ജയിലർ 2ലെ മോഹൻലാൽ, ആന്റണി പെരുമ്പാവൂർ
രജനീകാന്ത് ചിത്രം ജയിലർ 2നെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മോഹൻലാലിന്റെ മാത്യുവിനെ കൂടി കാണാനായിരുന്നു. എന്നാൽ പ്രിതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. മോഹൻലാലിന്റെ മാസ് രംഗങ്ങൾ പ്രതീക്ഷിച്ച് ഫസ്റ്റ് ഡേ ടിക്കറ്റെടുത്ത ആരാധകർ കണ്ടത് ഒരു പ്രാധാന്യവുമില്ലാത്ത ചില രംഗങ്ങളാണ്. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുകയാണ്.
'ജയിലർ 2 വിലെ മോഹൻലാലിന്റെ ചില സീനുകൾ കട്ട് ചെയ്തിരുന്നല്ലോ. ഇത് മോഹൻലാലിനെയോ അദ്ദേഹത്തിന്റെ ടീമിനെയോ അറിയിച്ചിരുന്നില്ല എന്ന് ആരോപണമുണ്ട്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്.'- എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനോടാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്. 'അത് നമ്മൾ മലയാളികൾക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ. ആ സന്തോഷമില്ലായ്മ ഞങ്ങൾക്കുമുണ്ട്.'- എന്നാണ് ആന്റണി പറഞ്ഞത്.
ജയിലർ ആദ്യഭാഗത്തിൽ മോഹൻലാലിന്റെ കാമിയോ വേഷം തിയറ്ററിൽ ആവേശമായിരുന്നു. രണ്ടാം ഭാഗത്തിൽ മോഹൻലാലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതോടെ താരത്തിന്റെ മാസ് രംഗങ്ങൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഷൂട്ട് ചെയ്ത രംഗങ്ങൾ ഫൈനൽ എഡിറ്റിൽ പൂർണമായി ഒഴിവാക്കുകയായിരുന്നു. സൂപ്പർതാരത്തിന്റെ രംഗങ്ങൾ എഡിറ്റിങ്ങിൽ നീക്കം ചെയ്യുമ്പോൾ നടനെയോ അദ്ദേഹത്തിന്റെ ടീമിനെയോ അറിയിക്കേണ്ട മര്യാദപോലും അണിയറ പ്രവർത്തകർ കാണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.