യദു കൃഷ്ണനും അച്ഛനും

 
Entertainment

"ഒഴിമുറി കണ്ടപ്പോൾ മനസിലായി ഞാൻ അച്ഛനെപ്പോലെയാണെന്ന്, ഇനി അച്ഛൻ എന്നിലൂടെ ജീവിക്കും": കുറിപ്പുമായി യദു കൃഷ്ണൻ

അമ്മ വിട പറഞ്ഞ് ഒരു വർഷം തികയും മുൻപാണ് അച്ഛനും പോയത് എന്നാണ് യദു കുറിക്കുന്നത്

Manju Soman

അച്ഛന്‍റെ വിയോഗ വാർത്ത പങ്കുവച്ച് സീരിയൽ താരം യദു കൃഷ്ണൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം അച്ഛന്‍റെ മരണവാർത്ത അറിയിച്ചത്. അമ്മ വിട പറഞ്ഞ് ഒരു വർഷം തികയും മുൻപാണ് അച്ഛനും പോയത് എന്നാണ് യദു കുറിക്കുന്നത്. കുറച്ചു നാളായി കിടപ്പിലായിരുന്നെങ്കിലും പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛനുണ്ടായിരുന്നില്ല എന്നാണ് യദു കൃഷ്ണൻ കുറിച്ചത്.

അമ്മയോടൊപ്പം അച്ഛനും ചേർന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നുവെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല.അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുൻപേ ഞാൻ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈ കഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ. നിമിഷ നേരത്തിനുള്ളിൽ അച്ഛൻ പോയി.സുഖമരണം. അച്ഛൻ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും.

ഒഴിമുറി എന്ന സിനിമ കണ്ടതിൽപ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ, രുചികൾ, പെരുമാറ്റം, സ്നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛൻ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. ആത്മ ശാന്തി അച്ഛാ. - യദു കൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രവും യദു പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.