ഫാരിയ അബ്ദുള്ള
ഹിന്ദു ആഘോഷത്തിൽ പങ്കെടുത്തതിന് സോഷ്യൽ മീഡിയയിൽ തനിക്കുനേരെയുണ്ടായ രൂക്ഷമായ സൈബർ ആക്രമണത്തിൽ പൊട്ടിക്കരഞ്ഞ് നടി ഫാരിയ അബ്ദുള്ള. തെലുങ്കു നടിയായ ഫാരിയ കഴിഞ്ഞ ദിവസം ബൊനാലു ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടിക്കെതിരേ സൈബർ ആക്രമണം രൂക്ഷമായത്. ഇതിൽ പ്രതികരിച്ചുകൊണ്ട് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് പൊട്ടിക്കരഞ്ഞത്.
ഓഗസ്റ്റ് പത്തിനാണ് മിരളംമന്ദിയിലെ ശ്രീ മഹാൻകലേശ്വര അമ്മവരി അമ്പലത്തിലെ ബൊനാലു ആഘോഷത്തിൽ താരം പങ്കെടുത്തത്. പരമ്പരാഗത വേഷം ധരിച്ച് തലയിൽ കുടവുമായി ചടങ്ങിന്‍റെ ഭാഗമായ നടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇസ്ലാം മത വിശ്വാസിയായ ഒരാൾ ഹിന്ദു ആചാരങ്ങളുടെ ഭാഗമായതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ നടിയെ കാഫിറെന്ന് വിളിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇതിനോടാണ് നടി പ്രതികരിച്ചത്.
'എന്‍റെ അച്ഛൻ കൺവെർട്ടഡ് മുസ്ലീം ആണ്. എന്താണ് അതെന്ന് നിങ്ങൾക്ക് മനസിലായോ? ഇസ്ലാം മതം ഇഷ്ടപ്പെട്ട് എന്‍റെ അച്ഛൻ മതം മാറുകയായിരുന്നു. മതത്തിന്‍റെ എല്ലാ നല്ല കാര്യങ്ങളും പറഞ്ഞു തന്നുകൊണ്ടാണ് എന്നെ വളർത്തിയത്. അവർ ഇഷ്ടപ്പെടുന്ന മതം ഞാൻ അംഗീകരിക്കണമെന്ന് അവർ ആഗ്രഹിച്ചു. ഞാൻ എപ്പോഴും ഇസ്ലാമിന്‍റെ നല്ല കാര്യങ്ങളാണ് കണ്ടിട്ടുള്ളത്. ആരൊക്കെ എന്നെ വെറുക്കുന്നുണ്ടെങ്കിലും ഞാൻ തെറ്റായ പാതയിലൂടെ പോവുകയാണെന്നും ഞാൻ കാഫിറാണെന്നുമെല്ലാം പറയുന്നവർക്കെല്ലാം നല്ലതുവരാൻ ഞാൻ ആഗ്രഹിക്കുന്നു. '- നടി കൂട്ടിച്ചേർത്തു. ബൊനാലു ആഘോഷത്തിൽ താൻ ഇതുവരെ പങ്കെടുത്തിരുന്നില്ലെന്നും താൻ ജനിച്ചുവളർന്ന കൾച്ചറിന്‍റെ ഭാഗമായതിനാലാണ് ആഘോഷത്തിൽ പങ്കുചേർന്നതെന്നും നടി പറയുന്നു.