കെനീഷ, രവി മോഹൻ, ആരതി
ഇടവേളയ്ക്ക് ശേഷം വീണ്ടും നടൻ രവി മോഹനെതിരെ മുൻ ഭാര്യ ആരതി രവി രംഗത്ത്. നടന്‍റെ പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്റ് ആണ് ആരതി സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്. എന്‍റെ ജീവിതത്തിൽ വന്ന ഒരുവൻ കാണിച്ച അഭിനയം സൂര്യ, അജിത്ത്, കമൽ, വിക്രം എന്നിവരെയെല്ലാം വെല്ലുന്നതാണ്. ഓസ്കർ അവാർഡ് കൊടുക്കാം എന്നാണ് ആരതി കുറിച്ചിരിക്കുന്നത്.
രവി മോഹനും ഗായികയായ കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുക വലിക്കുന്ന പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു തൊട്ടു പിന്നാലെയാണ് ആരതിയുടെ പ്രതികരണം. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ കടുത്ത സൈബർ ആക്രമണത്തിനു പിന്നാലെ താൻ പ്രണയത്തിൽ നിന്ന് പിമാറുകയാണെന്ന് കെനീഷ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രവി മോഹൻ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്.
താൻ മരിച്ചു പോകണമെന്നാണ് തന്‍റെ മുൻ ഭാര്യക്കും അവളുടെ മാതാപിതാക്കൾക്കും ആവശ്യമെന്നും താരം ആരോപിച്ചിരുന്നു. 2009ലാണ് നിർമാതാവ് സുജാതാ വിജയകുമാറിന്‍റെ മകൾ ആരതി രവിയെ രവി മോഹൻ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. 15 വർഷം നീണ്ടു നിന്ന വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് 2024 സെപ്റ്റംബറിലാണ് താരം വെളിപ്പെടുത്തിയത്.