നീരുവന്ന് വീർത്ത് അനുമോളുടെ മുഖം; താൻ തല്ലിയതാണെന്ന് ഭർത്താവിന്‍റെ തമാശ, വിഡിയോ
അടുത്തിടെയാണ് നടി അനുമോൾ വിവാഹിതയായത്. അഭിനേതാവായ ഭുവനേഷാണ് അനുമോളുടെ ഭർത്താവ്. വിവാഹ ആഘോഷങ്ങൾക്കു പിന്നാലെ അനുമോൾക്ക് വൻ പണി കിട്ടിയിരിക്കുകയാണ്. പല്ലു വേദനയെ തുടർന്ന് കവിൾ നീരു വന്ന് വീർത്ത നിലയിലാണ്. ഭുവനേഷ് തന്നെയാണ് അനുമോളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സംസാരിക്കാനാവാതെ വീർത്ത കവിളുമായി നിൽക്കുന്ന അനുമോളെയാണ് വിഡിയോയിൽ കാണുന്നത്. ഞാൻ ഓരടി കൊടുത്തതാ, അതുകൊണ്ടാണ് കവിൾ ഇങ്ങനെ വീർത്തിരിക്കുന്നത്.- എന്നായിരുന്നു ഭുവൻ തമാശയായി പറഞ്ഞത്. പിന്നാലെ അനുമോളുടെ കവിൾ വീർത്തതിന്‍റെ കാരണം വ്യക്തമാക്കിക്കൊണ്ട് ഭുവനേഷ് തന്നെ രംഗത്തെത്തി. അനുമോൾക്ക് കഠിനമായ പല്ലുവേദനയാണെന്നും പല്ലെടുക്കാനായി ക്ലിനിക്കിലേക്ക് കൊണ്ടുപോവുകയാണ് എന്നാണ് വിഡിയോയിൽ ഭുവൻ വെളിപ്പെടുത്തിയത്.
വേദന കാരണം മിണ്ടാതിരിക്കുന്ന അനുമോളം കളിയാക്കാനും ഭുവനേഷ് മറന്നില്ല. ഇതുവരെയുള്ള യാത്രയിലെല്ലാം അനു കൺട്രോളില്ലാതെ സംസാരമായിരുന്നെന്നും എന്നാൽ ഇന്ന് ആൾ സൈലന്‍റാണ് എന്നുമാണ് ഭുവൻ പറയുന്നത്. ഇരുവരുടേയും പുതിയ വിഡിയോ വന്നതോടെ നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഏതു പ്രതിസന്ധിയിലും ഒപ്പം നിന്ന് ചിരിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭർത്താവിനെയാണ് അനുമോൾക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കമന്‍റുകൾ. വേദന മാറി വേഗം സുഖം പ്രാപിക്കാൻ അനുവിനാവട്ടെ എന്നും അവർ കുറിക്കുന്നു.