പൃഥ്വിരാജ്, കുളപ്പുള്ളി ലീല, ധ്യാൻ

 
Entertainment

"പ‍ൃഥ്വിരാജിന് ആരെയും പേടിയില്ല, ധ്യാൻ കർക്കശക്കാരൻ, ഇവർ അമ്മ നേതൃത്വത്തിൽ വരണം": കുളപ്പുള്ളി ലീല

ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും ലീല

Manju Soman

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് പുരുഷന്മാർ വരണമെന്ന് നടി കുളപ്പുള്ളി ലീല. പൃഥ്വിരാജ് പുതിയ പ്രസിഡന്റായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് ലീല പറഞ്ഞു. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും ലീല പറഞ്ഞു. തനിക്ക് പലതും തുറന്നു പറയാനുണ്ടെന്നും എന്നാൽ അതെല്ലാം മൂടിവച്ചിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു കുളപ്പുള്ളി ലീലയുടെ പ്രതികരണം.

ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്. കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്. - കുളപ്പുള്ളി ലീല പറഞ്ഞു.

എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്. മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും ‘മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ’ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന്‍ പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്"- കുളപ്പുള്ളി ലീല കൂട്ടിച്ചേർത്തു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി