നടൻ നന്ദു
മലയാള സിനിമയിലെ പ്രമുഖരെല്ലാം നിറഞ്ഞാടിയ ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്വന്‍റി 20. താരസംഘടനയായ അമ്മയ്ക്കു വേണ്ടി നടൻ ദിലീപാണ് ചിത്രം നിർമിച്ചത്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം ചെറുതും വലുതുമായ നിരവധിയോളം നടൻമാർ സിനിമയുടെ ഭാഗമായിരുന്നു.
ഇപ്പോഴിതാ നടൻ നന്ദു ട്വന്‍റി 20 എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. താൻ ട്വന്‍റി 20 എന്ന ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും ഇനിയും കാണില്ലെന്നുമാണ് നന്ദുവിന്‍റെ പ്രതികരണം. ഒരു സ്വാകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നന്ദുവിന്‍റെ പ്രതികരണം.
"ട്വന്‍റി 20 എന്ന സിനിമ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, ഇനി ഒരിക്കലും കാണുകയുമില്ല. എനിക്ക് വളരെ വിഷമമുണ്ടാക്കിയ ഒരു ചിത്രമാണത്. ആ സിനിമയിലെ പ്രമുഖരോടെല്ലാം ഞാൻ റോൾ ചോദിച്ച് നടന്നതാണ്. വലിയ റോളൊന്നും വേണ്ട. വെറുതെ ഞാൻ ആ സൈഡിൽ നിന്നോളാണെന്ന് പറഞ്ഞതാണ്. ജോഷിയോടും ദിലീപിനോടും സുരേഷ് ഗോപിയോടുമെല്ലാം ഞാൻ പിന്നാലെ നടന്ന് ചോദിച്ചതാണ്.
അവരാരും എനിക്കൊരു ചെറിയ റോൾ പോലും തന്നില്ല. അമ്മയിലെ ആദ്യകാല അംഗമെന്ന നിലയിലെങ്കിലും അവർ എന്നെ പരിഗണിച്ചിട്ടില്ല. അന്നെനിക്ക് വലിയ വിഷമം തോന്നി. അതുകൊണ്ട് തന്നെ ഒരിക്കലും ഞാൻ ആ സിനിമ കാണില്ല. അതുപോലെ പല ചിത്രങ്ങളുമുണ്ട്. നമുക്ക് പറ്റിയ റോളില്ലെന്ന് പറഞ്ഞ് മടക്കി വിട്ട സിനിമകൾ. സിനിമ ഇറങ്ങുമ്പോൾ നമുക്ക് പറ്റിയ റോൾ ഉണ്ടായിരുന്നു താനും. അപ്പോൾ നമ്മളെ അവർ മനപ്പൂർവം ഒഴിവാക്കുന്നതല്ലേ. അപ്പോൾ ഭയങ്കര വിഷമം തോന്നും', നന്ദു പറഞ്ഞു.