നഴ്സുമാരുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കരുത്

 

file photo

Editorial

നഴ്സുമാരുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കരുത്

ആരോഗ്യ മേഖലയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നതു തടയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

MV Desk

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളെജുകളിൽ ഡോക്‌റ്റർമാർ നടത്തിവന്ന സമരം സർക്കാരുമായുള്ള ധാരണ പ്രകാരം തത്കാലത്തേക്കു നിർത്തിവച്ചതു നൂറുകണക്കിനു രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്. കേരള ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഡോക്റ്റർമാർ നടത്തിവന്ന അനിശ്ചിതകാല ഒപി,ശസ്ത്രക്രിയാ ബഹിഷ്കരണം അവസാനിപ്പിച്ചിരിക്കുകയാണ്. 18 മാസത്തെ ശമ്പളക്കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ തീരുമാനങ്ങൾക്കനുസരിച്ചു നൽകാമെന്നും ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയതിനെത്തുടർന്നാണു സമരം മാറ്റിവച്ചിരിക്കുന്നത്.

പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ഡോക്റ്റർമാരുടെ ആവശ്യവും സമരം തുടങ്ങിയതിനു ശേഷം സർക്കാർ പരിഗണിക്കുകയുണ്ടായി. ഇപ്പോൾ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കാനുള്ള ഉത്തരവുകൾ ഇറങ്ങിയില്ലെങ്കിൽ ഒരാഴ്ച കഴിയുമ്പോൾ വീണ്ടും സമരം തുടങ്ങുമെന്നാണ് അസോസിയേഷൻ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. സർക്കാർ വാക്കു പാലിച്ചാൽ ഈ സമരഭീഷണി ഒഴിവാക്കാവുന്നതേയുള്ളൂ.

ഇതിനിടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖല സ്തംഭിപ്പിച്ച് നഴ്സുമാരും സമരരംഗത്തിറങ്ങിയിരിക്കുന്നത്. ശമ്പള പരിഷ്കരണവും 40,000 രൂപ അടിസ്ഥാന ശമ്പളവുമുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് അവരുടെ സമരം. തങ്ങൾ മാലാഖമാരല്ല, മനുഷ്യരാണെന്നും ജീവിക്കാൻ മാന്യമായ ശമ്പളം വേണമെന്നും അവർ പറയുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിയ ആയിരക്കണക്കിനു നഴ്‌സുമാർ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുകയുണ്ടായി.

പിന്നീടു മാനവീയം വീഥിയിൽ ഒത്തുചേർന്ന് സമര പ്രഖ്യാപനവും നടത്തി. നിശാഗന്ധി ഓഡിറ്റോറിയം അടക്കമുള്ള സ്ഥലങ്ങൾ സമര പ്രഖ്യാപന സമ്മേളനത്തിനു സർക്കാർ വിട്ടുനൽകിയില്ല എന്ന ആരോപണവും അവർ ഉന്നയിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളിന്മേൽ സർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ പണിമുടക്കിനാണു സംഘടനയുടെ തീരുമാനം. തിങ്കളാഴ്ച വരെ അടിയന്തര ചികിത്സകൾക്കായുള്ള സേവനം തുടരും.

ആശുപത്രി പ്രവർത്തനങ്ങളിൽ നിന്ന് നഴ്സുമാർ പൂർണമായി വിട്ടുനിന്നാൽ ചെറുകിട ക്ലിനിക്കുകൾ മുതൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ളവയുടെ പ്രവർത്തനത്തെ അതു ഗുരുതരമായി ബാധിക്കും. ആരോഗ്യ മേഖലയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നതു തടയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

മിനിമം വേതനം വർധിപ്പിക്കാമെന്ന് അധികൃതർ നേരത്തേ ഉറപ്പുനൽകിയതാണെന്നു നഴ്സുമാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു. ആ ഉറപ്പ് പക്ഷേ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണു പല ആശുപത്രി മാനെജ്മെന്‍റുകളും സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ എന്താണു സർക്കാരിനെ പിന്തിരിപ്പിക്കുന്നതെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.

കാലാനുസൃതമായ വേതന വർധന നഴ്സുമാരുടെ ന്യായമായ ആവശ്യമാണ്. സർക്കാരും മാനെജ്മെന്‍റുകളും തമ്മിലുള്ള ഒത്തുകളിയാണ് ശമ്പള വർധന നടപ്പാവാതിരിക്കാൻ കാരണമെന്ന ആരോപണം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉയർത്തിയിട്ടുണ്ട്. ഏഴുവർഷം മുൻപാണ് നഴ്സുമാരുടെ ശമ്പള പരിഷ്കരണം ഉണ്ടായത്. അതിനുശേഷം ആശുപത്രികളിലെ ചികിത്സാ ചെലവു വൻ തോതിൽ വർധിച്ചിട്ടുണ്ട്. ജീവിതച്ചെലവിലും വർധനയുണ്ടായി.

അതിനനുസരിച്ചു നഴ്സുമാർക്കു ശമ്പളം കൂടിയില്ല. വിദേശ രാജ്യങ്ങളിൽ മലയാളി നഴ്സുമാർക്കു വലിയ സ്വീകാര്യതയും ഉയർന്ന ശമ്പളവും ലഭിക്കുന്നുണ്ട്. പക്ഷേ, സ്വന്തം നാട്ടിൽ അവർക്കു കുറഞ്ഞ ശമ്പളമാണ്. നിരവധി വർഷങ്ങളുടെ പരിചയമുള്ളവർക്കു പോലും ചില സ്വകാര്യ ആശുപത്രികളിൽ തുച്ഛമായ വേതനം ലഭിക്കുന്ന സ്ഥിതിയുണ്ട്. പല ആശുപത്രികളിലും 20,000 രൂപ പോലും ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളതത്രേ. ഞങ്ങൾക്കും ജീവിക്കേണ്ടേ എന്ന നഴ്സുമാരുടെ ചോദ്യം അന്യായമാണെന്നു പറയാനാവില്ല.

ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, തുല്യ ജോലിക്കു തുല്യ വേതനം നൽകുക, കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, നഴ്സിങ് അധ്യാപകർക്കു യുജിസി സ്കെയിൽ അനുവദിക്കുക, രോഗി- നഴ്സ് അനുപാതം നിയമാനുസൃതമാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് വേതന വർധനയ്ക്കു പുറമേ നഴ്സുമാർ മുന്നോട്ടുവയ്ക്കുന്നത്. ആരോഗ്യ രംഗത്ത് നഴ്സുമാരുടെ സേവനം എത്രമാത്രം മഹത്തരമാണെന്നു പറയാതെ തന്നെ എല്ലാവർക്കും അറിയാം.

അവർ ചെയ്യുന്ന ജോലിയുടെ മഹത്വം കൊണ്ടുതന്നെയാണ് "ഭൂമിയിലെ മാലാഖമാർ' എന്ന വിശേഷണം ലഭിച്ചതും. പക്ഷേ, ഈ വിശേഷണത്തിനൊത്തുള്ള പരിഗണന പ്രതിഫലക്കാര്യത്തിൽ അവർക്കു ലഭിക്കാറില്ല എന്നതു വസ്തുതയാണ്. നഴ്സുമാരുടെ സമരത്തിനു കോൺഗ്രസും യുഡിഎഫും പൂർണ പിന്തുണ നൽകുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നഴ്സുമാരുടെ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്നും അവർ വാഗ്ദാനം നൽകിയിട്ടുണ്ട്. ബിജെപിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. നഴ്സുമാർ പറയുന്നതു കേൾക്കാനും അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനും സർക്കാർ കൂടി തയാറാവുകയാണു വേണ്ടത്.

സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സംശയം; പൈലറ്റിനെ കാണാനില്ല

വമ്പൻ പോരാട്ടം ജയിച്ച് ഇന്ത്യ ഫൈനലിൽ; സഞ്ജു തന്നെ ഹീറോ

ഇറാനിയൻ കപ്പൽ ആക്രമണം; കേന്ദ്രസർക്കാരിന് അമെരിക്കൻ വിധേയത്വമെന്ന് പിണറാ‍യി വിജയൻ

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

ഹോളി ആഘോഷത്തിനിടെ കളർ വെള്ളം ഒഴിച്ചതിന് കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശി