പ്രതീകാത്മക ചിത്രം

 
Image by Freepik
Editorial

ഉന്നത വിദ്യാഭ്യാസത്തിൽ വിവാദങ്ങളല്ല വേണ്ടത്

നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ചു സ്വാശ്രയ- സ്വകാര്യ സ്ഥാപനങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയായിട്ടുണ്ട്.

Reena Varghese

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടു വർഷങ്ങൾ പലതായി. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ആഗോള നിലവാരമില്ല എന്ന പരാതി പരിഹരിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്തും പറഞ്ഞു കേട്ടിരുന്നതാണ്. നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചതും വിദേശ സർവകലാശാലകൾക്കും സ്വകാര്യ സർവകലാശാലകൾക്കുമൊക്കെ അവസരം നൽകുമെന്നു പ്രഖ്യാപിച്ചതുമൊക്കെ ഇതിന്‍റെ ഭാഗമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനു പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അർഹതയുള്ള കോളെജുകൾക്ക് അക്കാദമിക് സ്വയംഭരണാവകാശം നൽകുക എന്ന തീരുമാനവും ഉണ്ടായത്. കോളെജുകൾ സ്വയംഭര‍ണ സ്ഥാപനങ്ങളായി മാറുകയും അതുവഴി അവയുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം തന്നെ വിഭാവനം ചെയ്യുന്നത്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ മികവ് വളർത്തുന്നതിനും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നത് ഉപകാരപ്പെടുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിലുള്ളത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഉന്നത വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റങ്ങൾ ആവശ്യമാണ് എന്നതിൽ തർക്കമൊന്നുമില്ല. ഇവിടെ നിന്നു വലിയ തോതിൽ കുട്ടികൾ വിദേശത്തു പഠിക്കാൻ പോവുകയാണിപ്പോൾ. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ചു സ്വാശ്രയ- സ്വകാര്യ സ്ഥാപനങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയായിട്ടുണ്ട്. ചില പരമ്പരാഗത കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികളെ കിട്ടാനില്ല. കാലത്തിനൊത്ത പുതിയ കോഴ്‌സുകള്‍ വിദ്യാർഥികളുടെ താത്പര്യത്തിനനുസരിച്ചു പഠിക്കാനുള്ള അവസരം ഇവിടെ ഉണ്ടാവേണ്ടതുണ്ട്. അതിന് എന്തൊക്കെ ചെയ്യാനുണ്ട് എന്ന ചർച്ചകൾക്കു കൂടുതൽ ഗൗരവം ആവശ്യമാണ്.

എന്തായാലും അക്കാദമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗം എന്ന നിലയിലാണ് സംസ്ഥാനത്തെ സ്വയംഭരണ കോളെജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഇളവുകൾ പ്രഖ്യാപിച്ചത്. സ്വാശ്രയ സ്വയംഭരണ കോളെജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ എയ്ഡഡ് സ്വയംഭരണ കോളെജുകളില്‍ സ്വാശ്രയ സ്ട്രീമിനു കീഴില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ സര്‍ക്കാരിന്‍റെ അനുമതി (എന്‍ഒസി) ആവശ്യമില്ലെന്ന് വകുപ്പിന്‍റെ സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം കോളെജുകളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കാനും എന്‍ഒസി ആവശ്യമില്ലത്രേ. സ്വയംഭരണ കോളെജുകള്‍ സ്വാശ്രയ രീതിയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്ന വിവരം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം എന്നതു മാത്രമാണു വ്യവസ്ഥ. അതായത് സ്വാശ്രയ, എയ്ഡഡ് സ്വയംഭരണ കോളെജുകൾക്ക് സ്വാശ്രയ, അൺ എയ്ഡഡ് കോഴ്സുകൾ തുടങ്ങാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുകയാണ്. സർക്കാരിന്‍റെ മുൻകൂർ അനുമതിക്കു കാത്തുനിൽക്കാതെ ഉചിതമായ തീരുമാനമെടുക്കാൻ അവർക്കു കഴിയും എന്നതാണ് ഇതിന്‍റെ പോസിറ്റീവ് വശമായി പറയാനാവുക. ഇങ്ങനെ കോഴ്സുകൾ അനുവദിക്കുന്നതുകൊണ്ട് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാവുകയുമില്ല.

അതേസമയം, സര്‍ക്കാര്‍/ എയ്ഡഡ്/ എയ്ഡഡ് സ്വയംഭരണ കോളെജുകളില്‍ എയ്ഡഡ് സ്ട്രീമിനു കീഴില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനോ നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റുകള്‍ സ്ഥിരമായി വർധിപ്പിക്കാനോ സര്‍ക്കാരിന്‍റെ എന്‍ഒസി ഇപ്പോഴും ആവശ്യമാണ്. സ്വാശ്രയ കോളെജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്‍റെ എന്‍ഒസി വേണമെങ്കിലും നിലവില്‍ നടത്തിവരുന്ന കോഴ്‌സുകളുടെ സീറ്റ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്കു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളെജുകള്‍ക്ക് അവരുടെ സ്ഥാപനത്തില്‍ അനുവദിക്കപ്പെട്ട കോഴ്‌സുകളുമായി ബന്ധപ്പെട്ട എന്‍ഒസി നിബന്ധനയിലും ഇളവ് അനുവദിച്ചിരിക്കുകയാണ്. വര്‍ഷാവര്‍ഷം സര്‍ക്കാര്‍ തലത്തില്‍ എന്‍ഒസി പുതുക്കി നല്‍കുന്ന രീതി അവസാനിപ്പിച്ചിരിക്കുന്നു. ഇനി മൂന്നു വര്‍ഷത്തിലൊരിക്കല്‍ എന്‍ഒസി മുന്‍കൂറായി പുതുക്കിയാല്‍ മതി. സ്വാശ്രയ സ്വയംഭരണ കോളെജ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവരുടെ കോളെജുകൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. സ്വയംഭരണമുള്ള 23 സ്വാശ്രയ കോളെജുകളാണു സംസ്ഥാനത്തുള്ളത്. സ്വയംഭരണമുള്ള എയ്ഡഡ് കോളെജുകൾ 37 ആണ്. അങ്ങനെ മൊത്തം 60 കോളെജുകൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

അതേസമയം തന്നെ, സർക്കാരിന്‍റെ ഈ തീരുമാനം വലിയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട് എന്നതു വിസ്മരിക്കാനാവില്ല. സ്വയംഭരണ പദവിയുടെ മറവിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനെജ്‌മെന്‍റുകളുടെ കൊള്ളലാഭത്തിനു വിട്ടുകൊടുക്കാനാണു ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ റെഗുലേറ്ററി സംവിധാനങ്ങളെ പൂർണമായി നോക്കുകുത്തിയാക്കിയും സീറ്റുകൾ തോന്നിയ പോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിനു വഴി തുറന്നുകൊടുക്കലാണ് എന്നത്രേ അദ്ദേഹത്തിന്‍റെ ആക്ഷേപം. സർക്കാർ കോളെജുകളിൽ പല കോഴ്സിനും സീറ്റൊഴിഞ്ഞു കിടക്കുമ്പോഴാണ് സ്വാശ്രയ കോളെജുകളെ ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നതെന്നു പ്രതിപക്ഷം പറയുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമാവുകയും അതുവഴി അനിശ്ചിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കേണ്ടതുണ്ട്. എയ്ഡഡ് കോളെജുകൾക്ക് ഡീംഡ് പദവി നൽകുന്നതുപോലുള്ള കൂടുതൽ തീരുമാനങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വൈകാതെ ഉണ്ടാവുമെന്നു കേൾക്കുന്നുണ്ട്. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവു കൊണ്ടുവരുമെന്നും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം ഒരു തുറന്ന ചർച്ച ഭരണ-പ്രതിപക്ഷ നേതാക്കൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസം വച്ച് രാഷ്ട്രീയം കളിക്കാതിരിക്കുന്നതാണു നല്ലത്.