ഉന്നത വിദ്യാഭ്യാസ മികവിന് കിഫ്ബിയുടെ പിന്തുണ
വികസനമെന്നാൽ റോഡും പാലവും മാത്രമല്ല. ഭാവി തലമുറയെ വാർത്തെടുക്കുന്നതും ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനം തന്നെയാണ്. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനും കിഫ്ബിയുടെ നിർലോപമായ പിന്തുണ ലഭിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു. കിഫ്ബിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ അതിവേഗതയില്‍ വികസനത്തിന്‍റെ പടവുകള്‍ ഓടിക്കയറാന്‍ സാധിക്കുന്നു എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ പദ്ധതികൾക്കായി കിഫ്ബി അനുവദിച്ചത്. ഇതിൽ 2,000 കോടി രൂപ വിനിയോഗിച്ചത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതിനാണ്. സര്‍വകലാശാലകളിലും കലാലയങ്ങളിലും ആധുനിക കാലത്തിനനുസൃതമായി ഒട്ടനവധി സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചു. എംജി സര്‍വകലാശാലയിലെയും കേരള സര്‍വകലാശാലയിലെയും ലബോറട്ടറി സമുച്ചയങ്ങള്‍ പുതുക്കിപ്പണിഞ്ഞത് ഇതിൽ ഉൾപ്പെടുന്നു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉള്‍ക്കൊള്ളുന്ന അക്കാഡമിക് ബ്ലോക്കുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കുകളും തയാറായി.
കുസാറ്റിലെ സൗകര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് വര്‍ധിപ്പിക്കുന്നതിനായി 250 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്റ്റലുകളും പഠന ഗവേഷണ കേന്ദ്രങ്ങളും പണിയുന്നതിന് 617 കോടി രൂപ അനുവദിച്ചു. കണ്ണൂരിലെ പിണറായിയില്‍ എജ്യുക്കേഷന്‍ ഹബ്ബ് നിര്‍മിക്കാൻ 232 കോടി രൂപയും കിഫ്ബി വഴി ചെലവഴിച്ചു.
തിരുവനന്തപുരത്ത് എൻജിനീയറിങ് സയന്‍സ് ആന്‍ഡ് ചെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് നിര്‍മിക്കാൻ വിളപ്പിശാലയില്‍ 50 ഏക്കര്‍ ഭൂമിയും നിര്‍മാണച്ചെലവിന് 203 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു. കേരളത്തിലെ പത്തോളം സര്‍വകലാശാലകള്‍ക്ക് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്‍റര്‍, സ്റ്റാര്‍ട്ട്അപ്പ് ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്‍റര്‍ എന്നിവയ്ക്കായി കിഫ്ബി 200 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് ലാബുകള്‍ വളരെ അടിയന്തരമായി കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാക്ഷാത്കരിക്കേണ്ട പദ്ധതിയാണ്.
സ്‌കില്‍ ഡവലപ്പ്‌മെന്‍റിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌കില്‍ പാര്‍ക്കുകള്‍ രൂപീകരിക്കാനായി 350 കോടി രൂപയും അനുവദിച്ചു. ഇതിനെല്ലാം പുറമേ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പ്രൊഫഷണല്‍ കോളജ്, പോളി ടെക്‌നിക്, ഐടിഐ എന്നിവയിലെ സ്‌കില്‍ കോഴ്‌സുകള്‍ പരിപോഷിപ്പിക്കുന്നതിനായി 140 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ ഹ്രസ്വകാല കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുമായി 20 കോടി രൂപയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിനു ഗതിവേഗം നൽകുന്ന പ്രവർത്തനങ്ങളാണ് കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കിവരുന്നത്.