അനിരുദ്ധ്, കാവ്യ മാരൻ
തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്‍റെ വിവാഹത്തിന് തയാറായി രജനികാന്തും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. ഇരുവരും ഗ്രീസിലേക്ക് പുറപ്പെട്ടു. സൺഗ്രൂപ്പ് സ്ഥാപകൻ കലാനിധി മാരന്‍റെ മകൾ കാവ്യ മാരനാണ് അനിരുദ്ധിന്‍റെ വധു. നവംബർ 10,11 തിയതികളിലായി ഗ്രീസിൽ വച്ച് നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.
നവംബർ 21ന് ചെന്നൈയിൽ വച്ചും വിവാഹ വിരുന്ന് സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രജനികാന്തിന്‍റെ ഭാര്യയുടെ സഹോദരന്‍റെ മകനാണ് അനിരുദ്ധ്. രജനികാന്ത് കുടുംബത്തിനൊപ്പമാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്.
34 വയസുകാരിയായ കാവ്യ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറുമാണ്. അനിരുദ്ധിന്‍റെയും കാവ്യ മാരന്‍റെയും പേരും ഗോസിപ് കോളങ്ങളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.