ഓസ്‌ട്രേലിയയിലെ ലാട്രോബ് സർവകലാശാല റാണി മുഖർജിക്ക് ഓണററി ഡോക്റ്ററേറ്റ് സമ്മാനിക്കുന്നു
മെൽബൺ: ഓസ്‌ട്രേലിയയിലെ ലാട്രോബ് സർവകലാശാല ബോളിവുഡ് നടി റാണി മുഖർജിക്ക് ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ബിരുദം സമ്മാനിച്ചു. സർവകലാശാലയുടെ പരമോന്നത ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചലച്ചിത്ര താരമാണ് റാണി മുഖർജി. ഷാരൂഖ് ഖാനാണ് ഇതിന് മുൻപ് ഈ ബഹുമതി ലഭിച്ച ഇന്ത്യൻ സിനിമാ താരം.
2026ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്‍റെ (ഐഎഫ്എഫ്എം) ഭാഗമായി മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ നടന്ന പ്രത്യേക ചടങ്ങിലാണ് റാണി മുഖർജിക്ക് ഓണററി ബിരുദം സമ്മാനിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതവും ആഗോള തലത്തിൽ നേടിയ അംഗീകാരവും പരിഗണിച്ച് ഐഎഫ്എഫ്എമ്മിലും റാണി മുഖർജിയെ പ്രത്യേക പുരസ്‌കാരത്തോടെ ആദരിച്ചു. അഭിനയത്തിലെ മികവിനുള്ള പ്രത്യേക സൈറ്റേഷനാണ് ഫെസ്റ്റിവൽ നൽകിയത്.
സിനിമയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് 2019ൽ ലാട്രോബ് സർവകലാശാല ഷാരൂഖ് ഖാനും ഓണററി ഡോക്റ്ററേറ്റ് നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ പേരിൽ പിഎച്ച്ഡി സ്‌കോളർഷിപ്പും സർവകലാശാല പ്രഖ്യാപിച്ചിരുന്നു.
റാണി മുഖർജിയുടെ സിനിമാ ജീവിതം വിനോദത്തിനപ്പുറം സാമൂഹിക നീതി, സമത്വം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയതായി ലാട്രോബ് സർവകലാശാല വ്യക്തമാക്കി. മാനവിക പ്രവർത്തനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും സർവകലാശാല അംഗീകരിച്ചു.
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സംസ്കാരവും സിനിമയും ആഘോഷിക്കപ്പെടുന്നതിൽ ഒരു ഇന്ത്യക്കാരിയെന്ന നിലയിൽ അഭിമാനത്തോടെ ഈ ബഹുമതി സ്വീകരിക്കുന്നുവെന്ന് റാണി മുഖർജി പറഞ്ഞു. തന്‍റെ സിനിമകൾ ഇന്ത്യയെയും ഇന്ത്യൻ സ്ത്രീകളെയും കൂടുതൽ മനസിലാക്കാൻ പ്രേക്ഷകരെ സഹായിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റാണി വ്യക്തമാക്കി.
‘കുച്ച് കുച്ച് ഹോതാ ഹൈ’, ‘സാഥിയ’, ‘ഹം തും’, ‘ബണ്ടി ഔർ ബബ്ലി’, ‘യുവ’, ‘ബ്ലാക്ക്’, ‘മർദാനി’ ഫ്രാഞ്ചൈസി, ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് റാണി മുഖർജി ശ്രദ്ധേയയായത്.