ഇതാണോ മര്യാദ?, പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു തള്ളി നടി റോജ, വിഡിയോ വൈറൽ
തന്നെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി നടിയും വൈഎസ്ഐആർ കോൺഗ്രസ് നേതാവുമായ റോജ സെൽവമണി. ആന്ധ്രപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെയാണ് നടി പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മുൻ ആന്ധ്രപ്രദേശ് മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമാണ് റോജ. വണ്ടിയിൽ വന്നിറങ്ങിയ റോജയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. എന്നാൽ ഇയാളുടെ നെഞ്ചിൽ പിടിച്ച് തള്ളി റോജ മുന്നോട്ടുപോകുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ പുറത്തുവന്നതിനെതിരേ റോജയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ എന്നല്ല ആരുടെ ശരീരത്തിലും കൈവയ്ക്കാൻ റോജയ്ക്ക് അവകാശമില്ലെന്നാണ് പലരും കുറിക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്. മുനിസിപ്പാലിറ്റിയിലേക്ക് വന്ന റോജയെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. ഇതാണ് റോജയും പൊലീസുമായുള്ള തർക്കത്തിന് കാരണമായത്. വണ്ടിയിൽ നിന്ന് ഇറങ്ങി പൊലീസിനെ തള്ളിമാറ്റി കാൽനടയായി നടി മുന്നോട്ടുപോയി. തുടർന്ന് ഒരു പ്രവർത്തകന്‍റെ ബൈക്കിന്‍റെ പിന്നിൽ കയറിയായി യാത്ര. എന്നാൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതാണ് റോജയെ പ്രകോപിപ്പിച്ചത്.