.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി നഷ്ടമായിരിക്കുന്നു. പ്രാണനും കൊണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച അജീഷ് എന്ന യുവാവിനെ മതിൽ ചാടിക്കടന്ന് സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയിട്ടും ഗേറ്റ് തകർത്തു പിന്നാലെ വന്ന ആന ചവിട്ടിക്കൊന്നത് കേരളത്തെയാകെ ഞെട്ടിക്കുന്ന കാഴ്ചയായി. മാനന്തവാടി നഗരത്തിൽ തിങ്ങിക്കൂടിയ ആയിരക്കണക്കിനാളുകളുടെ ഒരു പകൽ മുഴുവൻ നീണ്ടുനിന്ന സമാനതകളില്ലാത്ത പ്രതിഷേധം വന്യമൃഗങ്ങളുടെ ആക്രമണങ്ങളോടു നിസംഗത പുലർത്തുന്ന സർക്കാരിനും ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കുമുള്ള താക്കീതായി മാറിയിട്ടുണ്ട്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്രയോ ആളുകളാണ് വാർത്തയറിഞ്ഞ ഉടൻ പ്രതിഷേധത്തിൽ അണിചേരാൻ മാനന്തവാടിയിൽ എത്തിച്ചേർന്നത്. ഉദ്യോഗസ്ഥരോടുള്ള അവരുടെ രോഷം ഓരോരുത്തരുടെയും വാക്കുകളിൽ പ്രകടമായിരുന്നു.
വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരവും കാണാൻ ആർക്കും താത്പര്യമില്ല എന്ന അവരുടെ പരിഭവം വികാരത്തിന്റെ പുറത്തുള്ളതു മാത്രമായി കാണേണ്ടതില്ല. ജീവനെടുത്താലും കൃഷി നശിപ്പിച്ചാലും എല്ലാം സഹിച്ചു കഴിയുക എന്നതല്ലാതെ ഈ സാധാരണ കർഷകർക്ക് യാതൊരു മാർഗവുമില്ല എന്നതാണനുഭവം. എല്ലാം ശരിയാക്കാമെന്നു പറയുന്നവർ പിന്നെ തിരിഞ്ഞുനോക്കില്ലെന്നു പരാതിപ്പെടുന്ന ഇവരോട് ഇനിയും വഞ്ചന കാണിക്കരുത്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ ഇനിയും മനുഷ്യ ജീവനുകൾ കവരുന്നതു തടയുക അധികൃതരുടെ അടിയന്തര ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്. ആവർത്തിച്ച് ഇതു പറയേണ്ടിവരുന്നത് എത്രയോ കഷ്ടം. നഗരങ്ങളിൽ പോലും രക്ഷയില്ലെന്നു വരുന്നത് എത്രയോ ഭീതിജനകം.
ഒരാഴ്ച മുൻപാണ് മാനന്തവാടിയിൽ തണ്ണീർക്കൊമ്പൻ ഇറങ്ങി നഗരവാസികളെ ഭയപ്പെടുത്തിയത്. അതിനെ മയക്കുവെടിവച്ചു പിടികൂടി ബന്ദിപ്പൂരിലെ ക്യാംപിലെത്തിച്ച ശേഷം ആന ചരിഞ്ഞതിനെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. തണ്ണീർക്കൊമ്പനൊപ്പം റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരാന കൂടി ഇറങ്ങിയിട്ടുണ്ടെന്ന് വനം വകുപ്പ് ആ സമയത്തു തന്നെ സ്ഥിരീകരിച്ചതാണ്. അതിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ അവകാശവാദം അപ്പാടെ തകർത്തുകൊണ്ടാണ് ശനിയാഴ്ച പുലർച്ചെ തികച്ചും അപ്രതീക്ഷിതമായി "ബേലൂർ മഖ്ന' എന്ന കാട്ടാന തണ്ണീർക്കൊമ്പൻ ഇറങ്ങിയതിനു സമീപമുള്ള ജനവാസ കേന്ദ്രത്തിലിറങ്ങിയത്. ആനയിറങ്ങുന്നതു സംബന്ധിച്ച് ഒരു മുന്നറിയിപ്പും വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്കു നൽകിയിരുന്നില്ല. ആനയ്ക്ക് കർണാടക സർക്കാർ ഘടിപ്പിച്ച റോഡിയോ കോളർ ഉണ്ടായിരുന്നിട്ടും അതു പ്രയോജനപ്പെട്ടില്ല. ആനയെ ട്രാക്ക് ചെയ്യുന്നതിൽ അലംഭാവമുണ്ടായി എന്നു തന്നെയാണു നാട്ടുകാർ പറയുന്നത്.
റേഡിയോ കോളറിന്റെ ആന്റിനയും റിസീവറും ആവശ്യപ്പെട്ട് കര്ണാടകയ്ക്ക് കത്തയച്ചിരുന്നുവെന്നും അതു കിട്ടിയില്ലെന്നുമൊക്കെയാണ് വനം വകുപ്പ് പറയുന്ന ന്യായം. ഇടയ്ക്കു സിഗ്നൽ നഷ്ടപ്പെട്ടിരുന്നുവെന്നും സിഗ്നൽ വൈകിയെന്നും പറയുന്നുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങാൻ പാകത്തിന് ആനയുള്ളപ്പോൾ വേണ്ട ജാഗ്രത വനം വകുപ്പു കാണിച്ചിരുന്നോ എന്നു വിശദമായ അന്വേഷണം ആവശ്യമാണ്. ഒരു കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാമാണ് കാട്ടാന തകർത്തു തരിപ്പണമാക്കിയത്. ഒരു നാടിന്റെ മുഴുവൻ സ്വസ്ഥതയാണ് ഇനിയും ആനകളിറങ്ങുമോ എന്ന ഭീതിയിൽ ഇല്ലാതായിരിക്കുന്നത്. അവരുടെയെല്ലാം ആശങ്ക അകറ്റാനുള്ള നടപടികൾ ഒട്ടും വൈകിക്കൂടാ. ഞങ്ങളെക്കൊണ്ട് ഒന്നും കഴിയില്ല എന്നാണ് വനം വകുപ്പ് പറയുന്നതെങ്കിൽ അങ്ങനെയൊരു വകുപ്പ് ജനങ്ങളുടെ ചെലവിൽ നടത്തിക്കൊണ്ടുപോകുന്നത് അർഥശൂന്യമായി തീരും.
വയനാട്ടിൽ 11 ദിവസത്തിനിടെ രണ്ടുപേരെയാണു കാട്ടാന ചവിട്ടിക്കൊന്നത്. ജനുവരി 31ന് തോൽപ്പെട്ടിക്കു സമീപം ലക്ഷ്മണൻ എന്നയാളെ ആന കൊന്നിരുന്നു. തോട്ടം കാവൽക്കാരനായിരുന്നു ലക്ഷ്മണൻ. കാണാതായി രണ്ടു ദിവസത്തിനു ശേഷം തോട്ടത്തിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ വെങ്കട ദാസിനെ കടുവ ആക്രമിക്കുകയുണ്ടായി. നേരത്തേ പുൽപ്പള്ളി സുരഭിക്കവലയിൽ ആടിനെ കൊന്നുതിന്ന കടുവയെ വ്യാഴാഴ്ച രാത്രി സമീപപ്രദേശങ്ങളിൽ വീണ്ടും കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റതടക്കം സംഭവങ്ങൾ വയനാട്ടിൽ സമീപദിവസങ്ങളിലുണ്ടായി. തിരുനെല്ലിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ അതിന്റെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റത് അടുത്തിടെയാണ്. സംസ്ഥാനത്ത് വനത്തോടു ചേർന്നുള്ള പല ജനവാസ കേന്ദ്രങ്ങളിലും ഇപ്പോൾ വന്യമൃഗങ്ങൾ ധാരാളമായി ഇറങ്ങുന്നുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് അവ നാട്ടിലിറങ്ങാൻ കാരണമാവുന്നുണ്ടെന്നു കർഷകർ പറയുന്നു. ജനങ്ങളുടെ കൂടി സഹകരണത്തോടെ വിവിധ വകുപ്പുകൾ ഒരുമിച്ചു നിന്നുള്ള പ്രവർത്തനങ്ങൾ വന്യമൃഗങ്ങൾ നാട്ടിലേക്കു കടക്കുന്നതു തടയാൻ ആവശ്യമാണ്.