വിജയ്

 
Entertainment

വിജയ് ചിത്രമായ 'ജനനായകൻ' അഡ്വാൻസ് ബുക്കിങ് തുടങ്ങി; ടിക്കറ്റ് നിരക്ക് 2,500 രൂപ വരെ

വിജയ്‌യുടെ അവസാന സിനിമ ബിഗ് സ്‌ക്രീനിൽ തന്നെ ആദ്യ ദിവസം കാണണമെന്ന ആഗ്രഹമാണ് ഈ വൻ ഡിമാൻഡിന് കാരണമെന്നാണ് വിലയിരുത്തൽ

Sarath Nath MS

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ അവസാന സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്‍റെ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതോടെ ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്ന ആദ്യ ദിനത്തിലെ പ്രീമിയർ ഷോകളുടെ ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ചില തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് 2,500 രൂപ വരെ ഉയർന്നുവെന്നാണ് വിവരം.

ജൂലൈ 23‌നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയുള്ള അവസാന ചിത്രമായതിനാൽ റിലീസിന് മുൻപു തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ രാവിലെ ആറിന് നടക്കുന്ന ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ തന്നെ സോൾഡ് ഔട്ടായെന്നാണ് റിപ്പോർട്ട്.

ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും ചർച്ചയാകുന്നുണ്ട്. ചില പ്രീമിയം സ്ക്രീനുകളിൽ ഒരു ടിക്കറ്റിന് 2,500 രൂപ വരെ ഈടാക്കുന്നുണ്ടെങ്കിലും ആരാധകർ ബുക്കിങ്ങിന് മടിക്കുന്നില്ല. വിജയ്‌യുടെ അവസാന സിനിമ ബിഗ് സ്‌ക്രീനിൽ തന്നെ ആദ്യ ദിവസം കാണണമെന്ന ആഗ്രഹമാണ് ഈ വൻ ഡിമാൻഡിന് കാരണമെന്നാണ് വിലയിരുത്തൽ.

തമിഴ്നാട്ടിൽ അഡ്വാൻസ് ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും കർണാടകയിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശ വിപണികളിലും ചിത്രത്തിന്‍റെ ടിക്കറ്റ് വിൽപന ശക്തമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയിലറും ഗാനങ്ങളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിനും സമാനമായ ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന അധ്യായമെന്ന നിലയിൽ 'ജനനായകൻ' ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും ആരാധകരും.

യുക്രെയ്നിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

സർക്കാരിലും യുഡിഎഫിലും വിശ്വാസം, അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രിയെ കണ്ട് കെഎസ്‌യു

തൃശൂരിൽ നേരിയ ഭൂചലനം; വീടിന് കേടുപാട്

പവര്‍കട്ട് അര മണിക്കൂറല്ലേ ഉള്ളൂ, കാത്തിരിക്കാമായിരുന്നല്ലോ! മൊബൈല്‍ വെട്ടത്തിൽ മുറിവ് തുന്നിക്കെട്ടിയതിൽ ആരോഗ്യമന്ത്രി

ചോദ്യപേപ്പര്‍ മാറിയ സംഭവം; ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിഎസ്‌സി