തൊഴിൽ അന്വേഷിക്കുന്ന ആയിരക്ക‍ണക്കിനു യുവാക്കളുടെ പ്രതീക്ഷയും വിശ്വാസവുമാണ് പിഎസ്‌സി കാത്തുസൂക്ഷിക്കേണ്ടത്

 
Editorial

പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടക്കട്ടെ

തൊഴിൽ അന്വേഷിക്കുന്ന ആയിരക്ക‍ണക്കിനു യുവാക്കളുടെ പ്രതീക്ഷയും വിശ്വാസവുമാണ് പിഎസ്‌സി കാത്തുസൂക്ഷിക്കേണ്ടത്

Reena Varghese

ആസൂത്രണ ബോര്‍ഡിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയത്തിലുണ്ടായ ക്രമക്കേടില്‍ പിഎസ്‌‌സിക്കെതിരേ ഹൈക്കോടതിയിൽ നിന്ന് ഇന്നലെയുണ്ടായതു രൂക്ഷവിമര്‍ശനമാണ്. പ്രത്യക്ഷത്തിൽ തന്നെ ഗുരുതരമായ അഴിമതിയാണു നടന്നിട്ടുള്ളതെന്നു കോടതി നിരീക്ഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടു പിഎസ്‌സി സഹകരിക്കുകയാണു വേണ്ടതെന്നും അന്വേഷണത്തിനെതിരേ ഹര്‍ജി നല്‍കാന്‍ പിഎസ്‌സിക്ക് എന്തധികാരമാണുള്ളതെന്നും കോടതി ചോദിക്കുന്നു. അടുത്തിടെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട സംഭവമാണു കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു നടന്ന പിഎസ്‌സി പരീക്ഷാ ക്രമക്കേട്. സത്യസന്ധമായ മൂല്യനിർണയം പ്രതീക്ഷിച്ചു പരീക്ഷയെഴുതിയവരോടു കൊടുംവഞ്ചന കാണിച്ച നടപടി എന്ന നിലയിലാണ് ഇതു ചർച്ചയായതും. സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവന്നു. പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമായി കണക്കാക്കിയാണു സർക്കാർ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും.

ഈ അന്വേഷണത്തിനെതിരേയാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്. ഭര‍ണഘടനാ സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളിൽ സർക്കാരിനു കടന്നുകയറാനാവില്ലെന്നാണു പിഎസ്‌സിയുടെ നിലപാട്. കേസെടുത്തതിനു പിന്നാലെ മൊഴിയെടുപ്പിനു ഹാജരാകാൻ പിഎസ്‌സി അംഗങ്ങൾക്കു ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു ചോദ്യം ചെയ്യലിനെത്താൻ കഴിയില്ലെന്നു പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ അറിയിച്ചു. ക്രമക്കേടു നടത്തിയെങ്കില്‍ അത് അന്വേഷിക്കേണ്ടേയെന്ന ചോദ്യമാണ് ഇപ്പോൾ കോടതി ഉന്നയിക്കുന്നത്. പിഎസ്‌സിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണിത്. ഈ സ്ഥാപനത്തെക്കുറിച്ച് ആർക്കെങ്കിലുമൊക്കെ സംശയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതു തീർക്കേണ്ടതു നാടിന്‍റെ ആവശ്യമാണ്. അതിനു വിശ്വാസ്യതയുള്ള അന്വേഷണവും വേണ്ടതാണ്. നോട്ടീസ് നൽകിയിട്ടും സഹകരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയെടുക്കണമെന്നു സർക്കാരിനോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് ലെവൽ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കു പിഎസ്‌സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നാണു പരാതി ഉയർന്നത്. 100 മാർക്കിനുള്ള പരീക്ഷയിൽ 58 മാർക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. ഒമ്പതു മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്‍റെ പകർപ്പിനായി‌ അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പിഎസ്‌സി അതു നൽകിയത്. ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്‍റെ പകർപ്പു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടു വെളിച്ചത്തുവന്നത്. ഇതിനിടെ വിവാദ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശയും നൽകി. ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ് ഒന്നാം റാങ്കിൽ എത്തിയതത്രേ. ഒഴിവാക്കിയ 10 ചോദ്യങ്ങളുടെ ഉത്തരം പരിഗണിച്ചിരുന്നുവെങ്കിൽ റാങ്ക് പട്ടികയിൽ മാറ്റം വരുമായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കാനും പുനർമൂല്യ നിർണയം നടത്താനും പിഎസ്‌സി തീരുമാനിക്കുകയുണ്ടായി. അപ്പോഴും എന്തുകൊണ്ട് ഇത്തരത്തിൽ മൂല്യനിർണയം നടന്നു എന്നതിൽ ദുരൂഹത നിലനിൽക്കുന്നു.

ഒരു പരീക്ഷയുടെ മൂല്യനിർണയത്തിൽ മാത്രമല്ല പരാതിയുള്ളത് എന്നതു കൂടി ഇതിനൊപ്പം ഓർക്കേണ്ടതുണ്ട്. നൂറ്റെൺപതിലേറെ പരാതികൾ പിഎസ്‍സിക്കെതിരേ ഉണ്ടെന്നാണു സർക്കാർ പറയുന്നത്. അതിലൊന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ചോദ്യം തയാറാക്കിയതിലും മൂല്യനിർണയത്തിലും അഭിമുഖം നടത്തിയതിലും എല്ലാം രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന സംശയമാണ് മുഖ്യമന്ത്രിക്കു പരാതിയായി ലഭിച്ചിട്ടുള്ളത്. നാലര ലക്ഷം പേരാണ് ഒഎംആർ രീതിയിലുള്ള ഇതിന്‍റെ പ്രാഥമിക പരീക്ഷയിൽ പങ്കെടുത്തത്. ഇതിൽ 12,000 ഉത്തരക്കടലാസുകൾ ഒഎംആർ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞ് 21 പിഎസ്‌സി ഉദ്യോഗസ്ഥരെക്കൊണ്ട് നേരിട്ടു മൂല്യനിർണയം നടത്തിച്ചു. ഇതിലാണു ക്രമക്കേട് ആരോപിക്കപ്പെടുന്നത്. ഇതിനെതിരേ ഉയർന്ന പരാതികളിൽ തുടർ നടപടികളും ഉണ്ടായില്ല. എഴുത്തുപരീക്ഷയിലെ മാർക്കുകൾ മുൻകൂട്ടി അറിഞ്ഞ് ചില പ്രത്യേക ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിക്കാൻ അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകി എന്നും പരാതിയുണ്ട്. നേരത്തേ നടന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ നിയമനവുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. തൊഴിൽ അന്വേഷിക്കുന്ന ആയിരക്ക‍ണക്കിനു യുവാക്കളുടെ പ്രതീക്ഷയും വിശ്വാസവുമാണ് പിഎസ്‌സി കാത്തുസൂക്ഷിക്കേണ്ടത്. ആ പ്രതീക്ഷ തകർക്കുന്ന നടപടികൾ കർശനമായി തടയപ്പെടേണ്ടതുണ്ട്. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടെത്തേണ്ടതും കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടതും അനിവാര്യമാണ്. ഏതെങ്കിലും പരീക്ഷകളിൽ യോഗ്യതയുള്ളവരെ പുറന്തള്ളി തങ്ങൾക്കു താത്പര്യമുള്ളവരെ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് യാതൊരു ന്യായീകരണവുമില്ലാത്ത കുറ്റമാണ്.