവർത്തനമികവ്, ഫലപ്രദമായ ബിസിനസ് ആസൂത്രണം, വിവിധ തപാൽ സർക്കിളുകളിലുടനീളം വരുമാനം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എന്നിവയുടെ പ്രാധാന്യവും ഈ അംഗീകാരം അടിവരയിടുന്നു.

ഈ ചരിത്രനേട്ടത്തിൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിനന്ദിച്ച കേന്ദ്ര കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ, പുതിയ ഉപഭോക്താക്കളെ ആകർഷിക്കുക, മികച്ച സേവനം ഉറപ്പാക്കുക, നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുക എന്നിവയിലൂടെ വളർച്ച സുസ്ഥിരമായി നിലനിർത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി. ബിസിനസ് കൂടുതൽ വൈവിധ്യവത്കരിക്കുക, നേതൃത്വം ശക്തിപ്പെടുത്തുക, നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുക, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം സ്വീകരിക്കുക എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.

ഉത്സവ സീസണിലും പാഴ്സലുകൾ കൂടുതലായി എത്തുന്ന സമയത്തും ഈ വളർച്ചാ വേഗത നിലനിർത്താനും, പാഴ്സൽ സേവനങ്ങൾ, ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് ഗ്ലോബൽ ബിസിനസ് എന്നിവ ശക്തിപ്പെടുത്താനും, സംസ്ഥാന ഗവണ്മെന്‍റുകളുമായി സഹകരിച്ച് പൗര കേന്ദ്രീകൃത സേവനങ്ങൾ വ്യാപിപ്പിക്കാനും, ചെലവുകളിൽ അച്ചടക്കം പാലിക്കാനും മന്ത്രിമാർ തപാൽ സർക്കിളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.