ദേവാസുരത്തിലെ ബോഡി ഷെയ്മിങ് കൊണ്ടു മാത്രം നെഗറ്റീവ് ആക്കാൻ ശ്രമിക്കുന്ന കഥാപാത്രമാണ് കൊച്ചിൻ ഹനീഫ അവതരിപ്പിച്ച അച്യുതൻ.
ദേവാസുരത്തിലെ അച്യുതൻ.. പേരു പറഞ്ഞാൽ പെട്ടെന്ന് മനസിലായെന്ന് വരില്ല. കൊച്ചിൻ ഹനീഫയാണ് അച്യുതനായി എത്തുന്നത് സിനിമയിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്ന കാരക്റ്ററൊന്നുമല്ല. പക്ഷേ വരുന്ന സമയത്തൊക്കെ പരമാവധി ബോഡി ഷെയിമുങ്ങും പുച്ഛവും വാരിക്കൂട്ടുന്നുണ്ട്. ഒട്ടും നീതി കിട്ടാതെ പോയൊരു കാരക്റ്റർ. നെടുമുടി വേണു അവതരിപ്പിക്കുന്ന മാമ്പറ്റ അപ്പുക്കുട്ടി നായരും പെൺമക്കളും ഒരു വഴിയും പരവഴിയും ഇല്ലാതെ നാടു മുഴുവൻ ചീത്തപ്പേരുള്ള മംഗലശേരി നീലകണ്ഠന്റെ പത്തായപ്പുരയിൽ അഭയാർഥികളായി കഴിയുന്ന കാലം. നമ്മുടെ നായിക ഭാനുമതിയുടെ ചിരകാല സ്വപ്നമായ അരങ്ങേറ്റം അട്ടിമറിച്ച് അവരെ സ്ലട്ട് ഷെയിം ചെയ്ത് ഭീഷണിപ്പെടുത്തി നാശമാക്കി കളഞ്ഞവനാണ് നീലകണ്ഠൻ. ആ സമയത്താണ് അച്യുതൻ വരുന്നത്. മദ്രാസിൽ പോയി കാശുണ്ടാക്കി നല്ല അന്തസായാണ് തിരിച്ചു വരുന്നത്. നീയാ നാടു വിട്ടു പോയ അച്യുതനല്ലേയെന്നാണ് വാര്യര് ചോദിക്കുന്നത്.. അതെന്ത് നാട് വിട്ട് പോകണത് അത്ര മോശം കാര്യമാണോ.. ഞാൻ കാണുമ്പോ നീ കോലു പോലെ ഇരുന്നതാണല്ലോ ഇപ്പോ അങ്ങ് ചീർത്തല്ലോന്നാണ് അടുത്ത ഡയലോഗ്.. അസൽ ബോഡി ഷെയിമിങ്. പിന്നെ അങ്ങേരേന്ത് കരുതി അച്യുതന്റെ വളർച്ച മുരടിച്ചു പോകുമെന്നോ..അതു പോട്ടെ പ്രായമായ ആളല്ലേ.. സ്വാഭാവികം.
അച്യുതന്റെ കഥ പറയാം.. മദ്രാസിൽ ഒരു ചായക്കടയിൽ ജോലിക്കു നിന്ന് തുടങ്ങി അത്യാവശ്യം നല്ല കാശുള്ള ബിസിനസ്കാരനായാണ് അയാൾ തിരിച്ചു വന്നത്. നാല് ഹോട്ടലും ഒരു ലോഡ്ജും ഒരു ബ്രാൻഡിക്കടയും. ചില്ലറക്കാര്യമാണോ.. യെസ് ഹി ഇസ് ഹാർഡ് വർക്കിങ് ആൻഡ് എ സക്സെസ് ഫുൾ ഓൻട്രിപ്രിനർ. അതു പോട്ടെ.. അതയാളിലെ ബിസിനസ് കഴിവ്. ആ കാശു കൊണ്ട് അയാൾ നഷ്ടപ്പെട്ടു പോയ തറവാടു വീട് തിരിച്ചു വാങ്ങി.. വേറേതെങ്കിലു സിനിമ ആയിരുന്നെങ്കിൽ പുള്ളി ഹീറോ ആകണ്ട മുതലാ.. അതൊക്കെ പോട്ടെ. ഭാനുമതിയുടെ നൃത്തമൊക്കെ എങ്ങനെ പോകുന്നുവെന്നും അച്യുതൻ ചോദിക്കുന്നുണ്ട്. അയാൾക്കതിനോടൊന്നും യാതൊരു പുച്ഛവുമില്ല. ആ വാങ്ങിയ വീട്ടിലേക്ക് അപ്പുമാമനും മക്കളും വന്നും താമസിക്കണമെന്ന് അയാൾ എത്ര മാന്യമായാണ് പറയുന്നത്.. അതയാളുടെ ഔദാര്യമാണെന്ന് വാക്കിലോ പ്രവൃത്തിയിലോ തോന്നാത്ത അത്രയും മാന്യൻ. എന്നിട്ടും കലാ ഹൃദയമുള്ള നമ്മുടെ നായികയുടെ മുഖം തെളിഞ്ഞില്ല. പക്ഷേ ആ വീട്ടിൽ പോയി താമസിക്കുന്നുണ്ട്..അപ്പോഴും അച്ഛൻ അയാളുടെ കൃഷിയുടെ കണക്കു നോക്കുന്നതിൽ മക്കൾക്ക് വലിയ താത്പര്യമില്ല. എന്തോ അവർക്ക് മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവരെ ഇഷ്ടമല്ലെന്ന് തോന്നുന്നു. അവസാനം കല്യാണം ആലോചിച്ചപ്പോൾ ഭാനുമതി റിജക്റ്റ് ചെയ്തു. അവർക്കിഷ്ടം അവരുടെ സ്വപ്നങ്ങൾ നശിപ്പിച്ച, സ്ലട്ട് ഷെയിം ചെയ്ത, പെണ്ണ് പിടിച്ചും കള്ളു കുടിച്ചും നടക്കുന്ന ഫ്യൂഡൽ തെമ്മാടിയെയാണല്ലോ..കലിപ്പൻ ലവർ. അതു പോട്ടെ അതൊക്കെ വ്യക്തിപരമായ താത്പര്യം. അപ്പോഴും ഭാനുവിന് ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കേണ്ടെന്ന് അച്യുതൻ ക്ലിയർ ആയി പറയുന്നുണ്ട്. എന്നിട്ടും അയാൾക്ക് ആ സിനിമയിൽ ഒരു വിലയുമില്ല. അവസാനം ഭാനുവിന്റെ അനുജത്തി ശാരദയെ കല്യാണം കഴിച്ചു. നിനക്കിഷ്ടമില്ലാതെ ഈ കല്യാണം നടത്തിയോ എന്നാണ് ഭാനുമതി ശാരദയോട് ചോദിക്കുന്നത്. അതെന്ത് ചോദ്യമാ.. ശാരദയ്ക്ക് അയാളെ ഇഷ്ടപ്പെടാതിരിക്കാൻ അയാൾക്ക് എന്തു കുറവാണുള്ളത്. അയാളൊരു യോഗ്യനാണ്. നീലകണ്ഠനേക്കാൾ യോഗ്യൻ.. എന്നിട്ടും വരുന്ന ആദ്യ സീൻ മുതൽ കിട്ടിയത് പുച്ഛവും ഒരു മാതിരി മുതലെടുക്കാൻ വന്നുവെന്ന മട്ടിലുള്ള വില്ലൻ ഛായയും.. അതാ പറഞ്ഞത് അച്യുതന് ദേവാസുരത്തിൽ നീതി കിട്ടിയിട്ടേയില്ലെന്ന്.