വസ്ത്രധാരണം ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തൽ വേണ്ട- ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ

 
Editorial

വസ്ത്രധാരണം ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തൽ വേണ്ട

പെൺകുട്ടികളുടെ വസ്ത്രധാരണവും ലൈംഗിക അതിക്രമവുമായി ഒരു തരത്തിലും ബന്ധപ്പെടുത്താനാവില്ലെന്നു കോടതി വ്യക്തമാക്കി

MV Desk

ലൈംഗിക അതിക്രമക്കേസിൽ ഡൽഹി ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസമുണ്ടായ സുപ്രധാന വിധി രാജ്യം മുഴുവൻ പ്രസക്തമായതാണ്. പെൺകുട്ടികളുടെ വസ്ത്രധാരണവും ലൈംഗിക അതിക്രമവുമായി ഒരു തരത്തിലും ബന്ധപ്പെടുത്താനാവില്ലെന്നു കോടതി വ്യക്തമാക്കിയിരിക്കുകയാണ്. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാവില്ല. സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ഒരു ന്യായീകരണമല്ല. ഒരു പെൺകുട്ടിയോ സ്ത്രീയോ എന്തു ധരിക്കണമെന്നു തീരുമാനിക്കുന്നത് അവർ തന്നെയാണ്. അവരുടെ വ്യക്തിഗത തെരഞ്ഞെടുപ്പാണത്. അയൽവാസികൾക്കോ സമൂഹത്തിനോ ഒന്നും അതിൽ കാര്യമില്ല. എന്തു വസ്ത്രം ധരിക്കണമെന്നു കൽപ്പിക്കാൻ അവകാശമില്ല- മലയാളിയായ ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

പ്രസക്തമായ മറ്റൊരു നിരീക്ഷണവും ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണമെന്നതാണത്. സ്ത്രീകളുടെ വസ്ത്രം നിയന്ത്രിക്കുന്നതിനു പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുകയാണു വേണ്ടത്. സ്ത്രീകൾ ജീൻസ് ധരിക്കുന്നത് ആൺകുട്ടികളെ സ്വാധീനിക്കും എന്നു പറയുന്നത് അത്യന്തം ദൗർഭാഗ്യകരമായ, ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത മാനസിക നിലയെയാണു കാണിക്കുന്നത്. അതിനുള്ള ഉത്തരം സ്ത്രീകളുടെയും പെൺകുട്ടികളുടെയും വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതല്ല. രക്ഷിതാക്കളും സമൂഹവും തങ്ങളുടെ കുട്ടികളുടെ പെരുമാറ്റം നിയന്ത്രിക്കാൻ പഠിപ്പിക്കണം. വ്യക്തിപരമായ അതിർത്തികളെ ആദരിക്കണം. വീടിനുള്ളിലായാലും പുറത്തായാലും ഓരോ വ്യക്തികളോടും മാന്യത കാണിക്കണം- ജസ്റ്റിസ് സുധ ഓർമിപ്പിക്കുന്നു.

പെൺകുട്ടികളുടെ വസ്ത്രധാരണവും ലൈംഗിക അതിക്രമവുമായി ഒരു തരത്തിലും ബന്ധപ്പെടുത്താനാവില്ലെന്നു കോടതി വ്യക്തമാക്കി

2013 ജൂലൈ പതിനേഴിന് ജീൻസ് ധരിച്ച 17 വയസുകാരിക്കു നേരേ നടന്ന ലൈംഗിക അതിക്രമക്കേസിലാണ് കോടതിയുടെ ഈ വിധിയുണ്ടായിരിക്കുന്നത്. കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പ്രതി തന്നെ പിന്തുടരുകയും ലൈംഗിക പരാമർശമുള്ള വാക്കുകൾ സംസാരിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഈ കേസിൽ പ്രതിയെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സുധയുടെ ഉത്തരവ്. വസ്ത്രധാരണത്തെ മോശമായി കണ്ടുള്ള നിരീക്ഷണങ്ങൾ ഇരകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും കോടതികളിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കാനാവില്ലെന്നുമുള്ള നിലപാടാണ് കോടതിക്കുള്ളത്. പെൺകുട്ടി പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചതിനെക്കുറിച്ച് എതിർ വിസ്താരത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ചതിനെ കോടതി അതിശക്തമായി വിമർശിച്ചിട്ടുണ്ട്. അപമാനിക്കാനും നാണം കെടുത്താനും ശല്യപ്പെടുത്താനുമാണ് ഇത് ഉപകരിക്കുകയെന്നു കോടതി ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങൾക്ക് ഇരകളാവുന്നവരെ കുറ്റക്കാരായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാതിരിക്കുക എന്നതു സമൂഹത്തിന് അത്യന്താപേക്ഷിതമായ നിലപാടു തന്നെയാണ്. ഇരകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് അവർക്കു മാനസികാഘാതമുണ്ടാക്കുന്ന ഇടമായി കോടതികൾ മാറരുതെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്.

വസ്ത്രത്തിന്‍റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തരുതെന്ന് നേരത്തേ കേരള ഹൈക്കോടതിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യമാണിതെന്ന് 2024 ഡിസംബറിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. പുരുഷ നിയന്ത്രിതമായ ഒരു സാമൂഹിക വീക്ഷണത്തിന്‍റെ ബാക്കിയാണ് സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിൽ വിലയിരുത്തുന്നത് എന്നാണ് അന്നത്തെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഏതു വസ്ത്രം ധരിക്കണമെന്നതു സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അതിന്‍റെ പേരിൽ ഒരു "സദാചാര പൊലീസിങ്' ആരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതില്ല. വ്യക്തിപരമായ അതിർവരമ്പുകളെ ബഹുമാനിക്കാൻ എല്ലാവരും പഠിക്കുക എന്നതു തന്നെയാണ് ആവശ്യമായിട്ടുള്ളത്.

രാജ്യത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുണ്ട് എന്നതു ഗൗരവമേറിയ വിഷയം തന്നെയാണ്. പൊതുസ്ഥലങ്ങളിൽ പലതരത്തിലും ഉപദ്രവങ്ങൾ അവർക്കു നേരിടേണ്ടിവരുന്നു. ഉയർന്ന സാക്ഷരതയും പുരോഗമനാശയങ്ങളും ഒക്കെ പറയുന്നുണ്ടെങ്കിലും കേരളത്തിൽ തന്നെ ഓരോ വർഷവും നൂറു കണക്കിനു സ്ത്രീകൾക്കാണ് ഇത്തരം പ്രശ്നങ്ങളെ നേരിടേണ്ടിവരുന്നത്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 42 ശതമാനം വർധനയാണുള്ളത്. ഇതിൽ നല്ലൊരു പങ്ക് ലൈംഗിക കുറ്റകൃത്യങ്ങൾക്കുണ്ട്. കർശനമായ നിയമങ്ങൾ കൊണ്ട് ഇതിനെ നേരിടേണ്ടതുണ്ട്. അതിനൊപ്പം സമൂഹത്തിൽ ഏറ്റവും മാന്യമായി ഇടപെടുന്നതിന് വളർന്നുവരുന്ന തലമുറകളെ ബോധവത്കരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ഇഷ്ടപ്പെട്ട വസ്ത്രധാരണമോ സ്വതന്ത്രമായ സഞ്ചാരമോ ഒന്നും തടഞ്ഞുകൊണ്ടല്ല അതിക്രമങ്ങൾ കുറയ്ക്കേണ്ടത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്