ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പനോടൊപ്പം

 
Education

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് വിതരണം ചെയ്തു; 45 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവോടെ സ്ഥാപനത്തിൽ തുടർ പഠനം നടത്താൻ കഴിയും

MV Desk

കോഴിക്കോട്: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്‍റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിന്‍റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കേരള മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 2000 ത്തിൽ താഴെ റാങ്കുകളുള്ള 5 എംബിബിഎസ് വിദ്യാർഥികൾക്കും, പഠനത്തിൽ നിശ്ചിത യോഗ്യത ഉള്ളവരും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ 20 ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾക്കും 20 ബിഫാം വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്പു‌കൾ.

സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവോടെ സ്ഥാപനത്തിൽ തുടർ പഠനം നടത്താൻ കഴിയും. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക പരിമിതികൾ ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിയിലെ മികച്ച ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കഴിഞ്ഞ വർഷം 25 വിദ്യാർഥികൾക്കായിരുന്നു സ്കോളർഷിപ്പുകൾ നൽകിയിരുന്നതെന്നും ഈ വർഷം അത് 45പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലാൽ പ്രശാന്ത് എം.എൽ., നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊ. രാമു ദേവി, സിഒഒ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.