ഒ.ജെ. ജനീഷ്
കായിക രംഗത്തു കേരളത്തിന്റെ പിന്നോട്ടു പോക്ക് കുറെ നാളുകളായി നാം ചർച്ച ചെയ്യുന്നതാണ്. മാറി മാറി വന്ന സർക്കാരുകൾ പലവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പഴയ പ്രതാപത്തിലേക്കു കേരളത്തെ തിരിച്ചെത്തിച്ചിട്ടില്ല എന്നതാണു വാസ്തവം. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫ് സർക്കാരിന്റെ "ഖേലോ കേരളം 2026' കായിക പ്രതിഭാ നിർണയ ചാംപ്യൻഷിപ്പിനെയും കാണേണ്ടത്. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുമ്പോൾ കായിക മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞത് 2036 ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നാണ്. ഒളിംപിക്സ് മെഡൽ എന്ന ലക്ഷ്യം തീർച്ചയായും മഹത്തരമാണ്. അതിലേക്ക് എത്തുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സ്കൂൾതലം മുതലുള്ള കായിക പ്രതിഭകളെ കണ്ടെത്തി, അവർക്കു ശാസ്ത്രീയ പരിശീലനം നൽകിയും നിരന്തര നിരീക്ഷണത്തിലൂടെയും ദേശീയ- അന്തർദേശീയ നിലവാരത്തിലുള്ള താരങ്ങളായി വളർത്തിയെടുക്കുകയാണു വേണ്ടത്.
ഇക്കാര്യത്തിൽ സമർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കുന്ന കായിക മന്ത്രാലയം ഉണ്ടാവേണ്ടതുണ്ട്. ആ മന്ത്രാലയത്തിനു പരിപൂർണ പിന്തുണ നൽകുന്ന സർക്കാരും കായിക മേഖലയിലെ മറ്റ് അധികൃതരും ഈ വർഷങ്ങളിലൊക്കെ ഉണ്ടാവേണ്ടതുണ്ട്. താരങ്ങളെ കണ്ടെത്തുക എന്നതിനപ്പുറം അവർക്കു രാജ്യാന്തര താരങ്ങളായി വളരാൻ അവസരമൊരുക്കുന്നതു പരമപ്രധാനമായി കാണണം. കായിക രംഗത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും പ്രഖ്യാപനത്തിന്റെ ഏഴയലത്തുപോലും എത്താറില്ല. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കു മതിയായ യാത്രാസൗകര്യം ഒരുക്കിക്കൊടുക്കുന്നതിൽ പോലും അലംഭാവം കാണിക്കുന്നതു കേരളം കണ്ടുകഴിഞ്ഞതാണ്. അതിൽ നിന്നൊക്കെ ഒരു മാറ്റം ഉണ്ടായാൽ നല്ലത്. "ഖേലോ കേരളം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ' എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഈ വർഷം അത്ലറ്റിക്സിനാണു പ്രഥമ പരിഗണന എന്നാണു പറയുന്നത്. വരും വർഷങ്ങളിൽ മറ്റു കായിക ഇനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമത്രേ. സംസ്ഥാനത്തെ 163 സബ് ജില്ലകളിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയാണ്. അണ്ടർ 12, 14, 16, 18 വിഭാഗങ്ങളിലായാണ് ഈ മത്സരങ്ങൾ. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ പത്തുവർഷം നീളുന്ന സമഗ്ര കായിക പ്രതിഭാ വികസന സംവിധാനമാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് ക്യാഷ് പ്രൈസ്, ഇൻഷ്വറൻസ് പരിരക്ഷ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം എന്നിവ ഉറപ്പാക്കുമെന്നും പറയുന്നു.
ഈ വർഷം അത്ലറ്റിക്സിനു പ്രഥമ പരിഗണന നൽകുന്നത് എന്തുകൊണ്ടും ഉചിതമാണ്. അത്ലറ്റിക്സിൽ മുൻപ് രാജ്യത്തിന്റെ അക്ഷയഖനിയായിരുന്നു കേരളം. ആ മികവു തിരിച്ചുപിടിക്കുന്നതിൽ സർക്കാരിന്റെ പങ്ക് നിർണായകമാണ്. സ്കൂൾ കായിക മേളകൾ വലിയ ആഘോഷമായി നടത്താൻ നമുക്കു കഴിയാറുണ്ട്. എന്നാൽ, അതിൽ നിന്നു കണ്ടെത്തുന്ന താരങ്ങൾക്കു വേണ്ടത്ര പ്രോത്സാഹനം നൽകി അവരെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മത്സരിക്കാൻ തക്കവണ്ണം കരുത്തരാക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുകയാണ്. താരങ്ങൾക്കു നൽകുന്ന സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല പാരിതോഷികങ്ങളുടെ കാര്യത്തിലും പരാതികൾ ഉയരാറുണ്ട്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കുമുള്ള പാരിതോഷികത്തുക വർധിപ്പിച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്. കായിക മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നിലവിലുള്ള കായിക നിയമങ്ങള്‍ പൊളിച്ചെഴുതി പുതിയ "അത്ലറ്റ് സെന്‍ട്രിക്' സ്പോര്‍ട്സ് ബില്ല് കൊണ്ടുവരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ്. സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് ഡയറക്റ്ററേറ്റും വെവ്വേറെ സംവിധാനങ്ങളായി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഏകോപന പോരായ്മകള്‍ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്നാണു പറയുന്നത്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്റ്ററേറ്റിൽ അസിസ്റ്റന്റ് ഡയറക്റ്ററായി നിയമനം നൽകിയതു കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തിന്റെ കായിക രംഗത്തിനു പ്രോത്സാഹനം നൽകുന്നതാണ് ഈ തീരുമാനം എന്നതിൽ സംശയമില്ല.
ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉയർന്നത് ഏതാനും നാളുകൾക്കു മുൻപാണ് എന്നതു കൂടി ഇതിനൊപ്പം ഓർക്കേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ലോങ്ജംപ് താരങ്ങളായ ആൻസി സോജനും എം. ശ്രീശങ്കറും ഇതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. അത്ലറ്റിക്സിൽ കേരളത്തിന്റെ അഭിമാന താരങ്ങളായ ഇരുവരും തമിഴ്നാട്ടിലേക്കു പോകുന്നതിനെക്കുറിച്ചുപോലും സൂചിപ്പിച്ചു. ദേശീയ, അന്തർദേശീയ തലത്തിൽ മെഡലുകൾ നേടുന്ന മലയാളി താരങ്ങൾക്ക് ഇനിയും ഇത്തരത്തിൽ പരാതി പറയാനുള്ള അവസരം ഇല്ലാതാക്കേണ്ടതു സർക്കാരിന്റെ പ്രവർത്തനങ്ങളാണ്. കായിക രംഗത്ത് രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളാൻ നാളത്തെ കേരളത്തിനു കഴിയട്ടെ. അതിന് ഇന്നത്തെ ഭരണാധികാരികൾ എല്ലാവിധ സഹായവും സാഹചര്യങ്ങളും ഒരുക്കട്ടെ.