മധു ബാല
യോദ്ധയിലൂടെ മലയാളികളുടെ മനസിലേക്ക് ഇടിച്ചു കയറിയ നടിയാണ് മധു ബാല. ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അടിപിടിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മധു ബാല. യശ്വന്ത് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ ഒപ്പമഭിനയിച്ചിരുന്ന നാനാ പടേക്കർ തന്‍റെ കരണത്തടിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായ അഭിനയമായിരുന്നു നാനാ പടേക്കറുടെ മുഖമുദ്ര. ഒപ്പമഭിനയിക്കുന്നവരും അതേ രീതിയിൽ തന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ചിത്രത്തിൽ നാനാ പടേക്കറിന്‍റെ കഥാപാത്രം നായികയുടെ മുഖത്തടിക്കുന്നതും നായിക കരയുന്നതുമായ ഒരു സീൻ ഉണ്ടായിരുന്നു. എന്നാൽ ആ സീനിൽ ഗ്ലിസറിൻ ഉപയോഗിക്കാൻ തന്നെ നാനാ പടേക്കർ അനുവദിച്ചില്ലെന്നാണ് മധു ബാല പറയുന്നത്. ഗ്ലിസറിൻ ഉപയോഗിക്കാതെ കരയാൻ തനിക്ക് സാധിച്ചിരുന്നില്ല.
ഒടുവിൽ ഷോട്ടിന്‍റെ സമയത്ത് അദ്ദേഹം ശരിക്കും കരണത്ത് ആഞ്ഞടിച്ചു. നല്ല വേദനയെടുത്തത് കൊണ്ട് സ്വാഭാവികമായി തന്നെ കണ്ണ് നിറയുകയും ചെയ്തു. പക്ഷേ അടി അപ്രതീക്ഷിതമായതിനാൽ തനിക്കു ദേഷ്യം വന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചുവെന്നുമാണ് മധു ബാല പറയുന്നത്.
എങ്കിലും അത് സിനിമയിലെ മനോഹരമായ സീൻ ആയി മാറിയെന്നും നടി ഓർത്തെടുക്കുന്നു. 1997ൽ പുറത്തിറങ്ങിയ യശ്വന്ത് അന്ന് സൂപ്പർഹിറ്റായിരുന്നു.