കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ - സ്വപ്നക്കൂട്
പോണ്ടിച്ചേരിയിൽ പഠിക്കാനെത്തുന്ന മൂന്നു സുന്ദരന്മാരായ യുവാക്കളിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം. കൂട്ടത്തിൽ കൂടുതൽ സുന്ദരന്മാരായ പൃഥ്വിരാജിന്‍റെ കുഞ്ഞൂഞ്ഞ് ഒരു കോഴി, കുഞ്ചാക്കോ ബോബന്‍റെ ദീപുവോ വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത അമിത വിനയമുള്ള മാന്യൻ. അതിന്‍റെ രണ്ടിന്‍റേം ഇടയ്ക്കാണ് നമ്മുടെ അഷ്ടമൂർത്തി വരുന്നത്. പക്ഷേ ഈ രണ്ടു കൂട്ടുകാരന്മാരും കൂടി ഒരാളും സഹിക്കാത്ത ചതിയാണ് ആ പാവത്തിനോട് ചെയ്തത്.
വിശദമായി പറയാം.ഹോംസ്റ്റേയിൽ താമസിക്കാൻ വരുന്ന മൂന്നു പേർക്കും മീര ജാസ്മിന്‍റെ കമലയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം കമല യങ്ങ് ആണ് ബ്യൂട്ടിഫുൾ ആണ് ഹാർഡ് വർക്കിങ് ആണ്. ഈ സ്നേഹം പ്രകടിപ്പിക്കാൻ ഈ മൂന്നു പേരും തെരഞ്ഞെടുത്ത ചില വഴികൾ എന്താണെന്നു നോക്കാം. കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും ഇളക്കമുള്ള കുഞ്ഞൂഞ്ഞ് മീരയെ തക്കം നോക്കി കേറിപ്പിടിക്കുന്നു... പക്ഷേ സംവിധായകന് അതു റൊമാൻസ് ആയിട്ടാ തോന്നുന്നത്..
ഇനി ദീപുവിന്‍റെ കാര്യം നോക്കാം. കമലയെ ഏറ്റവും ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ദീപുവാണ്. അവര് തമ്മിൽ അതിമനോഹരമായൊരു സൗഹൃദവും എന്തും പറയാനുള്ള അടുപ്പവുമുണ്ട്. സിനിമയിൽ കമല കംഫോർട്ടബിൾ ആയി സംസാരിക്കുന്നതു പോലും ദീപുവിനോട് മാത്രമാണ്. പക്ഷേ ആ പൊട്ടന് വാ തൊറന്ന് മിണ്ടാനുള്ള ധൈര്യമില്ലാണ്ടായി പോയി. ഇഷ്ടമാണെങ്കിൽ ആണെന്ന് പറയണം. അതിനുള്ള ചങ്കൂറ്റം കാണിക്കണം..വല്ലാത്ത നിർഗുണൻ
ഇനി അഷ്ടമൂർത്തിയുടെ കാര്യം.. അയാൾക്ക് കമലയോട് താത്പര്യമുണ്ട്. ആ താത്പര്യം പ്രകടിപ്പിക്കാൻ വേണ്ടി ക്ലാസ് പോലും നഷ്ടപ്പെടുത്തി കൂട്ടുകാരോടും നട്ടാൽ കിളിർക്കാത്ത നുണയും പറഞ്ഞ് ഓട്ടോയും വിളിച്ച് കമലയ്ക്ക് അടുത്ത് എത്തുന്നുമുണ്ട്. അതാണ് എഫേർട്. ഒരു റിലേഷൻഷിപ്പിന്‍റെ അടിത്തറാന്ന് പറയുന്നത് എഫേർട് ആണല്ലോ. അയാൾ അവളെ പാചകം ചെയ്യാൻ സഹായിക്കുന്നു. വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് പാചകം അറിഞ്ഞിരിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ക്ലിയറായിട്ട് പറയുന്നു. അവൾക്കു വേണ്ടി സെർവ് ചെയ്യാൻ വരെ തയാറാകുന്നു. ദി അൾട്ടിമേറ്റ് ഗ്രീൻ ഫ്ലാഗ്.
പക്ഷേ ദുരന്തന്മാരായ അയാളുടെ കൂട്ടുകാർ രണ്ടും കൂടി അയാളെ ചതിച്ചു. അയാളെ ട്രാപ് ചെയ്ത് കമലയെക്കൊണ്ട് രാഖി കെട്ടിപ്പിക്കുന്നു. അതെന്ത് അയാൾക്ക് കമലയെ സ്നേഹിച്ചൂടെ. അതെന്ത് പരിപാടിയാണ്. കുറച്ചു കൂടി ദിവസങ്ങൾ അങ്ങനെയൊക്കെ പോയെങ്കിൽ ആ വഷളൻ കുഞ്ഞൂഞ്ഞിനെപ്രേമിക്കുന്നേന് പകരം കമല അഷ്ടമൂർത്തിയെ പ്രേമിച്ചേനെ. പക്ഷേ സമ്മയ്ച്ചില്ല. എന്തായാലും രാഖി കെട്ടിയതു കൊണ്ട് കമലയ്ക്ക് തന്നോട് അത്ര താത്പര്യമൊന്നുമില്ലെന്ന് അഷ്ടമൂർത്തിക്ക് മനസിലാകും. അതോണ്ട് തന്നെ അയാൾ ആ രാഖിക്ക് വില കൊടുക്കുന്നുമുണ്ട്. ഇത്രയും ഗ്രീൻഫ്ലാഗ് ആയിട്ടുള്ള അഷ്ടമൂർത്തിയെ നഷ്ടപ്പെടുത്തിയിട്ട് ലോകം മുഴുവൻ ഓടി നടന്ന് പ്രേമിക്കുന്ന കുഞ്ഞൂഞ്ഞിനോട് കമലയ്ക്ക് പ്രേമം. വല്ലാത്ത കഷ്ടം തന്നെ.