സാറ ടെൻഡുൽക്കർ, രാജ്വീർ ഡിയോൾ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കറും ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ രാജ്വീർ ഡിയോളും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ബോളിവുഡിലെ പുത്തൻ ഗോസിപ്പ്. 29കാരിയായ സാറയുടെ കല്യാണം ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ്. ഇതോടെയാണ് സാറയുടെ പേരിനൊപ്പം രാജ്വീർ ഡിയോളിന്റെ പേര് ഉയർന്നതോടെ പാപ്പരാസികളും അത് ഏറ്റുപിടിച്ചത്. എന്നാൽ ഈ അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സാറയുമായി അടുത്ത വൃത്തങ്ങൾ.
ഇരുവരും തമ്മിൽ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും വിവാഹവാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സാറയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സാറ ഇപ്പോൾ അവിവാഹിതയാണെന്നും സ്വന്തം ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അവർ അറിയിച്ചു.
വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് സാറ നേരിട്ട് പ്രതികരിക്കാൻ സാധ്യതയില്ലെന്നും മാന്യമായും പക്വതയോടെയും ഇത്തരം സാഹചര്യങ്ങളെ സമീപിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ സഹോദരൻ അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തിൽ പങ്കെടുത്ത അനുഭവം സ്വന്തം വിവാഹത്തിനുള്ള ഒരു പരിശീലനമായിരുന്നുവെന്ന് സാറ പറഞ്ഞിരുന്നു. വോഗിന് നൽകിയ അഭിമുഖത്തിൽ, വിവാഹത്തിൽ തനിക്ക് എന്തൊക്കെയാണ് വേണ്ടതെന്നും വേണ്ടാത്തതെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്നും സാറ വ്യക്തമാക്കിയിരുന്നു.
വിവാഹബന്ധങ്ങളെക്കുറിച്ചുള്ള തന്റെ തലമുറയുടെ കാഴ്ചപ്പാടും സാറ പങ്കുവച്ചിരുന്നു. വിവാഹത്തെ ഗൗരവത്തോടെയാണ് ജെൻ സി കാണുന്നതെന്നും എന്നാൽ ബന്ധത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാൽ വിവാഹത്തിന് മുൻപ് തന്നെ അതിൽനിന്ന് പിന്മാറാൻ മടിക്കില്ലെന്നും അവർ പറഞ്ഞു.
സച്ചിൻ ടെൻഡുൽക്കറുടെയും അഞ്ജലിയുടെയും മൂത്ത മകളാണ് സാറ. ബോളിവുഡ് താരം സണ്ണി ഡിയോളിന്റെയും പൂജ ഡിയോളിന്റെയും മകനാണ് രാജ്വീർ ഡിയോൾ.